Content | കത്തോലിക്ക പ്രബോധമനുസരിച്ച് വിശുദ്ധരുടെ കൂട്ടായ്മ എന്ന് പറയുന്നത് തിരുസഭയെ തന്നെയാണ്. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളില്‍ പറഞ്ഞിരിക്കുന്നത് പോലെ സമര സഭ, സഹന സഭ, വിജയ സഭ എന്നീ തിരുസഭയുടെ മൂന്നു തലങ്ങളിലും വിശുദ്ധരുടെ കൂട്ടായ്മ നിലനില്‍ക്കുന്നുണ്ട്. ഭൂമിയില്‍ ജീവിക്കുന്നവരാണ് സമര സഭയിലെ പോരാളികള്‍, ശുദ്ധീകരണ സ്ഥലത്ത് സഹനമനുഭവിക്കുന്നവരാണ് സഹന സഭയിലെ അംഗങ്ങള്‍, ഇതിനോടകം തന്നെ സ്വര്‍ഗ്ഗം പൂകിയവരാണ് വിജയ സഭയിലെ അംഗങ്ങള്‍. ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ബന്ധിപ്പിക്കുന്ന നിഗൂഢ കൂട്ടായ്മയെ 'വിശുദ്ധരുടെ കൂട്ടായ്'മ എന്ന പദം ആദ്യമായി വിശേഷിപ്പിച്ചതായി കാണുന്നത് 335-414 കാലയളവില്‍ ജീവിച്ചിരുന്ന മെത്രാനും, ദൈവശാസ്ത്രജ്ഞനുമായിരുന്ന റോംസിയാനയിലെ വിശുദ്ധ നിസെട്ടാസാണ്.
അന്നുമുതല്‍ ക്രൈസ്തവ സമൂഹത്തിനിടയില്‍ ഈ പദത്തിന് ഒരു പ്രത്യേക പ്രാധാന്യം തന്നെ ഉണ്ട്. ഇഹലോക ജീവിതത്തെ എളിമ കൊണ്ടും ത്യാഗം കൊണ്ടും ക്രിസ്തു പഠിപ്പിച്ച പ്രബോധനങ്ങള്‍ക്ക് അനുസൃതമായി ജീവിച്ച് സ്വര്‍ഗ്ഗത്തെ പുല്‍കിയ സഭാംഗങ്ങളെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുസഭാ പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ വിശുദ്ധരോട് മാധ്യസ്ഥ സഹായം തേടുന്നതും പതിവാണ്. മാധ്യസ്ഥം യാചിച്ചുകൊണ്ടുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ വിശുദ്ധര്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയില്‍ സമര്‍പ്പിക്കുമ്പോള്‍ അത് വലിയ കൃപയും അനുഗ്രഹവുമായി പരിണമിക്കുകയാണ് ചെയ്യുന്നത്. അസാധ്യ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള മാധ്യസ്ഥത്താല്‍ അറിയപ്പെടുന്ന 4 സ്വര്‍ഗ്ഗീയ സഹായകരും അവരോടുള്ള പ്രാര്‍ത്ഥനയുമാണ് നാം ലേഖനത്തില്‍ ധ്യാനിക്കുവാന്‍ പോകുന്നത്.
കാസിയായിലെ വിശുദ്ധ റീത്ത
ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയും, അതോടൊപ്പം ഒരു വീട്ടമ്മയുമായിരുന്നു വിശുദ്ധ റീത്ത. പതിനാലാം നൂറ്റാണ്ടിലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ഇറ്റലിയിലായിരുന്നു അവള്‍ ജീവിച്ചിരുന്നത്. പലവിധ പകര്‍ച്ചവ്യാധികളാലും ജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പ്ലേഗ് രോഗികള്‍ക്കിടയില്‍ സേവനങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും രോഗബാധയേല്‍ക്കാതെയാണ് വിശുദ്ധ പ്ലേഗ് രോഗികള്‍ക്കിടയില്‍ സേവനം ചെയ്തത്. അത്ഭുതകരമായ ഒരു സംരക്ഷണം വിശുദ്ധക്കുണ്ടായിരുന്നുവെന്ന സത്യം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ അനേകര്‍ മനസിലാക്കി. ഇത് വിശുദ്ധ റീത്തയെ അസാധ്യകാര്യങ്ങളുടെ വിശുദ്ധരുടെ ശ്രേണിയിലേക്ക് ഉയര്‍ത്തി.
പ്രാര്‍ത്ഥന : “നിസഹായരുടെ സംരക്ഷകയായ വിശുദ്ധ റീത്തായേ; ദിവ്യനാഥന്റെ മുന്നിലുള്ള നിന്റെ അപേക്ഷകള്‍ അപ്രതിരോധ്യമാണ്. നിന്റെ അപേക്ഷയില്‍ ദൈവം അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയുന്നതിനാലാണ് പ്രതീക്ഷയില്ലാത്തവരുടേയും, അസാധ്യകാര്യങ്ങളുടേയും മാധ്യസ്ഥയായി നീ വിളിക്കപ്പെടുന്നത്; ഏറ്റവും വിനീതയും, വിശുദ്ധിയുള്ളവളും, ക്ഷമയുള്ളവളുമായ വിശുദ്ധ റീത്തായെ ക്രൂശിതനായ ക്രിസ്തുവിലുള്ള നിന്റെ അനുതാപാര്‍ദ്രമായ സ്നേഹത്താല്‍ നീ ചോദിക്കുന്നതെല്ലാം യേശുവില്‍ നിന്നും വാങ്ങിത്തരുവാന്‍ നിനക്ക് കഴിയും. ഞങ്ങളുടെ അപേക്ഷകളെ ദയാപൂര്‍വ്വം പരിഗണിക്കണമേ. നിന്റെ സഹനങ്ങളുടെ പേരില്‍ ദൈവത്തില്‍ നിനക്കുള്ള ശക്തി കാണിച്ചു തരണമേ. നിന്നോടുള്ള ഭക്തിയാലും, നിന്നില്‍ വിശ്വസിക്കുന്നവരെ ഉപേക്ഷിക്കാത്തതിനാലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങള്‍ നീ കാണിച്ചു തന്നിട്ടുണ്ടല്ലോ.
ഞങ്ങളുടെ അപേക്ഷ സാധിച്ചു തന്നാല്‍, നിന്റെ ഭക്തി പ്രചരിപ്പിച്ചുകൊണ്ട് നിന്നെ എക്കാലവും പാടിപ്പുകഴ്ത്തും. നിന്റെ യോഗ്യതകളിലും, ശക്തിയിലും ആശ്രയിച്ചുകൊണ്ട് യേശുവിന്റെ തിരുഹൃദയത്തിന്റെ മുന്‍പാകെ, ഞങ്ങളുടെ ഈ അപേക്ഷ (നിങ്ങളുടെ അപേക്ഷ പറയുക) സാധിച്ചു തരണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ, ഓ വിശുദ്ധ റീത്തായെ, ക്രിസ്തുവിന്റെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരായിരിക്കുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.”
വിശുദ്ധ യൂദാസ് തദ്ദേവൂസ്
സ്വന്തം നാമം കാരണം ചരിത്രത്താളുകളില്‍ വിസ്മരിക്കപ്പെട്ടുപോയ വിശുദ്ധനാണ് വിശുദ്ധ യൂദാസ് തദ്ദേവൂസ്. വിശുദ്ധന്റെ പേരും യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പേരും ഒന്നായതിനാല്‍ ഈ വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നതില്‍ ക്രിസ്ത്യാനികള്‍ മടി കാണിക്കുന്നുണ്ട്. വാസ്തവത്തില്‍ ഇവര്‍ രണ്ടുപേരും രണ്ട് വ്യക്തികളാണ്. പ്രതീക്ഷയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള ശക്തമായ മാധ്യസ്ഥത്താല്‍ അറിയപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ യൂദാസ് തദ്ദേവൂസ്.
പ്രാര്‍ത്ഥന : “യേശുവിന്റെ വിശ്വസ്ത ദാസനും, സുഹൃത്തും, ഏറ്റവും വിശുദ്ധിയുള്ള അപ്പോസ്തോലനുമായ വിശുദ്ധ യൂദാസേ, ബുദ്ധിമുട്ടുള്ള കാര്യങ്ങളുടെ മാധ്യസ്ഥനെന്ന നിലയില്‍ ലോകമെങ്ങുമായി സഭ നിന്നെ ആദരിക്കുകയും നിന്റെ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ, ഞാന്‍ നിസഹായനും എകാകിയുമാണ്. സഹായം ഏറ്റവും ആവശ്യമായ ഈ സാഹചര്യത്തില്‍ ദൈവസഹായം വളരെ പെട്ടെന്ന് എത്തിക്കുവാന്‍ ഇടപെടണമേ. എന്റെ എല്ലാ ആവശ്യങ്ങളിലും, ആകുലതകളിലും, സഹനങ്ങളിലും പ്രത്യേകിച്ച് (നിങ്ങളുടെ ആവശ്യം) ആശ്വാസവും സ്വര്‍ഗ്ഗീയ സഹായവും ലഭിക്കുന്നതിനായി ഈ അത്യാവശ്യ ഘട്ടത്തില്‍ എന്റെ സഹായത്തിനെത്തണമേ. നിനക്കും മറ്റുള്ള വിശുദ്ധര്‍ക്കുമൊപ്പം എന്നേക്കും ദൈവത്തെ ഞാന്‍ പുകഴ്ത്തും. ദൈവത്തില്‍ നിന്നും എനിക്ക് നേടിത്തന്ന ഈ സഹായത്താല്‍ എക്കാലവും നിന്നെ എന്റെ പ്രത്യേക മാധ്യസ്ഥനായി ആദരിക്കുമെന്നും, നിന്നോടുള്ള ഭക്തി പ്രച്ചരിപ്പിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമേന്‍”
വിശുദ്ധ ഫിലോമിന
വിശുദ്ധ ഫിലോമിനയുടെ കഥ തുടങ്ങുന്നത് അവളുടെ തിരുശേഷിപ്പുകളില്‍ നിന്നാണ്. ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധ ഫിലോമിന എന്ന പതിമൂന്ന്‍ കാരിയായ പെണ്‍കുട്ടി നൂറ്റാണ്ടുകളോളം വിസ്മൃതിയിലായിരുന്നു. എന്നാല്‍ അവളെ അടക്കം ചെയ്ത കല്ലറയുടെ അത്ഭുതകരമായ കണ്ടെത്തലും, തിരുശേഷിപ്പുകളിലൂടെ നടന്ന അത്ഭുതങ്ങളുമാണ് അവള്‍ക്ക് സഭാ ചരിത്രത്തില്‍ ഇടം നേടിക്കൊടുത്തത്.
പ്രാര്‍ത്ഥന : “കര്‍ത്താവേ! തന്റെ വിശുദ്ധിയും, നന്മയും കൊണ്ട് നിന്റെ ദൃഷ്ടിയില്‍ എപ്പോഴും യോഗ്യതയുള്ള കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ഫിലോമിനയുടെ മാധ്യസ്ഥത്താല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ഫിലോമിന, പരിശുദ്ധ ത്രിത്വം നിന്നെ ഇരുത്തിയിരിക്കുന്ന മഹോന്നത പീഡത്തിനു മുന്നില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. നിന്റെ സംരക്ഷണയിലുള്ള പൂര്‍ണ്ണ വിശ്വാസത്തോടെ, സ്വര്‍ഗ്ഗീയ കടാക്ഷം എന്നില്‍ പതിക്കുവാന്‍ ദൈവതിരുമുമ്പാകെ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. കര്‍ത്താവിന്റെ മണവാട്ടി, എന്റെ സഹനങ്ങളില്‍ എനിക്ക് താങ്ങാകണമേ. പ്രലോഭനങ്ങളില്‍ നിന്നും, അപകടകരമായ ചുറ്റുപാടുകളില്‍ നിന്നും എന്നെ രക്ഷിക്കണമേ, എനിക്ക് വേണ്ട ദൈവാനുഗ്രഹം പ്രത്യേകിച്ച് (നിങ്ങളുടെ അപേക്ഷ) നേടിതരണമേ, എല്ലാത്തിലും ഉപരിയായി, എന്റെ മരണ നേരത്ത് എന്നെ സഹായിക്കണമേ. ദൈവത്താല്‍ ശക്തിപ്പെട്ടവളെ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമേന്‍.
ദൈവമേ, പരിശുദ്ധ കന്യകാ മറിയം വഴിയും, അങ്ങയുടെ കരസൃഷ്ടിയായ വിശുദ്ധ ഫിലോമിന വഴിയും ഞങ്ങള്‍ക്ക് ചൊരിഞ്ഞ അങ്ങയുടെ അനുഗ്രഹങ്ങല്‍ക്കെല്ലാം ഞങ്ങള്‍ നന്ദി പറയുന്നു. വിശുദ്ധ ഫിലോമിനയുടെ മാധ്യസ്ഥത്താല്‍ അങ്ങയുടെ കരുണ ഞങ്ങളുടെ മേല്‍ ചൊരിയണമേ. ആമേന്‍”
വിശുദ്ധ ഗ്രിഗറി തോമാട്ടുര്‍ഗൂസ്
പാശ്ചാത്യ സഭയില്‍ അധികമൊന്നും അറിയപ്പെടാത്ത വിശുദ്ധ ഗ്രിഗറി, അത്ഭുതപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടുതല്‍ അറിയപ്പെടുന്നത് പൌരസ്ത്യ ദേശങ്ങളിലാണ്. വിശുദ്ധന്റെ മാധ്യസ്ഥത്താല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നതായി പറയപ്പെടുന്നു.
പ്രാര്‍ത്ഥന : “കര്‍ത്താവിന്റെ പുരോഹിതനും കുമ്പസാരകനുമായ വിശുദ്ധ ഗ്രിഗറിയേ, ദൈവ തിരുമുന്‍പാകെ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുവാന്‍ ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. എല്ലാ കുടിലതകളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ട ഞാന്‍ ദൈവത്തെ എല്ലാകാര്യത്തിലും പ്രീതിപ്പെടുത്തുവാനും, ദൈവം തന്റെ ദാസന്‍മാര്‍ക്ക് ചൊരിയുന്ന സമാധാനം എനിക്ക് ലഭിക്കുവാനും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമേന്‍”
|