Content | പാരീസ്: ഫ്രാന്‍സിലെ നാന്‍റെസിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവാലയത്തിലുണ്ടായ തീപിടുത്തം മനപ്പൂര്‍വമായിരുന്നോ എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, യൂറോപ്പിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ അന്താരാഷ്‌ട്ര സംഘടനകള്‍ രംഗത്ത്. യൂറോപ്പിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് 2010 മുതല്‍ ലോകമെമ്പാടുമായി നടന്നിട്ടുള്ള ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ‘എല്‍’ഒബ്സര്‍വേട്ടോയിറെ ഡെ ലാ ക്രിസ്റ്റ്യാനോഫോബി’ എന്ന ഫ്രഞ്ച് സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നത്.
അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ മറച്ചുവെക്കുകയാണെന്ന ആരോപണവും സംഘടന ഉന്നയിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ, തീപിടുത്തം, കൊലപാതകം, അക്രമം, കവര്‍ച്ച, ബോംബാക്രമണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ ആറ് വിഭാഗങ്ങളായിട്ടാണ് സംഘടന തിരിച്ചിരിക്കുന്നത്. ജൂലൈ 18ന് നാന്റെസ് ദേവാലയത്തിലുണ്ടായ തീപിടുത്തത്തിന് ശേഷവും ഫ്രാന്‍സിലെ വിവിധ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ബ്രിട്ടാനിയിലെ ല്ലെ-ഡി-ആര്‍സ് ദേവാലയത്തിലെ ക്രൂശിത രൂപം തകര്‍ക്കപ്പെട്ടതും ഒക്സേരെ ദേവാലയത്തിലെ പെയിന്റിംഗ് നശിപ്പിച്ചതും മോണ്ടോഡിളെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തകര്‍ത്തതും ഇതില്‍ ഉള്‍പ്പെടുന്നു. ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം മാത്രം 996 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി ദിനംപ്രതി 2.7 ആക്രമണങ്ങള്‍. തീപിടുത്തം കണക്കിലെടുക്കാത്തതിനാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലും ഉയരുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ ക്രൈസ്തവര്‍ക്കു നേര്‍ക്കുള്ള ആക്രമണങ്ങളില്‍ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും 2008-2019 കാലയളവിനെ വെച്ചു നോക്കുമ്പോള്‍ 285% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒ.ഐ.ഡി.എ.സി.ഇ)ന്റെ ഡയറക്ടറായ എല്ലെന്‍ ഫാറ്റിനിയും വെളിപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ക്രിസ്ത്യാനികള്‍ നിശബ്ദരായിക്കരുതെന്നാണ് മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ടിരിക്കുന്ന നസറായന്‍.ഓര്‍ഗ് എന്ന ചാരിറ്റി സംഘടനയുടെ സ്ഥാപകനായ ഫാ. ബെനഡിക്ട് കീലി പറയുന്നത്. യൂറോപ്പില്‍ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെയും പുറത്തുവന്നിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |