Content | ആഗസ്റ്റ് 3
വി. ലിഡിയാ ( ഒന്നാം ശതാബ്ദം)
മാസെഡോണിയായിൽ ചായപ്പണിക്കു പ്രസിദ്ധമായ തിയാത്തീരാ എന്ന നഗരത്തിൽ ചായപ്പണി നടത്തി വന്നിരുന്ന ഒരു വനിതയാണ് ലിഡിയ. അവളുടെ തൊഴിൽ പരിഗണിച്ച് ലത്തീനിൽ അവളുടെ പേർ ലിഡിയാ പൂർപൂരാരിയോ എന്നാണ്. വി. പൗലോസു മാസെഡോണിയായിലെത്തിയപ്പോൾ ലിഡിയാ ഫിലിപ്പിയിലുണ്ടായിരുന്നു. അവളാണ് യൂറോപ്പിൽ പൗലോസ് മാനസാന്തരപ്പെടുത്തിയ പ്രഥമവ്യക്തി. അവളും കുടുംബവും ജ്ഞാനസ്നാനം സ്വീകരിച്ചശേഷം ലിഡിയാ വി.പൗലോസിനോടും കൂടെയുണ്ടായിരുന്ന സീലാസിനോടും തീമോത്തിയോടും ഇങ്ങനെ പറഞ്ഞു. “ ഞാൻ കർത്താവിൽ വിശ്വസിക്കുന്നുവെന്ന് നിങ്ങൾക്ക് ബോദ്ധ്യമുള്ളപക്ഷം എന്റെ വീട്ടിൽ വന്ന് വസിക്കുവിൻ.” (നട 16:15)
വിചിന്തനം: ആദിമ ക്രിസ്ത്യാനികളുടെ സ്നേഹം നമ്മളെ ലജ്ജിപ്പിക്കേണ്ടിയിരിക്കുന്നു. അവർക്ക് ശ്ലീഹായുടെ വാക്കുകൾ തീർച്ചയായും സ്വന്തമാക്കാവുന്നതാണ്. "എനിക്ക് ജീവിതം മിശിഹായും മരണം ലാഭവുമാകുന്നു. മരിച്ചു മിശിഹായോടുകൂടെയായിരിക്കാൻ ഞാനാഗ്രഹിക്കുന്നു. അത് വളരെ ശ്രേഷ്ഠവുമാണ്" ( ഫിലി 1: 21-23)
ഇതര വിശുദ്ധർ:
1. വി. പീറ്റർ ജൂലിയൻ എയിമാർഡ് (1811-1868)
വി. കുർബ്ബാനയുടെ ഭക്തി പ്രോത്സാഹിപ്പിക്കാനായി വൈദികരുടെയും, കന്യാസ്ത്രീകളുടേയും ഓരോ സന്യാസ സഭ സ്ഥാപിച്ച പീറ്റർ ജൂലിയൻ എയിമാർഡ് 1811ൽ ഫ്രാൻസിൽ ലാമിറെ എന്ന പ്രദേശത്തു ജനിച്ചു. ഭക്തമായ ഒരു ജീവിതത്തിന്റെ മകുടമെന്നവണ്ണം 23ം മത്തെ വയസ്സിൽ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. കുറേനാൾ ഇടവകകൾ ഭരിച്ചശേഷം അദ്ദേഹം മാരിസ്റ്റ് ഫാദേഴ്സിന്റെ സഭയിൽ ചേർന്നു പ്രസിദ്ധനായ ഒരു പ്രഭാഷകനും അധ്യാത്മിക നിയന്താവുമായി വിരാജിച്ചു.
1856ൽ താൻ ചേർന്നിരുന്ന സഭയിലെ വ്രതങ്ങളിൽനിന്ന് ഒഴിവുവാങ്ങി സ്വന്തമായി ഒരു സന്യാസ സഭ പിറ്റേവർഷം ആരംഭിച്ചു. വി. കുർബ്ബാനയുടെ വൈദികരുടെ സഭ എന്ന് അതിനു പേരിട്ടു. വി. കുർബ്ബാനയുടെ നേർക്കുള്ള ഭക്തി പ്രചരിപ്പിക്കുകയായിരുന്നു ആ സഭയുടെ ലക്ഷ്യം. താമസിയാതെ അതേ ലക്ഷ്യത്തോടുകൂറ്റി സ്ത്രീകൾക്കായി ഒരു സഭകൂടി ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്കെല്ലാം വി. ജോൺ വിയാനിയുടെ പ്രോത്സാഹനം അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധങ്ങളായ ഈ പ്രവർത്തനങ്ങളിൽ ക്ഷീണിതനായി 57ം മത്തെ വയസ്സിൽ ദിവംഗതനായി. 1963ൽ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു.
2. അസ്പ്രെൻ ( അസ്പ്രോനാസ്): നേപ്പിൾസ് ബിഷപ്പ് വി. പത്രോസു നിയമിച്ചത്
3. മറാനയും സൈറയും: സിറിയയിൽ താപസ ജീവിതം സ്വീകരിച്ച രണ്ടു വനിതകൾ.
4. അബിബാസ് (അബീബോ ഒന്നാം ശതാബ്ദം): ഗമലിയേലിന്റെ രണ്ടാമത്തെ മകൻ.
|