Content | മോസ്കോ: കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്കുശേഷം റഷ്യയില്‍ ആദ്യമായി തദ്ദേശീയ മെത്രാനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. കൺവെച്വൽ ഫ്രാൻസിസ്കൻ സഭാംഗമായ ഫാ. നിക്കോളെയ് ഡുബിനിനെയാണ് മോസ്കോയിലെ മദർ ഓഫ് ഗോഡ് അതിരൂപതയുടെ സഹായമെത്രാനായി പാപ്പ നിയമിച്ചത്. ഓർത്തഡോക്സ് ഭൂരിപക്ഷമുള്ള റഷ്യയിലെ കത്തോലിക്ക സഭയുടെ ആത്മീയ, സാമൂഹിക ഉയർത്തെഴുന്നേൽപ്പിന്റെ അടയാളമായാണ് പുതിയ നിയമനത്തെ ഏവരും നോക്കികാണുന്നത്.
കമ്മ്യൂണിസത്തിന്റെ തകർച്ചക്ക് ശേഷം 1993ൽ മോസ്കോയിൽ പ്രവർത്തനമാരംഭിച്ച മേജർ സെമിനാരിയുടെ ആദ്യത്തെ ബാച്ച് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു നിക്കോളെയ് ഡുബിനിൻ. 1995ലാണ് ഡുബിനിൻ കൺവെച്വൽ ഫ്രാൻസിസ്കൻ സഭയിൽ അംഗമാകുന്നത്. ഫാ. ഗ്രിഗോറിയോസ് സിയറോച്ചാണ് ആ കാലയളവിൽ സെമിനാരിയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. 2001ൽ ഫ്രാൻസിസ്കൻ പ്രൊവിൻസിന്റെ കസ്റ്റോഡിയനായി നിയമനം ലഭിച്ച സിയറോച് ഏതാനും വർഷങ്ങൾക്കു ശേഷം വാഹനാപകടത്തിൽ മരണമടഞ്ഞു.
റഷ്യയിൽ ഫ്രാൻസിസ്കൻ പബ്ലിഷിംഗ് ഹൗസ് തുടങ്ങുകയും റഷ്യൻ കാത്തലിക് എൻസൈക്ലോപീഡിയയ്ക്കു പിന്നിൽ പ്രവർത്തിക്കുകയും ചെയ്തത് സിയറോചായിരുന്നു. ഗ്രിഗോറിയോസ് സിയറോചിനോടുള്ള ആദരസൂചകമായിട്ടു കൂടിയാണ് ഫ്രാൻസിസ്കൻ മിഷ്ണറിയായ ഡുബിനിന് പ്രധാനപ്പെട്ട ചുമതല ലഭിച്ചിരിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. സെന്റ് പീറ്റേഴ്സ് ബർഗും, മോസ്കോയും ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ സുപ്രധാന നഗരങ്ങളിലും, കത്തോലിക്കാ വിശ്വാസികളുടെ സാന്നിധ്യമുണ്ട്. ഓർത്തഡോക്സ് സഭയുമായി കത്തോലിക്കാസഭയ്ക്കു നല്ല ബന്ധമാണ് തുടരുന്നത്.
അതേസമയം അടുത്തിടെ മിഷ്ണറി പ്രവർത്തനം നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന ബില്ലുകളും, സമാനമായ നിയന്ത്രണങ്ങളും കത്തോലിക്ക വിശ്വാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിശ്വാസികളുടെ ഇടയിൽ പ്രവർത്തിക്കാൻ ആവശ്യത്തിന് വൈദികർ ഇല്ലാത്തതിന്റെ കുറവും റഷ്യന്‍ കത്തോലിക്ക സഭ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. മോസ്കോ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് പൗളോ പെസിയുടെ കീഴിലാണ് നിയുക്തമെത്രാന്‍ സേവനം ചെയ്യേണ്ടത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |