Content | ആഗസ്റ്റ് 2
വേഴ്സെല്ലയിലെ വി. എവുസേബിയൂസ് (283-371) മെത്രാൻ
സർദീനിയ ദ്വീപിൽ ഒരു കുലീന കുടുംബത്തിൽ എവുസേബിയൂസു ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെ പ്രതി കാരാഗൃഹത്തിൽ കിടന്നാണ് മരിച്ചത്. എവിസേബിയൂസ് ഭക്തിയിൽ വളർന്നു. വി. സില്വെസ്റ്ററിന്റെ കരങ്ങളിൽ നിന്ന് പട്ടം സ്വീകരിച്ചു. 340ൽ പീഡുമോണ്ടിൽ വെർസെല്ലിയിലെ മെത്രാനായി. അദ്ദേഹം ഇടവക വൈദികർക്ക് ആശ്രമവാസികളുടെ നിയമമാണ് കൊടുത്തത്. തല്ഫലമായി അദ്ദേഹത്തിന്റെ കീഴുണ്ടായിരുന്ന ഇടവക വൈദികർ പല സ്ഥലങ്ങളിലും മെത്രാന്മാരായി.
പ്രശാന്തമായ ഈ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. കോൺസ്റ്റന്റയൻ ചക്രവർത്തി ആര്യനായിരുന്നു. 354ൽ മിലാനിൽ ഒരു സുനഹദോസു ചേർന്നു. അത്തനേഷ്യസിനെ ശപിക്കാൻ ചക്രവർത്തി സൂനഹദോസിനോടാവശ്യപ്പെട്ടു. “ഇത് അങ്ങയുടെ അഭിപ്രായപ്രകാരം നിശ്ചയിക്കേണ്ട ഒരു ലൗകിക സംഗതിയല്ല.” എന്ന് മെത്രാന്മാർ മറുപടി നല്കി.. “ നിങ്ങൾ അനുസരിക്കുക; അല്ലെങ്കിൽ ബഹിഷ്ക്കരിക്കപ്പെടും” എന്ന് ചക്രവർത്തി പ്രഖ്യാപിച്ചു. അവിടെ സമ്മേളിച്ചിരുന്ന മെത്രാന്മാരെല്ലാം നാടുകടത്തപ്പെട്ടു. എവുസേബിയൂസ് ആദ്യം അലസ്തീനായിലേക്കും പിന്നീട് ഈജിപ്തിലേക്കും നാടുകടത്തപ്പെട്ടു. അവിടെയെല്ലാം ബിഷപ്പ് എവുസേബിയൂസ് വളരെയേറെ സഹിക്കേണ്ടി വന്നു.
361ൽ കോൺസ്റ്റന്റയിൻ മരിച്ചു. ജൂലിയൻ ചക്രവർത്തി മതത്യാഗി ആയിരുന്നെങ്കിലും എല്ലാ മെത്രാന്മാർക്കും സ്വന്തം രൂപതകളിലേക്കു മടങ്ങാൻ അനുവാദം നല്കി. മാർഗ്ഗമദ്ധ്യെ അനേകരുടെ വിശ്വാസം ദൃഡവല്ക്കരിച്ചുകൊണ്ട് വെഴ്സെല്ലി രൂപതയിലേക്ക് അദ്ദേഹം മടങ്ങി. 371ൽ എവിസേബിയൂസ് മരിച്ചു.
വിചിന്തനം: “ എനിക്ക് ഒരു തെറ്റുപറ്റിയേക്കാം; എന്നാൽ ഞാൻ ഒരു പാഷണ്ഡി ആകയില്ല,” എന്ന വി. അഗുസ്റ്റിന്റെ വാക്കുകൾ ആർക്കും ഭൂഷണമാണ്.
ഇതര വിശുദ്ധർ:
1. ആൽഫ്രേഡാ (എൽഫ്രേഡ,എഥൽഫ്രെഡാ എഥൃൽഡ്രിത്ത ആൽത്രീഡാ): മേഴ്സിയായിലെ ഓഫാ രാജാവിന്റെ മകൾ
2. ഔസ്പീഷിയൂസ്: ആപ്റ്റിലെ ആദ്യത്തെ ബിഷപ്പ്
3. ബെത്താരിയൂസ് : ചാർട്ടേഴ്സ് ബിഷപ്പ്
4. പാദുവായിലെ മാക്സിമൂസ് മെ.
|