category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകര്‍ഷകരെയും കാര്‍ഷിക വൃത്തിയെയും സംരക്ഷിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ വേണം: സീറോ മലബാര്‍ സിനഡ്
Contentകൊച്ചി: തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും രൂക്ഷമായ വന്യമൃഗശല്യവും മൂലം പരിതാപകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കര്‍ഷകരെയും കാര്‍ഷിക വൃത്തിയെയും സംരക്ഷിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നു സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ 28ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തിന്റെ അവസാന ദിവസമാണ് കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തത്. ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച കര്‍ഷകരുടെ നിലനില്‍പിനെത്തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ജനവാസമേഖലകളെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു വീണ്ടും ഉണ്ടാകുന്നത് അപലപനീയമാണ്. കാര്‍ഷിക വായ്പകളുടെ പലിശയെങ്കിലും എഴുതിത്തള്ളി കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വരണം. വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ ഒതുക്കിനിര്‍ത്തി കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ക്രിയാത്മകമായ ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണം. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു ന്യായമായ താങ്ങുവില പ്രഖ്യാപിച്ചു കര്‍ഷകര്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താന്‍ ഇടപെടണം. വനപാലകരുടെ കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചിറ്റാറിലെ പി.പി. മത്തായിയുടെ മൃതദേഹം സംസ്കരിക്കാനുള്ള സാഹചര്യങ്ങളൊരുക്കി ആ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്നും സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാലു ദിവസമായി ഓണ്‍ലൈനായി സമ്മേളിച്ചിരുന്ന മെത്രാന്മാരുടെ സിനഡ് വെള്ളിയാഴ്ച വൈകുന്നേരം സമാപിച്ചു. റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ പ്രത്യേക അനുമതി പ്രകാരം സഭാചരിത്രത്തില്‍ ആദ്യമായാണ് ഓണ്‍ലൈനായി സിനഡ് സമ്മേളിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡ് സമ്മേളനത്തില്‍ 62 മെത്രാന്മാര്‍ പങ്കെടുത്തെന്ന് പിആര്‍ഒ റവ. ഡോ. ഏബ്രഹാം കാവില്പു രയിടത്തില്‍ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-23 07:09:00
Keywordsസീറോ
Created Date2020-08-23 12:40:12