category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിങ്ങളുടെ പ്രശ്നത്തിൽ ദൈവം ഇടപെടുന്നില്ലേ?
Contentഅയാൾ ഒരു സർക്കാർ ജോലിക്കാരനാണ്. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്. മൂത്തവൻ പ്ലസ് വണ്ണിനും ഇളയവൻ ഒമ്പതിലും പഠിക്കുന്നു. മൂത്ത മകൻ വല്ലാത്ത പ്രശ്നക്കാരനാണ്. അനിയന്ത്രിതമായ ദേഷ്യം. മൊബൈൽ അഡിക്ഷൻ. അമ്മയുമായി പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ട്. അനിയനുമായ് എപ്പോഴും വഴക്ക്. അവൻ മൂലം വീട്ടിൽ ആകെ അസ്വസ്ഥത. വർഷങ്ങളേറെയായ് അവൻ്റെ കാര്യത്തിനു വേണ്ടി അയാളും ഭാര്യയും പ്രാർത്ഥിക്കുന്നു. ആ സമയത്താണ് ഭാര്യ മൂന്നാമതൊരു കുഞ്ഞിനെ കൂടി ഗർഭം ധരിച്ചത്. രണ്ടു മക്കളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് അടുത്തൊരു കുഞ്ഞ്. ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ: ''നിങ്ങളുടെ ഭാര്യക്ക് വയസ് നാല്പത് കഴിഞ്ഞു. ഹൈ റിസ്ക്ക് ആണ്. ഒരു ശതമാനം പോലും ഞാനിതിന് സപ്പോർട്ട് ചെയ്യില്ല." അന്നു രാത്രി അയാളും ഭാര്യയും ഒരുമിച്ചിരുന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥനയ്ക്കു ശേഷം അയാൾ അവളെ നോക്കി. അവൾ പറഞ്ഞു:"എത്ര റിസ്ക്ക് ആയാലും കുഞ്ഞിനെ അബോർട്ട് ചെയ്യുന്ന പ്രശ്നമില്ല. പിന്നെ നാണക്കേട്...., അത് സാരമില്ല. നാട്ടുകാരുടെ മുഴുവൻ വായ് മൂടാൻ നമുക്കാകില്ലല്ലോ?" അയാൾ ചോദിച്ചു: "നമ്മുടെ കുട്ടികൾക്ക് നാണക്കേടാകുമോ? അവരിത് ഉൾക്കൊള്ളുമോ?'' "ദൈവത്തിന് ഇതിൽ ഒരു പദ്ധതിയുണ്ട്. അത് തിരിച്ചറിയാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം" എന്നായിരുന്നു അവളുടെ മറുപടി. അടുത്ത ദിവസം മക്കളെ രണ്ടു പേരെയും വിളിച്ച് അവർ പറഞ്ഞു: "പപ്പയ്ക്കും മമ്മിയ്ക്കും ഒരു കുഞ്ഞിനെ കൂടി വേണമെന്നാണ് ആഗ്രഹം. അതും അനിയത്തിക്കുട്ടിയായാൽ നല്ലത്. നിങ്ങളുടെ അഭിപ്രായമെന്താണ്?". അവർ ഒരുമിച്ച് പറഞ്ഞു: "ഞങ്ങൾക്കു വേണം ഒരു അനിയത്തിക്കുട്ടിയെ! " അവരുടെ മറുപടിയിൽ മാതാപിതാക്കളുടെ മിഴികൾ നിറഞ്ഞു. ധൈര്യം സംഭരിച്ച് അയാൾ വീണ്ടും ചോദിച്ചു: ''പപ്പയ്ക്ക് വയസ് അമ്പതായി മക്കളേ... നിങ്ങളുടെ അനിയത്തിക്കുട്ടി വലുതാകുമ്പോഴേക്കും ഞങ്ങൾക്ക് വയസാകും. അപ്പോൾ നിങ്ങൾ വേണം അവളുടെ കാര്യങ്ങളെല്ലാം നോക്കുവാൻ...'' തുള്ളിച്ചാടികൊണ്ട് അവർ സമ്മതം മൂളി. പിന്നീട് വീട്ടിൽ കണ്ടത് കാതലായ മാറ്റമായിരുന്നു. മമ്മിയ്ക്ക് വെള്ളം ചൂടാക്കിക്കൊടുക്കുന്നതും അടുക്കളയിൽ ജോലി ചെയ്യുന്നതുമെല്ലാം മക്കൾ തന്നെ. മാത്രമല്ല, അവരിരുവരും നന്നായ് പ്രാർത്ഥിക്കാനും തുടങ്ങിയിരിക്കുന്നു. ഒരു ദിവസം മൂത്തവൻ വന്ന് പപ്പയോട് പറഞ്ഞു: ''പപ്പേ..., മമ്മി എന്തു മാത്രമാണ് കഷ്ടപ്പെടുന്നത്? ഞങ്ങളെ ഗർഭം ധരിച്ചപ്പോഴും മമ്മി എന്തുമാത്രം സഹിച്ചിട്ടുണ്ടാകും? ആ മമ്മിയുമായാണോ ഇത്രയും നാൾ ഞാൻ വഴക്കിട്ടത്?"അവൻ്റെ ചോദ്യത്തിനു മുമ്പിൽ അയാൾ നിശബ്ദനായി. ഹൃദയം ദൈവത്തോടുള്ള നന്ദി കൊണ്ട് നിറഞ്ഞു. അവരെല്ലാവരും പ്രതീക്ഷിച്ചതു പോലെ ഒരു പെൺകുഞ്ഞിനെ ലഭിച്ചു. കുടുംബം മുഴുവൻ എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് നിറഞ്ഞു! എന്നെ അതിശയിപ്പിക്കുന്ന രീതിയിൽ അയാളിങ്ങനെ പറഞ്ഞു: ''അച്ചാ, ജീവിതം എന്നെ പഠിപ്പിച്ച ഒരു പാഠമുണ്ട്. നാം പ്രതീക്ഷിക്കുന്ന രീതിയിലോ, സമയത്തോ ആയിരിക്കണമെന്നില്ല ദൈവം ഇടപെടുന്നത്. രണ്ട് ആൺ മക്കളെ ലഭിച്ചതിനു ശേഷം ഇനിയുമൊരു കുഞ്ഞു വേണ്ടാ, എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാൽ ദൈവം ഇടപെട്ട രീതി നോക്കിക്കേ.... ? ദൈവത്തിൻ്റെ ഇടപെടലുകൾക്ക് തടസം നിൽക്കുന്നത് മനുഷ്യൻ്റെ പിടിവാശിയും അഹങ്കാരവും അറിവില്ലായ്മയുമൊക്കെയാണ്. അച്ചനറിയുമോ...'വയസുകാലത്തൊരു കുട്ടി ' എന്നു പറഞ്ഞ് പരിഹസിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. അവർക്കറിയില്ലല്ലോ ഞങ്ങൾ അനുഭവിക്കുന്ന ആനന്ദം!" അയാൾ പറഞ്ഞത് എത്രയോ വലിയ സത്യമാണ്? മനുഷ്യരുടെ വാക്കുകൾക്ക് ചിലപ്പോഴെങ്കിലും അമിത പ്രാധാന്യം കൊടുത്ത് നമ്മൾ ദൈവത്തെ സംശയിച്ചിട്ടില്ലേ? ദൈവഹിതത്തിനെതിരെ മറുതലിച്ചിട്ടില്ലേ? പ്രാർത്ഥനയും പളളിയിൽ പോക്കുമെല്ലാം അതിൻ്റെ പേരിൽ ഒഴിവാക്കിയിട്ടില്ലേ? "...രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്‍െറ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു..." (ലൂക്കാ 18 7, 8). ജീവിതത്തിലെ പ്രതിസന്ധികളിൽ പ്രത്യാശയോടെ പ്രാർത്ഥിക്കാനും ദൈവഹിതത്തിനായ് കാത്തിരിക്കാനും ക്രിസ്തുവിൻ്റെ ഈ വാക്കുകൾ നമുക്ക് കരുത്തേകട്ടെ. #Repost
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-25 13:00:00
Keywordsദൈവ
Created Date2020-09-01 18:14:17