Content | പരിശുദ്ധ മാതാവ് സിസ്റ്റർ ലൂസിയയ്ക്ക് ജപമാല രഹസ്യം വെളിപ്പെടുത്തിയിട്ട് ഈ വരുന്ന ഡിസംബറിൽ 90 വർഷം തികയുന്നു.
ജൂലായ് 1917-ൽ ഫാത്തിമയിൽ മൂന്നു കുട്ടികൾക്ക് മാതാവ് ദർശനം കൊടുത്തു. താൻ വീണ്ടും വരുമെന്നും ലോകത്തെ പാപങ്ങളിൽ നിന്നും മോചിപ്പിക്കേണ്ടതിലേക്കായി ആദ്യ ശനിയാഴ്ചകൾ മാറ്റിവെയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി അറിയിക്കുമെന്നും മാതാവ് കുട്ടികളോട് വെളിപ്പെടുത്തി. പിന്നീട് 1925 -ൽ ഡിസംബർ മാസത്തിലാണ് സ്പെയിനിലെ ഡൊറോത്തിയ കോൺവെന്റിൽ സിസ്റ്റർ ലൂസിയയ്ക്ക് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെടുന്നത്.
ആദ്യ ശനിയാഴ്ചകളിലെ പാപവിമോചന ദൗത്യത്തെ പറ്റി മാതാവ് സിസ്റ്റർ ലൂസിയയെ ഓർമിപ്പിച്ചു. പാപികളുടെ ദൈവദൂഷണങ്ങളും ദൈവനിന്ദയും അകൃത്യങ്ങളും തന്റെ ഹൃദയത്തെ കീറി മുറിക്കുന്നതായി ദിവൃജനനി ലൂസിയയോട് വെളിപ്പെടുത്തി. പാപദൃശ്യങ്ങൾ കൊണ്ട് പീഠിതമായ പരിശുദ്ധ ജനനിയുടെ ഹൃദയത്തിന്റെ വേദന ശമിപ്പിക്കുവാനാണ് നാം അഞ്ചു മാസാദ്യശനിയാഴ്ചകൾ ജപമാല ഭക്തിക്ക് വേണ്ടി ഉഴിഞ്ഞുവെയ്ക്കുന്നത് എന്നത് പ്രത്യേകം ഓർത്തിരിക്കണം. പാപദൃശ്യങ്ങൾ കൊണ്ട് നുറുങ്ങിയ പരിശുദ്ധ ജനനിയുടെ ഹൃദയം നമ്മുടെ മനസ്സിൽ പതിപ്പിച്ചു വെയ്ക്കുന്നത് വലിയ ഒരു പ്രചോദനമായിരിക്കും.
ജപമാല ഭക്തിയിൽ മറ്റൊരു വലിയ വാഗ്ദാനം കൂടി അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. അന്ന് പരിശുദ്ധ മാതാവ് ലൂസിയയോട് പറഞ്ഞത് ഇപ്രകാരമാണ്. "അഞ്ചുമാസാദ്യ ശനിയാഴ്ചകൾ ഇപ്രകാരം ആചരിക്കുന്നവരുടെ മരണസമയത്ത് ഞാൻ തുണയായിരിക്കും. അവരുടെ മോക്ഷത്തിനു ഞാൻ മദ്ധ്യസ്ഥയായിരിക്കും. അതു കൊണ്ട് നിങ്ങൾ മാനസാന്തരപ്പെടുക, കുമ്പസാരികുക, വിശുദ്ധ കുർബാന സ്വീകരിക്കുക. ഏകാഗ്രതയോടെയും ഭക്തിയോടെയും ജപമാല രഹസ്യങ്ങൾ ധ്യാനിക്കുക. ജപമാലയുടെ രഹസ്യങ്ങൾ ധ്യാനിച്ചു കൊണ്ട് പതിനഞ്ചു നിമിഷം നിങ്ങൾ എന്റെയൊപ്പം ചിലവഴിക്കുക"
മാസാദ്യ ശനിയാഴ്ചകളിലെ ധ്യാനത്തിനായി നിങ്ങളുടെ ദിനങ്ങൾ ചിട്ടപ്പെടുത്തുക. ശനിയാഴ്ച ചെയ്തു തീർക്കേണ്ട കാര്യങ്ങൾ തലേ ദിവസം തന്നെ പൂർത്തിയാക്കുക.
ധ്യാനം ബുദ്ധിമുട്ടേറിയതാണ്. ധ്യാനത്തിന് ത്യാഗം ആവശ്യമാണ്. ഓരോ ദിവ്യ രഹസ്യത്തിനും ഓരോ മീനിട്ട് ഉപയോഗിച്ച് നമ്മുക്ക് ധ്യാനിക്കാം. |