Content | ടെഹ്റാന്‍: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ ക്രൈസ്തവ വിശ്വാസം ശക്തമായി വ്യാപിക്കുന്നുവെന്നു വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തു ക്രിസ്തുമതത്തിന് സ്ഫോടനാത്മകമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ‘ഗാമാന്‍’ എന്ന ഗവേഷക സംഘടന പുറത്തുവിട്ട പുതിയ സര്‍വ്വേഫല പഠന റിപ്പോര്‍ട്ടിലാണ് വ്യക്തമായിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത അരലക്ഷത്തോളം ഇറാന്‍ സ്വദേശികളില്‍ നിന്നും വ്യക്തമായത് ഇറാനിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഏതാണ്ട് പത്തുലക്ഷത്തോടു അടുക്കുന്നുവെന്ന വിവരമാണ്. തങ്ങളുടെ സര്‍വ്വേ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ 95% കൃത്യമാണെന്നും 'ഗാമാന്‍' അവകാശപ്പെട്ടു.
മതപരവും, ജനസംഖ്യാപരവുമായ 23 ചോദ്യങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തവരോട് ചോദിച്ചത്. ഇറാനിലെ അഞ്ചു കോടിയോളം വരുന്ന സാക്ഷരതയുള്ള പ്രായപൂര്‍ത്തിയായവരില്‍ ഏറ്റവും കുറഞ്ഞത് 7,50,000ത്തോളം ക്രൈസ്തവര്‍ കാണുമെന്നാണ് സര്‍വ്വേ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അനുമാനമെന്നു സംഘടന പറയുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇറാനിലെ പരമ്പരാഗത അര്‍മേനിയന്‍, അസ്സീറിയന്‍ ക്രൈസ്തവരുടെ എണ്ണം വെറും 1,17,700 മാത്രമാണ്.
സ്വതന്ത്രവും, മതനിരപേക്ഷവും, ജനാധിപത്യപരവുമായ പാശ്ചാത്യ ലോകത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇറാനികള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന്‍ ‘ഏലം മിനിസ്ട്രീസി’ന്റെ ഡേവിഡ് യെഗ്നാസര്‍ പറയുന്നു. വ്യക്തിപരമായ സുവിശേഷവത്കരണവും, സാറ്റലൈറ്റ് ടി.വി യും ഇറാനിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു ‘ഹാര്‍ട്ട്4ഇറാന്‍’ന്റെ പ്രസിഡന്റായ മൈക്ക് അന്‍സാരി വ്യക്തമാക്കി.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വെറും 32% ശതമാനം മാത്രമാണ് തങ്ങള്‍ 'ഷിയാ' മുസ്ളീമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക കണക്കനുസരിച്ച് ജനസംഖ്യയുടെ 95% വും ‘ഷിയാ’കളാണ്. രാജ്യത്ത് ഒന്‍പതു ശതമാനത്തോളം നിരീശ്വരവാദികള്‍ ഉണ്ടെന്നും സര്‍വ്വേ ഫലം പറയുന്നു. 47% തങ്ങള്‍ക്ക് നേരത്തേ മതാഭിമുഖ്യമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇല്ലായെന്നാണ് പറഞ്ഞത്.
മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന്‍ അഭിപ്രായപ്പെട്ടവര്‍ 68% മാണ്. ഗാമാന്‍ സംഘടന കഴിഞ്ഞ വര്‍ഷം നടത്തിയ മറ്റൊരു സര്‍വ്വേയില്‍ 79% ഇറാനികളും തങ്ങളുടെ രാഷ്ട്രം ഒരു ‘ഇസ്ലാമിക റിപ്പബ്ലിക്’ ആയി അറിയപ്പെടുന്നതിനോടു വിയോജിപ്പു പ്രകടിപ്പിച്ചിരിന്നു. തീവ്ര ഇസ്ലാമിക നിലപാടുള്ള രാജ്യമാണ് ഇറാന്‍. രാജ്യത്തു ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ഇറാനിലെ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായ മഹമ്മുദ് അലവി നേരത്തെ 'ആശങ്ക' പ്രകടിപ്പിച്ചിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |