Content | ബെയ്ജിംഗ്: വത്തിക്കാൻ - ചൈന കരാർ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചെന്ന അവകാശവാദവുമായി ചൈനീസ് വിദേശകാര്യ വകുപ്പ് രംഗത്ത്. ചൈനയുടെയും വത്തിക്കാന്റെയും ശ്രമഫലമായി മെത്രാന്മാരുടെ നിയമനം അടക്കമുള്ള കരാർ വ്യവസ്ഥകൾ പാലിക്കാൻ സാധിച്ചെന്നാണ് സെപ്റ്റംബർ പത്താം തീയതി നടത്തിയ പത്രസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സാവോ ലിജിയാൻ അവകാശപ്പെട്ടിരിക്കുന്നത്. 2018 സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതിയാണ് വത്തിക്കാനും, ചൈനയും തമ്മിൽ കരാർ ഒപ്പിട്ടത്. കരാർ പുതുക്കുന്നത് സംബന്ധിച്ച് വത്തിക്കാൻ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് കരാര്‍ വിജയമാണെന്ന അവകാശവാദവുമായി വിദേശകാര്യ മന്ത്രാലയ പ്രതിനിധി രംഗത്തുള്ളത്.
വരും ദിവസങ്ങളിൽ കരാർ പുതുക്കുമെന്ന് രണ്ട് അനൗദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണയുടെ സമയത്തടക്കം പരസ്പരധാരണ വളർത്താൻ ഇരുകൂട്ടർക്കും സാധിച്ചെന്നും സാവോ ലിജിയാൻ കൂട്ടിച്ചേർത്തു. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം തെറ്റാണെന്നാണ് ചൈനയിൽനിന്ന് ഈ രണ്ടുവർഷത്തിനിടയിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ചൈനീസ് പ്രവിശ്യകളിൽ ദേവാലയങ്ങൾ തകർക്കുന്നതും കുരിശുകള്‍ നീക്കം ചെയ്യുന്നതും നിത്യസംഭവമായി മാറി. രഹസ്യ സഭയിലെ വൈദികരും വിശ്വാസികളും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.
ഇതിനിടയിലാണ് മത സ്വാതന്ത്ര്യത്തിന് കടുത്ത ഭീഷണിയായ ദേശീയ സുരക്ഷാ നിയമം ചൈന നടപ്പിലാക്കുന്നത്. ചൈനീസ് കർദ്ദിനാൾ ജോസഫ് സെൻ അടക്കമുള്ള കത്തോലിക്ക നേതാക്കൾ നിയമത്തെ ശക്തമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നിരുന്നു. രാജ്യത്തുള്ള എല്ലാ മതങ്ങളെയും 'ചൈനീസ് വത്ക്കരിക്കുക' എന്ന ലക്ഷ്യവുമായി പ്രസിഡൻറ് ഷി ജിന്‍പിംഗ് മുന്നോട്ടു പോവുകയാണ്. എല്ലാം തങ്ങളുടെ വരുതിയിലാക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് ഇതെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ പറഞ്ഞു. കരാർ പുതുക്കുന്നതിന് മുന്നോടിയായി നയതന്ത്ര ചർച്ചകളെ സ്വാധീനിക്കാനായി വത്തിക്കാൻ കംപ്യൂട്ടര്‍ ശൃംഖലയെ ചൈനീസ് വിദഗ്ധർ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ടായിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|