Content | ഇരിട്ടി: ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണ്‍ എന്ന പേരില്‍ പരിസ്ഥിതി ലോല മേഖലയാക്കിയതിനെതിരേ തലശേരി അതിരൂപത സമര രംഗത്തേക്ക്. കരട് പ്രഖ്യാപനം തിരുത്തി ജനവാസകേന്ദ്രങ്ങള്‍ വരുന്നിടം ബഫര്‍ സോണ്‍ സീറോയാക്കി പരിസ്ഥിതിലോലം വനത്തില്‍ നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് മാങ്ങോട് സെന്റ് മേരീസ് പള്ളി ഹാളില്‍ തലശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്തില്‍ ചേര്‍ന്ന പ്രാഥമിക ആലോചനാ യോഗത്തില്‍ തീരുമാനം.
പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തിലൂടെ ബഫര്‍ സോണ്‍ ആക്കുന്ന കര്‍ഷകരുടെ ഭൂമി അഞ്ച് വര്‍ഷത്തിടയില്‍ തന്നെ വനമായി മാറുമെന്നും സ്വമേധയാ കര്‍ഷകര്‍ ഇത്തരം ഭൂമിയില്‍ നിന്നു കുടിയിറങ്ങേണ്ടിവരുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. കരടുവിജ്ഞാപനം തിരുത്തി സീറോ പോയിന്റ് ആക്കണം. സര്‍ക്കാരുകളും സര്‍വകക്ഷി പ്രതിനിധികളും കര്‍ഷകന്റെ രക്ഷയ്ക്കൊപ്പമാണെങ്കില്‍ ഈ ആവശ്യം നടപ്പാക്കിത്തരണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
ആദ്യഘട്ടമെന്ന നിലയില്‍ 27നു രാവിലെ11 ന് എടൂരില്‍ ആറളം പഞ്ചായത്തുതല സര്‍വകക്ഷി കര്‍മസമിതി രൂപീകരിക്കും. ആറളം വന്യജീവി സങ്കേതത്തിനു ചുറ്റുമായി 10.136 ചതുരശ്ര കിലോമീറ്ററും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമായി 12.91 കിലോമീറ്ററുമാണു പരിസ്ഥിതി ലോല മേഖല (ഇഎസ് സെഡ്) ആക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ആറളം വന്യജീവി സങ്കേതത്തിനു ചുറ്റും 100 മീറ്ററാണെങ്കില്‍, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനു ചുറ്റും 2.1 കിലോമീറ്റര്‍ വരെയാണ് ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമാക്കിയിരിക്കുന്നത്. ആയിരത്തോളം വീടുകളെ നേരിട്ടും രണ്ടായിരത്തിലധികം പേരുടെ കൃഷിയിടങ്ങളെ പരോക്ഷമായും ബാധിക്കുമെന്നാണ് നിഗമനം.
|