Content | കൊളോൺ: ജർമ്മനിയിലെ മെത്രാന്മാരുടെ സിനഡ് സമ്മേളനം ജർമ്മൻ സഭയെ ഒരു ദേശീയ, മതേതര സഭയായി മാറ്റാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി രണ്ട് ജർമ്മൻ കര്‍ദ്ദിനാൾമാർ. കൊളോൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ റെയ്നർ മരിയ വോൾക്കിയും വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവൻ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളറുമാണ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു രംഗത്തു വന്നിരിക്കുന്നത്. സിനഡ് സമ്മേളനം ഭിന്നിപ്പിലേക്കും, അതുവഴി ആഗോള സഭയുമായുളള അനൈക്യത്തിലേക്കും നയിച്ചാൽ അത് മോശമായ ഫലമായിരിക്കും ഉളവാക്കുകയെന്ന് കർദ്ദിനാൾ വോൾക്കി അതിരൂപത പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദൈവത്തിന്റെ പ്രവർത്തിയും, ക്രിസ്തുവിന്റെ ശരീരവുമാണെന്ന് അംഗീകരിച്ചുകൊണ്ടുള്ള നവീകരണം സഭയിൽ ആവശ്യമാണ്. അപ്രകാരമുള്ള നവീകരണമാണ് സിനഡിലൂടെ നടക്കുന്നതെങ്കിൽ അത് ഫലപ്രദമായിരിക്കും. സഭയെ സ്നേഹിക്കുന്നവർ ക്രിസ്തുവിനെ സ്നേഹിക്കുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്നവർ സഭയെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയെ മതേതര വത്കരിക്കാനുള്ള ശ്രമമാണ് സിനഡ് സമ്മേളനത്തിൽ നടക്കുന്നതെന്ന് കർദ്ദിനാൾ ജെറാള്‍ഡ് മുള്ളർ അടുത്തയാഴ്ച പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന ഒരു പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിനഡ് സമ്മേളനത്തിൽ സുവിശേഷത്തിൽ നിന്നുള്ള ഒരു നവീകരണമല്ല, മറിച്ച് പാശ്ചാത്യലോകത്തെ സമൂഹത്തിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കർദ്ദിനാൾ മുള്ളർ ആരോപിച്ചു. ശമ്പളം മേടിക്കുന്നവരുടെ ഒരു ഉദ്യോഗമാക്കി പൗരോഹിത്യത്തെ മാറ്റാൻ ചിലർ ആഗ്രഹിക്കുന്നു. ക്രൈസ്തവ മൂല്യങ്ങളും, പൗരോഹിത്യ ബ്രഹ്മചര്യം പോലും ഭീഷണിക്ക് നടുവിലാണ്. വിശുദ്ധ ഗ്രന്ഥത്തിന്റെ ആധികാരികതയും, സഭയുടെ മാറ്റമില്ലാത്ത പഠനങ്ങളും തിരുത്താൻ ജർമനിയിലെ മെത്രാന്മാർ നടത്തുന്ന ശ്രമത്തിൽ പരിശുദ്ധാത്മാവിനെ അവർക്ക് കൂട്ടുപിടിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം കര്‍ദ്ദിനാള്‍ വോൾക്കിയുടെ ആരോപണങ്ങളെ നിഷേധിച്ച് ജർമൻ മെത്രാൻ സമിതിയുടെ അധ്യക്ഷനായ ബിഷപ്പ് ജോർജ് ബാറ്റ്സിംഗ് രംഗത്ത് വന്നു. വനിതകൾക്ക് ഡീക്കൻ പട്ടം നല്കാൻ സഭയിൽ സാധിക്കുമെന്ന് ബാറ്റ്സിംഗ് പറഞ്ഞു. എന്നാൽ പുരുഷന്മാരെ മാത്രമേ മെത്രാൻ, വൈദികൻ, ഡീക്കൻ പദവികളിലേക്ക് നിയമിക്കാൻ സാധിക്കുകയുള്ളൂവെന്ന് 1994-ല്‍ വിശുദ്ധ ജോൺ പോൾ മാർപാപ്പ പ്രസിദ്ധീകരിച്ച അപ്പസ്തോലിക ലേഖനമായ ഓർഡിനാശിയോ സാക്കർഡോറ്റാലിസിൽ വ്യക്തമായി പറയുന്നുണ്ട്.
കഴിഞ്ഞ ഏതാനും നാളുകളായി ജര്‍മ്മന്‍ മെത്രാന്‍മാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ആഗോള തലത്തില്‍ ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിഷയത്തിലും സ്ത്രീ പൌരോഹിത്യ വിഷയത്തിലും ദേശീയ സഭ സ്വീകരിച്ച നിലപാടുകള്‍ അവയില്‍ ചിലര്‍ത്ത് മാത്രമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ കുരിശ് സ്ഥാപിക്കണമെന്ന ജര്‍മ്മനിയിലെ ബാവരിയായിലെ പ്രാദേശിക സര്‍ക്കാര്‍ തീരുമാനത്തെ ജര്‍മ്മന്‍ മെത്രാന്‍മാരും പുരോഹിതന്‍മാരും വിമര്‍ശിച്ചത് വിവാദമായിരിന്നു. കത്തോലിക്ക വിശ്വാസികളുടെ പ്രൊട്ടസ്റ്റന്‍റുകാരായ ജീവിത പങ്കാളികള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമെന്ന ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ ആവശ്യവും വലിയ ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |