Content | വിവാഹമോചനമില്ലാത്ത ഒരു ലോകം. വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ, വേർപാടിൻ്റെ വേദനകൾ അറിയാത്ത കുട്ടികൾ എത്ര സുന്ദരമായ സങ്കല്പങ്ങൾ, ഇങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ? ഈ ചോദ്യം ചെന്ന് എത്തി നിൽക്കുക യുറോപ്പിലെ ഒരു ചെറിയ നഗരത്തിലാണ്. വിവാഹ മോചനം ഇല്ലാത്ത പട്ടണം യുറോപ്പിലോ? സംശയിക്കേണ്ട ഇവിടെ പ്രതിപാദ്യ വിഷയമായ നഗരം മറ്റൊന്നുമല്ല ബോസ്നിയ ഹെർസഗോവിനയിലെ (Bosnia and Herzegovina ) സിറോക്കി-ബ്രിജെഗ് ( Siroki-Brijeg) എന്ന പട്ടണമാണ്.
ഈ നഗരത്തിൽ 2013 ലെ കണക്കനുസരിച്ച് 29,000 ൽ അധികം ജനങ്ങൾ അധിവസിക്കുന്നു. ഈ നഗരത്തിൽ ഒരു വിവാഹമോചനമോ തകർന്ന കുടുംബ ബന്ധത്തിൻ്റെ കഥയോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഈ നഗരത്തിൻ്റെ മഹത്വം വിളിച്ചറിയിക്കുന്നു.
#{black->none->b->എന്താണ് ശക്തമായ ഈ കുടുംബ ബന്ധങ്ങളുടെ രഹസ്യം ? }#
നൂറു ശതമാനവും , ക്രോയേഷ്യൻ വംശജരയായ കത്തോലിക്കർ വസിക്കുന്ന സ്ഥലമാണ് സിറോക്കി-ബ്രിജെഗ്. അവരുടെ അടിയുറച്ച കത്തോലിക്കാ വിശ്വാസവും കുടുംബ ബന്ധങ്ങൾക്ക് അവർ പവിത്രതയുമാണ്. വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം എന്ന പദവിക്ക് അവരെ അർഹരാക്കിയത്. വിശ്വാസ ജീവിതം ഇവിടുത്തെ കത്തോലിക്കർക്കെന്നും വെല്ലുവിളി ആയിരുന്നു. ആദ്യം പ്രതിസന്ധി തുർക്കിയിലെ ഓട്ടോമൻ ഭരണത്തിൽ നിന്നായിരുന്നെങ്കിൽ, പിന്നീടതു കമ്മ്യൂണിസ്റ്റുകാരിൽ നിന്നായിരുന്നു. ഭീഷണികൾക്കു നടുവിൽ രക്ഷയുടെ ഉറവിടമായ ക്രിസ്തുവിന്റെ കുരിശു മാത്രമായിരുന്നു അവർക്ക് ആശ്രയം.
അങ്ങനെ വിശുദ്ധ കുരിശ് അവരുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറി. അതിനാലാണ് വിവാഹ ജീവിതത്തെപ്പോലും ക്രിസ്തുവിന്റെ കുരിശുമായി അവർ ബന്ധിപ്പിക്കുന്നത്. ദൈവികജീവിതം മുളയെടുക്കുന്ന ക്രിസ്തുവിൻ്റെ മരക്കുരിശിൽ മനുഷ്യജീവിതം പിറവി കൊള്ളുന്ന വിവാഹം എന്ന കൂദാശയെ അവർ ബന്ധിപ്പിച്ചു. വിവാഹത്തിനായി വധുവും വരനും ദൈവാലയത്തിലേക്കു വരുമ്പോൾ അവർ ഒരു ക്രൂശിതരൂപവും കൈയ്യിലെടുക്കുന്നു.
പുരോഹിതൻ കുരിശിനെ ആശീർവ്വദിക്കുകയും ജീവിതം പങ്കിടാൻ അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തിയെന്ന് പറയുന്നതിനു പകരം ചെയ്യുന്നതിനുപകരം അദ്ദേഹം ഇപ്രകാരം ഉദ്ബോധിപ്പിക്കും, “നിങ്ങളുടെ കുരിശ് നിങ്ങൾ കണ്ടെത്തി! ഇതു നിങ്ങൾക്കു സ്നേഹിക്കാനും എപ്പോഴും കൂടെ കൊണ്ടുനടക്കേണ്ടതുമായ കുരിശാണ്, ഇതു വലിച്ചെറിയപ്പെടാനുള്ളതല്ല, എന്നും വിലമതിക്കാനുള്ള ഒരു കുരിശാണ്.”
വിവാഹ വാഗ്ദാനം പരസ്പരം നടത്തുമ്പോൾ വധു അവളുടെ വലതു കൈ കുരിശിൽ വയ്ക്കുന്നു അതിനു മുകളിൽ വരൻ തൻ്റെ വലതു കൈ വയ്ക്കുന്നു. കുരിശിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന അവരുടെ കരങ്ങളെ പുരോഹിതൻ തൻ്റെ പൗരോഹിത്യ ചിഹ്നമായ ഉറാലയാൽ മൂടി മുദ്ര ചെയ്യുന്നു. പിന്നിടു ഇന്നു മുതൽ മരണം വരെ സമ്പത്തിലും ദാരിദ്രത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും സുഖത്തിലും ദുഃഖത്തിലും ഏക മനസ്സായി വിശ്വസ്തതയോടെ ജീവിച്ചു കൊള്ളാമെന്ന് വിശുദ്ധ കുരിശിനെ സാക്ഷിയാക്കി പ്രതിജ്ഞ ചെയ്യുന്നു. കുരിശിനെ ആദ്യം ചുംബിച്ചതിനു ശേഷമാണ് വധു വരന്മാർ പരസ്പരം ചുംബനം കൈമാറുന്നു.
വിവാഹ ശേഷം ഒരാൾ മറ്റൊരാളെ ഉപേക്ഷിക്കുകയാണെങ്കിൽ, അവർ ക്രൂശിൽ കിടക്കുന്ന ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു എന്നാണ് അവർ വിശ്വസിക്കുന്നത്. അങ്ങനെ വിവാഹമോചിതർ യേശുവിനെ നഷ്ടപ്പെടുന്നവരാകുന്നു. വിവാഹ ശേഷം നവദമ്പതികൾ ഈ "വിവാഹക്കുരിശ് " അവരുടെ വീടിൻ്റെ ഉമ്മറപ്പടിയിൽ സ്ഥാപിക്കുന്നു. അന്നു മുതൽ അവരുടെ ജീവിതത്തിന്റെ റഫറൻസ് പോയിന്റായി ഈ കുരിശു മാറുന്നു. കുരിശു നോക്കിയാണ് നവദമ്പതികൾ തങ്ങളുടെ ജീവൻ കരുപിടിപ്പിക്കുന്നത്.
ബന്ധങ്ങള്‍ ആകസ്മികമല്ലന്നും ജീവിത പങ്കാളി ദൈവ പദ്ധതിയുടെ ഭാഗമാണന്നുള്ള തിരിച്ചറിവു കുരിശു നൽകുമ്പോൾ ‘ദൈവം യോജിപ്പിച്ച’ ദാമ്പത്യത്തെ തകർത്തെറിയാൻ അവർക്കു കഴിയുകയില്ല. എല്ലാ മനുഷ്യബന്ധങ്ങളിലും സംഭവിക്കുന്നതു പോലെ ചില സമയങ്ങളിൽ കുടുംബ ജീവിതത്തിലും ബുദ്ധിമുട്ടും തെറ്റിദ്ധാരണകളും ഉണ്ടാകും. ആ സമയങ്ങളിൽ, പരിഹാരത്തിനായി മറ്റു മാർഗ്ഗങ്ങളിലേക്കു ആദ്യം തിരിയുന്നതിനു പകരം അവർ കുരിശിലേക്ക് തിരിയുന്നു. ക്രൂശിത രൂപത്തിനു മുമ്പിൽ മുട്ടുകുത്തി പരസ്പരം ഹൃദയം തുറക്കുമ്പോൾ പരസ്പരം മനസ്സിലാക്കാനും ക്ഷമിക്കാനും വീണ്ടും കുതിക്കാനുള്ള ശക്തി ദമ്പതികൾക്കു ലഭിക്കുന്നു.
ഈ പുണ്യ ആചാരം ഈ സമൂഹത്തിൽ നിലനിൽക്കുന്നതിനാൽ കുട്ടിക്കാലം മുതലേ ദമ്പതികൾ അതു കണ്ടാണ് വളരുന്നത്. അതു അവരുടെ വിവാഹ ജീവിതത്തിനു ഭദ്രത കൊടുക്കുന്നു. ഈ ശക്തമായ ദാമ്പത്യബന്ധത്തിൽ നിന്ന് ജനിച്ച കുട്ടികൾ ചെറുപ്പം മുതലേ കുരിശിനെ സ്നേഹിക്കാനും കുരിശിൻ്റെ മുമ്പിൽ പ്രാർത്ഥിക്കുവാനും പരിശീലനം നേടുന്നു. ഉറങ്ങുന്നതിനു മുമ്പു കുരിശിനെ ചുംബിക്കുന്ന ശീലം ഈ പട്ടണത്തിലെ കുട്ടികളെ മാതാപിതാക്കൾ ചെറുപ്പത്തിലേ പഠിപ്പിക്കുന്നതിനാൽ ഈശോ തങ്ങളെ കൈകളിൽ പിടിച്ചിരിക്കുകയാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അവർ ചെറുപ്പത്തിലെ ഹൃദ്യസ്ഥമാക്കുന്നു.
കുരിശിൽ വിവാഹം ജീവിതം പണിതുയർത്തുമ്പോൾ ആ ദാമ്പത്യം പുഷ്പിക്കുകയും തലമുറകൾക്കു അനുഗ്രഹമാവുകയും ചെയ്യും. അങ്ങനെയുള്ള കുടുംബങ്ങൾ ഈ ദൈവത്തിൻ്റെ ഈ ലോകത്തിലെ ഏറ്റവും മനോഹര സൃഷ്ടിയാകുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
#Repost |