Content | “യേശു ഭൗതികമായ വിശപ്പിനെ മാത്രമല്ല, പ്രത്യുത മനുഷ്യന്റെയുള്ളിൽ അന്തർലീനമായി കിടക്കുന്ന ജീവിതത്തിന്റെ അർത്ഥം എന്താണെന്നറിയുവാനുള്ള, മറ്റെല്ലാ വിശപ്പിനേക്കാളും ഉദാത്തമായ ദൈവത്തിനുവേണ്ടിയുള്ള വിശപ്പിനേയും സംതൃപ്തമാക്കുന്നു.” ഫ്രാൻസിസ് മാർപാപ്പ ജൂലൈ 26 ന് തന്റെ സന്ധ്യാ പ്രാർത്ഥനയ്ക്കു മുൻപായി പറഞ്ഞു. "ദൈവത്തിന്റെ കരുണയുടെ ശക്തമായ സ്പർശം മനുഷ്യനിൽ പ്രവർത്തിക്കുന്നു. ദൈവത്തിന്റെ കരുണ എല്ലാ തിന്മകളേയും സൗഖ്യപ്പെടുത്തുന്നു." പാപ്പ കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് പാപ്പ ഞായറാഴ്ചത്തെ സുവിശേഷവായനയുടെ ഭാഗമായി വിശുദ്ധയോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കി സാന്ദർഭികമായി പറഞ്ഞത് “ഒരു വലിയ ജനാവലി യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു, എന്നാൽ അവർക്കുള്ള ഭക്ഷണത്തിൽ കുറവുണ്ടായിരുന്നു. അവർക്ക് ഭക്ഷണം നല്കുവാനുള്ള ഉദ്യമത്തിൽ ഇവർക്കെല്ലാവർക്കും നല്കാൻ തക്കവണ്ണം ഭക്ഷണം അവിടെ ഇല്ലായെന്ന് ശിക്ഷ്യനായ ഫീലിപ്പോസ് മനസ്സിലാക്കുന്നു. ഇതു വ്യക്തമാക്കുന്നത് ആ ശിക്ഷ്യരുടെ ഭൗതികമായ യുക്തിയുടെ പ്രതിഫലനമാണ്. "വാങ്ങിക്കുക, സ്വീകരിക്കുക എന്നുള്ള സ്വാർത്ഥമായ യുക്തിക്കു പകരം യേശു പഠിപ്പിക്കുന്നത് നല്കുക, ദാനം ചെയ്യുക എന്ന സ്നേഹത്തിന്റെ യുക്തിയാണ്.
ഒരു ബാലൻ തന്റെ കൈവശം ഉണ്ടായിരുന്ന അഞ്ചപ്പവും രണ്ട് മീനും, ഈ ജനത്തിനു തീരെ പരിമിതമായിരുന്നെങ്കിലും, അതു നല്കുവാൻ സന്നദ്ധനായപ്പോൾ യേശു അതു സ്വീകരിച്ചു. ദൈവത്തിന് കൃതജ്ഞത അർപ്പിച്ച് ആ ജനത്തിന് ഭക്ഷിക്കുവാൻ നല്കി, അവർ ഭക്ഷിച്ചശേഷം പന്ത്രണ്ട് കുട്ട ബാക്കിയായി, ഇല്ലായ്മയിൽ നിന്ന് സമ്രുദ്ധിയിലേക്ക്!
“ഈ അത്ഭുതം യേശുവിന്റെ അന്ത്യ അത്താഴത്തിലേക്കാണ് നമ്മെ നയിക്കുക” പാപ്പ പറഞ്ഞു. ദൈവത്തിന്റെ ജീവനുള്ള അപ്പം യേശുതന്നെയാണ്. യേശുവുമായിട്ടുള്ള ഐക്യത്തിലൂടെ യേശുവിന്റെ ജീവൻ സ്വീകരിക്കുകയും സ്വർഗ്ഗസ്തനായ പിതാവിന്റെ മക്കളായി തീരുകയും ചെയ്യുന്നു. “ഉദ്ദിതനും യാധാർദ്ധ്യവുമായ യേശുവിനെ നമ്മൾ കാണുന്നു അനുഭവിക്കുന്നു.”
ദിവ്യകാരുണ്യത്തിൽ സംബന്ധിക്കുന്നത് നമ്മൾ യേശുവിന്റെ മുക്തിയിലേക്ക് പ്രവേശിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. യേശുക്രിസ്തുവിലുള്ള ഐക്യത്തിലൂടെ ക്രൈസ്തവർക്ക് ലഭിക്കുന്ന കൃപ തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കലാണ്. പാപ്പ വിശദീകരിച്ചു.
തന്റെ കൈലുണ്ടായിരുന്ന ആ പരിമിതമായ ഭക്ഷണം പങ്കുവെച്ചപ്പോൾ ആയിരങ്ങൾക്ക് അത് സംതൃപ്തി നല്കി. ബാലന്റെ ആ പങ്കുവെക്കലിന്റെ നല്ല മാതൃക അനുകരിക്കാൻ ക്രൈസ്തവരോട് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.
ജീവിതത്തിൽ നൊമ്പരങ്ങളും, ഏകാന്തതയും, ദാരിദ്ര്യവും, കഷ്ടപ്പാടുകളുമൊക്കെ മുഖാമുഖം ദർശിക്കുമ്പോൾ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? പാപ്പ ചോദിക്കുന്നു. പരിഭവങ്ങളും കുറ്റാരോപണങ്ങളും യാതൊന്നിനും പരിഹാരം അല്ല പക്ഷെ നമുക്ക് ചെയ്യാൻ സാധിക്കുന്നത് നമ്മുടെ കൈവശം ഉള്ള, അതൊരുപക്ഷേ നമ്മുടെ ജീവിതത്തിന്റെ കുറേ മണിക്കൂറുകളോ, കഴിവുകളോ, വിജ്ഞാനമോ ആയിരിക്കാം, എന്തുമാകട്ടെ കൊടുക്കുവാൻ തയ്യാറാവുക.
യേശുവിന്റെ കരങ്ങളിലേക്ക് അവ സമർപ്പിക്കുവാൻ നാം തയ്യാറാകുമ്പോൾ ഈ ലോകത്തിലേക്ക് നമ്മുടെയൊക്കെ ജീവിതത്തിലേക്ക് കുറേക്കൂടി സ്നേഹവും സമാധാനവും, നീതിയും ആഹ്ലാദവുമൊക്കെ കൊണ്ടുവരുവാൻ നമുക്കു കഴിയും. നമ്മളുടെ ചെറുതും, പരിമിതവുമായ പ്രശ്നങ്ങളെ സ്വീകരിച്ച് അവിടുത്തെ ഉദാത്തമായ ദാനത്തിന് നമ്മെ പങ്കുകാരാക്കാൻ ദൈവത്തിനു സാധിക്കും. പാപ്പ കൂട്ടിച്ചേർത്തു.
|