Content | രണ്ടു പതിറ്റാണ്ടിലേറെയായി കത്തോലിക്ക സഭയുടെ പടിയിറങ്ങി വ്യക്തി സഭ സ്ഥാപിക്കുകയും അതിന്റെ പാസ്റ്ററായി ശുശ്രൂഷ ചെയ്യുകയും ചെയ്തിരുന്ന പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും തിരുസഭയിലേക്ക് മടങ്ങുന്നു. ‘വീണ്ടും ജനന സഭ’, ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരുകളില്‍ ചെറുതും വലുതുമായ സമൂഹങ്ങൾ സ്ഥാപിക്കാനും ശുശ്രൂഷകൾ നടത്താനും ആരംഭിച്ച പാസ്റ്റർ ടൈറ്റസ് ഇന്ത്യയിൽ മാംഗ്ലൂർ കേന്ദ്രമാക്കിയും ഒപ്പം ഗൾഫ് നാടുകൾ, ന്യൂസിലാൻഡ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ചെറുതും വലുതുമായ സമൂഹങ്ങൾ സ്ഥാപിച്ചിരിന്നു. ശുശ്രൂഷകളും സ്‌നാനവും അഭിഷേകവുമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലെങ്കിലും ജീവിതത്തില്‍ തുടര്‍ച്ചയായി അലട്ടിയ അസംപ്തൃതിയാണ് കത്തോലിക്ക സഭയിലേക്ക് മടങ്ങുവാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
കത്തോലിക്കാ ദേവാലയത്തിലെ മതാധ്യാപകനും ദേവാലയ ശുശ്രൂഷയുമൊക്കെയായി സേവനം ചെയ്തിരുന്നെങ്കിലും ഒരനുഭവം ഒരു വ്യക്തിഗത പെന്തക്കോസ്ത് സഭ ഒരുക്കിയ ധ്യാനത്തിൽ ലഭിച്ചെന്നും ഇതാണ് പില്‍ക്കാലത്ത് വ്യക്തി സഭ ആരംഭിക്കുവാന്‍ കാരണമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. 1996 ഡിസംബറില്‍ നടന്ന ധ്യാനത്തിന് പിന്നാലെ ‘വീണ്ടും ജനന സഭ’ എന്ന പേരിൽ സഭയും ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരിൽ ശുശ്രൂഷകളും ആരംഭിക്കുകയായിരിന്നു. ഇത് പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് വളര്‍ന്നു. അബുദാബിയിൽ മാത്രം വിവിധ ജോലിക്കായെത്തിയ 300ൽപ്പരം ശ്രീലങ്കക്കാരെ ഇദ്ദേഹം സ്‌നാനപ്പെടുത്തി.
എന്നാല്‍ എന്തെന്നില്ലാത്ത ഒരു സംതൃപ്തിക്കുറവ് വേട്ടയാടുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. കാഞ്ഞങ്ങാട് നടന്ന ഒരു എക്യുമെനിക്കൽ കൺവെൻഷനിൽ ശുശ്രൂഷയ്‌ക്കെത്തിയപ്പോഴാണ് മാതൃസഭയെ കുറിച്ചുള്ള ചിന്ത വീണ്ടും മനസില്‍ നിറയുവാന്‍ ആരംഭിച്ചത്. താന്‍ തേടുന്ന പലതും കത്തോലിക്കാസഭയിൽ ഉണ്ടല്ലോ എന്ന ചിന്ത ആ ദിവസങ്ങളില്‍ നിറയുകയായിരിന്നു. തുടർന്ന്, ലക്ഷക്കണക്കിന് ജനങ്ങളെ ക്രിസ്തുവിനായി നേടിയ വിശുദ്ധ ഫ്രാൻസിസ് സേവ്യറും വിശുദ്ധ പാട്രിക്കുമെല്ലാം എന്റെ പഠനവിഷയവും പ്രാർത്ഥനാവിഷയവുമായി.
ക്രിസ്തുവിന്റെ സജീവ സാന്നിധ്യവും അപ്പസ്‌തോലന്മാരുടെ തുടർച്ചയും കത്തോലിക്കാസഭയിലാണെന്ന് ഗ്രഹിക്കാൻ തുടങ്ങിയെന്നും സ്വീഡനിലെ പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ ഉൾഫ് എക്മാനും സംഘവും കത്തോലിക്കാസഭയിലേക്ക് മടങ്ങിയ കാരണങ്ങൾ അടക്കമുള്ളവ പിന്നീട് പഠനവിധേയമാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏതാനും നാളുകൾക്കു മുന്‍പ് സഹോദരന്റെ മകളുടെ കല്യാണത്തിന് കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധ കുർബാനയിൽ വീണ്ടും പങ്കെടുത്തതു തന്റെ ചിന്തകളെ മാറ്റിമറിക്കുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു.
വിശുദ്ധ കുർബാനയിലെ ഓരോവാക്കും വചനമാണെന്നും അത് വലിയ ദൈവാനുഭവത്തിന്റെ സമയമായിരുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു. പത്രോസിന്റെ പിൻഗാമി നയിക്കുന്ന സഭയിൽ തനിക്കു തിരിച്ചെത്തണമെന്നുംതന്റെ ശുശ്രൂഷകരെയെല്ലാം പതുക്കെ പതുക്കെ ഈ വഴിയിലേക്ക് കൊണ്ടുവരണമെന്നുമുള്ള ഒറ്റ ആഗ്രഹത്തിലാണ് ടൈറ്റസ് കാപ്പന്‍. ഇപ്പോള്‍ എല്ലാ ദിവസവും മുടക്കം വരുത്തിക്കാതെ ശാലോം ടിവിയിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കുചേരാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് മുന്‍ പാസ്റ്ററുമായ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കൊസ്തു സമൂഹത്തിലുള്ള നിരവധി അംഗങ്ങളും കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കത്തോലിക്ക സഭയിലേക്ക് തിരിച്ചെത്തിയിരിന്നു. ഇത്തവണത്തെ ഡിസംബര്‍ ഇതിന് സമാനമായ അനുഗ്രഹത്തിന്റെ മറ്റൊരു വേദിയാക്കാനാണ് ടൈറ്റസ് കാപ്പന്റെ തീരുമാനം. ഭാര്യ സുശീലയും മൂന്നു മക്കളും ഉൾപ്പെടുന്ന പാസ്റ്റർ ടൈറ്റസിന്റെ കുടുംബം കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുമായി ഇതിനോടകം ചർച്ചകൾ നടത്തിയിട്ടുണ്ട്. പുനലൂർ ബിഷപ്പ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തനുമായി ഈ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |