category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സി.എഫ്. തോമസ് എംഎല്‍എയുടെ നിരാണത്തില്‍ കത്തോലിക്ക സഭയുടെ അനുശോചനം
Contentകൊച്ചി: സി.എഫ്. തോമസ് എംഎല്‍എ ചങ്ങനാശേരിയിലും കേരളത്തിലെല്ലായിടത്തും എല്ലാവര്‍ക്കും സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നാല്പതു വര്‍ഷത്തോളം ചങ്ങനാശേരി നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്ത അദ്ദേഹം താനുള്‍പ്പെട്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടിയിലും സര്‍ക്കാര്‍ തലങ്ങളിലും ഏവരാലും ആദരിക്കപ്പെട്ടിരുന്ന വ്യക്തിയാണെന്നു മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ ഏവര്‍ക്കും സേവനംചെയ്ത ജനനേതാവായിരുന്നു അദ്ദേഹം. എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും എസ്ബി ഹൈസ്‌കൂളിലെ പ്രശസ്തനായ അധ്യാപകനുമായിരുന്ന അദ്ദേഹം ചങ്ങനാശേരിക്കാര്‍ക്കു പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. പൊതുജീവിതം ആരംഭിച്ചതുമുതല്‍ ചങ്ങനാശേരി നഗരത്തെ സ്വന്തമെന്നോണം കരുതി വികസനപദ്ധതികളിലൂടെ പുരോഗതിയിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എല്ലാറ്റിനുമുപരി തികഞ്ഞ ദൈവവിശ്വാസത്തിലും ക്രൈസ്തവ ജീവിതനിഷ്ഠയിലും ലാളിത്യത്തിലും തന്റെ ജീവിതത്തെ അദ്ദേഹം മറ്റുള്ളവര്‍ക്കു മാതൃകയാക്കി. ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്യുന്ന അപൂര്‍വം ജനനേതാക്കളില്‍ ഒരാളാണ് സി.എഫ്. തോമസെന്നും കര്‍ദ്ദിനാള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. നീതിബോധത്തോടും ധര്‍മ്മനിഷ്ഠയോടുംകൂടി പ്രവര്‍ത്തിച്ച സത്യസന്ധനായ രാഷ്ട്രീയക്കാരനായിരുന്നു സി എഫ് തോമസ് എം.എല്‍.എയെന്നു ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ചെറുപ്രായത്തില്‍തന്നെ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ വേദിയിലെത്തിയ സിഎഫ് കേരള കോണ്‍ഗ്രസ് സ്ഥാപകനേതാക്കളില്‍ ഒരാളായി രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയും അവസാനംവരെ ഉത്തമനായ ഒരു രാഷ്ട്രീയക്കാരനായി ജനസേവനം നിര്‍വഹിക്കുകയും ചെയ്തു. ബോധ്യങ്ങളില്‍ ഉറച്ചുനിന്നിരുന്ന സിഎഫ് സംസാരത്തിലും ഇടപെടലുകളിലും തികഞ്ഞ മാന്യത പുലര്‍ത്തുകയും പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്ന കുലീന വ്യക്തിത്വത്തിനുടമയായിരുന്നു. ഒമ്പതു തവണ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിഎഫ് 43 വര്‍ഷം എം.എല്‍.എ. ആയി തുടര്‍ന്നു. അധ്യാപകനായിരുന്ന സിഎഫ് സാര്‍ രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായപ്പോഴും അധ്യാപകന്റേതായ പക്വതയോടും ആശയത്തെളിമയോടും യുക്തിഭദ്രതയോടും കൂടിയാണ് വ്യാപരിച്ചത്. സ്വന്തം ലാഭത്തിനുവേണ്ടി നീതിയും ധര്‍മ്മവും വെടിഞ്ഞ് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നില്ല അദ്ദേഹം. അധികാര പദവികളുടെ പിറകെ പോയതുമില്ല. എന്നും സത്യസന്ധതയോടെ പ്രവര്‍ത്തിക്കുകയും, ആളുകളുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവരോടൊപ്പം ആയിരിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. മുഖം നോക്കാതെ അദ്ദേഹം ജനങ്ങളെ സേവിച്ചു; ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. തങ്ങളുടെ ആവശ്യങ്ങളില്‍ ഓടിയെത്തുന്ന ജനനേതാവിനെ ചങ്ങനാശേരിക്കാര്‍ കൈവിട്ടില്ല. സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തനനിരതനായിരുന്ന സിഎഫ് തോമസ് സഭയോടും ചങ്ങനാശ്ശേരി അതിരൂപതയോടും എന്നും വിശ്വസ്തത പുലര്‍ത്തിയിരുന്നു. ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. കെ.സി.എസ്.എല്‍ എന്ന കത്തോലിക്ക വിദ്യാര്‍ത്ഥി സംഘടനയുടെ അമരക്കാരില്‍ ഒരുവനായും 40 വര്‍ഷം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും അദ്ദേഹം സഭയിലും തന്റെ അല്മായ ദൗത്യം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചു. അതിരൂപത അദ്ദേഹത്തിന് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. എല്ലാദിവസവും തന്നെ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്കണഞ്ഞിരുന്ന തോമസ് സാര്‍ ഏവര്‍ക്കും ഉത്തമമാതൃകയായിരുന്നു. അഴിമതി തീണ്ടാത്ത ജന നേതാവായിരുന്ന സി എഫ് എല്ലാവരുമായും നല്ല വ്യക്തി ബന്ധം പുലര്‍ത്തുകയും പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേകം നിലകൊള്ളുകയും ചെയ്തിരുന്നു. ഒരുത്തമ രാഷ്ട്രീയക്കാരനെയും നിസ്വാര്‍ത്ഥ ജനസേവകനെയുമാണ് നമ്മുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. തോമസ് സാറിന്റെ ദേഹവിയോഗത്തില്‍ ചങ്ങനാശേരി അതിരൂപതയുടെ ആദരവും പ്രാര്‍ത്ഥനയും നേരുന്നു. ദൈവം അദ്ദേഹത്തിന് നിത്യശാന്തി നല്‍കട്ടെയെന്നും ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ക്കു സമാധാനത്തോടെ ജീവിക്കാനുള്ള ഇടമായി തന്റെ നിയോജകമണ്ഡലം നിലനില്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി മൂല്യങ്ങളെ ബലികഴിക്കാത്ത ആദര്‍ശധീരനായിരുന്നു സി.എഫ്. സാര്‍. ചങ്ങനാശേരി അതിരൂപതയുടെ അഭിമാനപുത്രനായിരുന്നു അദ്ദേഹം. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തെ ഏറ്റവുമധികം കണ്ടിരുന്നത് ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയിലാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് വ്യക്തിപരമായ അനുശോചനം അറിയിക്കുന്നുവെന്നും മാര്‍ തോമസ് തറയില്‍ പ്രസ്താവനയില്‍ കുറിച്ചു. രാഷ്ട്രീയത്തില്‍ സൗമ്യതയുടെയും സംശുദ്ധിയുടെയും തേജസാര്‍ന്ന മുഖമായിരുന്നു സി.എഫ്. തോമസിന്റേതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തിലെന്നു പറഞ്ഞു. അദ്ധ്യാപകനെന്ന നിലയിലും കേരള കത്തോലിക്കാ സ്റ്റുഡന്‍സ് ലീഗിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍, നിയമസഭാ സാമാജികന്‍, സംസ്ഥാന മന്ത്രി എന്നീ നിലകളിലും അദ്ദേഹം ചെയ്ത സേവനങ്ങളെ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. സി.എഫ്. തോമസ് മികച്ച സംഘാടകനായിരുന്നു; ഒപ്പം ഒരു നല്ല പ്രഭാഷകനും. തന്നെ എതിര്‍ക്കുന്നവരെയും ചേര്‍ത്ത് പിടിച്ചു മുമ്പോട്ടു പോകുന്ന സഹവര്‍ത്വത്തിന്റെ രാഷ്ട്രീയ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും അനുസ്മരിക്കപ്പെടുമെന്നും ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തിലെന്നും പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-28 10:03:00
Keywordsചങ്ങനാശേരി
Created Date2020-09-28 15:34:18