Content | വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധതയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുവാന്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെ പതിനാറംഗങ്ങള്‍ യു.എസ് അറ്റോര്‍ണി ജനറല്‍ ബില്‍ ബാറിന് കത്തയച്ചു. അമേരിക്കയിലെ കത്തോലിക്ക വിദ്വേഷത്തിന്റെ പിന്നിലെ സംഘടനാപരവും സൈദ്ധാന്തികവുമായ ബന്ധങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25ന് അയച്ച കത്തില്‍ പറയുന്നു. ഇന്ത്യാന പ്രതിനിധി ജിം ബാങ്ക്സിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ അയച്ച കത്തില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും എതിരെ നടന്ന ഭീകരവും ക്രൂരവുമായ അക്രമങ്ങളില്‍ ആശങ്കയും രേഖപ്പെടുത്തി.
കത്തോലിക്ക ദേവാലയങ്ങളും സ്വത്തുക്കളും ആക്രമിക്കപ്പെടുന്ന പ്രവണത തങ്ങള്‍ മാത്രമല്ല ശ്രദ്ധിച്ചതെന്നും, നിരവധി മാധ്യമങ്ങളും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ജൂലൈ 12ന് ബോസ്റ്റണിലെ സെന്റ് പീറ്റേഴ്സ് ഇടവക ദേവാലയത്തിലെ കന്യകാമാതാവിന്റെ രൂപം തകര്‍ക്കപ്പെട്ടതും തൊട്ട് മുന്‍പിലത്തെ ദിവസം മറ്റൊരു കത്തോലിക്ക ദേവാലയത്തിനുള്ളിലേക്ക് വാന്‍ ഓടിച്ചുകയറ്റി ഗ്യാസോലിന്‍ വലിച്ചെറിഞ്ഞതും ജൂലൈ 11ന് കാലിഫോര്‍ണിയ സാന്‍ ഗബ്രിയേല്‍ മിഷന്‍ അഗ്നിക്കിരയായതും, വിശുദ്ധ ജൂനിപെറോ സെറായുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതും രൂപം തകര്‍ത്തതും ചാട്ടാനൂഗയിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ ശിരസ്സ് തകര്‍ത്തതും സെപ്റ്റംബര്‍ 11ന് ബ്രൂക്ലിന്‍ രൂപതയില്‍ ഗ്വാഡലൂപ്പ മാതാവിന്റെ രൂപം മറിച്ചിട്ടതും സെപ്റ്റംബര്‍ 16ന് ടെക്സാസിലെ എല്‍ പാസോ കത്തീഡ്രലിലെ 90 വര്‍ഷം പഴക്കമുള്ള തിരുഹൃദയ രൂപം തകര്‍ക്കപ്പെട്ടതും ഉള്‍പ്പെടെ സമീപകാലത്ത് കത്തോലിക്കാ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 9ന് പകല്‍ വെളിച്ചത്തില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തകര്‍ത്തത് കത്തോലിക്കാ വിശ്വാസത്തിനു നേര്‍ക്കുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ബ്രൂക്ലിന്‍ രൂപതയുടെ പ്രതിനിധിയായ ജോണ്‍ ക്വാഗ്ലിയോണ്‍ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരിന്നു. വടക്കേ അമേരിക്കയില്‍ ഈ വര്‍ഷം മാത്രം ഇത്തരത്തിലുള്ള ഏതാണ്ട് എഴുപതോളം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയില്‍ മാത്രം 2020 മെയ് മുതല്‍ ഏതാണ്ട് അന്‍പത്തിയേഴോളം ദേവാലയ ആക്രമണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2018 മുഴുവന്‍ കണക്കും നോക്കിയാല്‍ ഇത്തരത്തിലുള്ള വെറും 53 സംഭവങ്ങള്‍ മാത്രമാണ് എഫ്.ബി.ഐയുടെ കണക്കിലുള്ളത്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ നാലു മടങ്ങ് അക്രമങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ നീതിന്യായ വകുപ്പിനും, പൗരാവകാശ വിഭാഗത്തിനും ബാധ്യതയുണ്ടെന്ന്‍ പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. അമേരിക്കയിലെ ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ കത്തോലിക്ക വിശ്വാസിയായതിനാല്‍ വിഷയത്തില്‍ നടപടിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ പ്രതീക്ഷ.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IauZ4dD4a338yKpmUm52UU}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |