category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുവിന്റെ ഗന്ധമുള്ള വിശുദ്ധ ഫ്രാൻസിസ് അസീസ്സി
Content"രണ്ടാം ക്രിസ്തു" എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ഇന്ന് തിരുസഭാ ആഘോഷിക്കുകയാണ്. എല്ലാവർക്കും സ്നേഹത്തോടെ  മംഗളാശംസകൾ നേരുകയും, ഒപ്പം വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി, ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.  "എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ." ക്രിസ്തുവിനെ അനുഗമിക്കുവാനുള്ള വിളി എല്ലാവർക്കുമുള്ളതാണ്. പക്ഷേ വിശുദ്ധ ഫ്രാൻസിസ് അസീസ്സിയെ പോലെ ക്രിസ്തുവിനെ ആരെങ്കിലും അനുകരിച്ചിട്ടുണ്ടോ  എന്ന് സംശയമാണ്. ജീവിച്ചിരിക്കുമ്പോൾതന്നെ വിശുദ്ധൻ, രണ്ടാം ക്രിസ്തു, ചരിത്രത്തിലാദ്യമായി പഞ്ചക്ഷതം ലഭിച്ചവൻ, എന്നൊക്കെ അറിയപ്പെടാനുള്ള ഭാഗ്യം,ഒരു നിസാരകാര്യമല്ല. അതിന് വിശുദ്ധ ഫ്രാൻസിസ് അസീസി കടന്നുപോയത്,  തിരസ്കരണത്തിന്റെയും, വേദനയുടെയും, ത്യാഗത്തെയും,  പ്രായശ്ചിത്തപ്രവർത്തികളുടെയും, സ്വയം ശൂന്യവൽക്കരണത്തിന്റെയും,  പുണ്യത്തിന്റെയും ജീവിതാനുഭവങ്ങളിലൂടെയായിരുന്നു. ദൈവമേ, "മറ്റൊരു ക്രിസ്തുവായി" മാറേണ്ട പുരോഹിതനായ ഞാൻ അങ്ങയുടെ മുൻപിൽ നിസ്സഹായനായി നിൽക്കുമ്പോൾ, പൗരോഹിത്യം  സ്വീകരിക്കാൻ യോഗ്യതയില്ല എന്ന് സ്വയം എളിമപ്പെട്ടു  പറഞ്ഞവൻ,  "രണ്ടാം ക്രിസ്തു" എന്ന് വിളിക്കപെടുമ്പോൾ, ഞാനും പ്രാർത്ഥിച്ചു പോവുകയാണ് " ദൈവമേ, എന്നിൽ ഒരു ക്രിസ്തു രൂപപ്പെട്ടിരുനെങ്കിൽ!"  "ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ..." ഫ്രാൻസിസ് അസീസ്സിയുടെ ഈ  പ്രാർത്ഥന, എന്നും വിശുദ്ധ കുർബാനയ്ക്കു ശേഷം ഞങ്ങളുടെ ഇടവക ദേവാലയത്തിൽ ചൊല്ലിയിരുന്നതു കൊണ്ട് കുഞ്ഞുനാളു തുടങ്ങി വിശുദ്ധ ഫ്രാൻസിസ് അസീസ്സിയോട് എന്റെ ഉള്ളിലൊരു സ്നേഹമുണ്ടായിരുന്നു. "എന്നെങ്കിലും വിശുദ്ധൻ ജീവിച്ച പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധിക്കണേ, എന്ന് വിശുദ്ധനോട് പ്രാർത്ഥിക്കുമായിരുന്നു. അത്  ഒരു  വിദൂരസ്വപ്നം മാത്രമാണന്നു അറിയാമെങ്കിലും, കുഞ്ഞുനാളിലെ എന്റെ ആഗ്രഹമായിരുന്നു അത്. പക്ഷെ സുഹൃത്തേ, നിന്റെ പ്രാർത്ഥന നിഷ്കളങ്കമാണെങ്കിൽ, വിശ്വാസത്തോടെയുള്ളതാണെങ്കിൽ, ആത്മാർത്ഥതയുള്ളതാണെങ്കിൽ, വിശുദ്ധരോടു മാദ്ധ്യസ്ഥം യാചിച്ചാൽ തീർച്ചയായും നടക്കും എന്നത് സത്യമാണ്.കഴിഞ്ഞ വർഷം ഇറ്റലിയിലുള്ള, അസീസി നഗരത്തിൽ പോകുവാനും, വിശുദ്ധൻ ജീവിച്ച  പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഉള്ള ഭാഗ്യം എനിക്ക്  ഉണ്ടായി. ദൈവത്തിനു സ്തുതി.  വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രം അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയുമില്ല. പുണ്യം നിറഞ്ഞ, എളിമ നിറഞ്ഞ, വിശുദ്ധി നിറഞ്ഞ, തന്റെ ജീവിതം കൊണ്ട്, തിരുസഭയെ ഇത്രമാത്രം സ്വാധീനിച്ചിട്ടുള്ള മറ്റൊരു വിശുദ്ധൻ ഉണ്ടാവുകയില്ല. ധനികനായ വസ്ത്ര വ്യാപാരിയുടെ മകൻ ആയിരുന്നുവെങ്കിലും "ദൈവം ഒരു അനുഭവമായപ്പോൾ", ഉടുതുണി പോലും അഴിച്ചു കളഞ്ഞു ക്രിസ്തുവിനെ അനുധാവനം ചെയ്യുവാൻ ചങ്കുറപ്പോടെ വീടുവിട്ടു ഇറങ്ങി.  ഇന്ന്, വീട് വിട്ടിറങ്ങി എന്നു പറയുന്നവരുടെ ഉള്ളിൽ പോലും ഇനിയും ഉപേക്ഷിക്കാത്ത എത്രയോ "വീട്  അനുഭവങ്ങൾ!"  വിശുദ്ധ ഫ്രാൻസീസിന്റെ ജീവിതത്തിലെ നിർണായകമായ ഒരു വഴിത്തിരിവായിരുന്നു, അസീസിയിലുള്ള "സാൻ ഡാമിയാനോ"  ദേവാലയത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ, അവൻ കേട്ട ദൈവത്തിന്റെ സ്വരം. " ഫ്രാൻസിസ് തകർന്നുകിടക്കുന്ന ദേവാലയം നീ പുതുക്കിപ്പണിയുക." സ്വന്തം കരം കൊണ്ട് സാൻ  ഡാമിയാനോ ദേവാലയം പുതുക്കി പണിയുവാൻ ഫ്രാൻസിസ് ആരംഭിച്ചു. എന്നാൽ പിന്നീട് ഫ്രാൻസീസിന് മനസ്സിലായി, താൻ പുതുക്കി പണിയേണ്ട ദേവാലയം തിരുസഭ മാത്രമല്ല, "തന്റെ ഉടലാകുന്ന, ശരീരമാകുന്ന ദേവാലയം തന്നെയാണെന്ന്! അതേ,നിന്റെ ശരീരം പരിശുദ്ധാത്മാവിനെ ആലയമാണ്. ദൈവമേ,  ഞാനാകുന്ന ദൈവാലയം പുതുക്കി പണിയാൻ എന്ന് തുടങ്ങും? സുഹൃത്തേ, നിന്നിൽ ഒരു "പള്ളി" പണി ആരംഭിക്കാൻ ഇനിയും വൈകരുത്. അസീസിയിലുള്ള സെന്റ് മേരീ ഓഫ് ഏഞ്ചൽസ് ബസിലിക്കയുടെ അരികിൽ, "മുള്ളില്ലാത്ത ഒരു റോസാപൂന്തോട്ടം" കാണുവാൻ സാധിക്കും. ഒരുവേള അതിശയമെങ്കിലും സത്യമിതാണ്, സന്യാസജീവിതം ഉപേക്ഷിക്കുവാനും, ലോകമോഹങ്ങളുടെ  ഭൗതികജീവിതം സ്വീകരിക്കുവാനുള്ള തീവ്രമായ പ്രലോഭനങ്ങൾ ഉണ്ടായപ്പോൾ, വിശുദ്ധ ഫ്രാൻസിസ് നഗ്നനായി ആ റോസാ ചെടികളിൽ കിടന്നുരുണ്ടു പരിത്യാഗം അനുഷ്ഠിച്ചു. വിശുദ്ധന്റെ വിശുദ്ധിയുടെ അടയാളമെന്നോണം ഇന്നും പൂന്തോട്ടത്തിൽ ഒരു മുള്ള് പോലുമില്ല. ദൈവമേ എത്ര റോസാചെടികളിൽ കിടന്നുരുണ്ടാലാണ് എന്റെ ജീവിതത്തിൽ മാറ്റം വരുക?  ചരിത്രം പറയുന്നു, തന്റെ മാനസാന്തരത്തിന് ശേഷം, വിശുദ്ധ ഫ്രാൻസിസ് തെരുവിൽ അലഞ്ഞുനടക്കുന്ന, സമൂഹം പുറംതള്ളിയ, കുഷ്ഠരോഗികളെപോലും ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി, സന്തോഷത്തോടെ ആശ്ലേഷിക്കുമായിരുന്നു. ഒരിക്കൽ ഒരു കുഷ്ഠരോഗിയെ  ഫ്രാൻസിസ് ആശ്ലേഷിച്ചപ്പോൾ അവൻ വിളിച്ചുപറഞ്ഞു: "You smell Christ", "നിനക്ക് ക്രിസ്തുവിന്റെ ഗന്ധമാണ്!!!സുഹൃത്തേ വിശുദ്ധ ഫ്രാൻസിസ് നമ്മോടും പറയുന്നത് മറ്റൊന്നുമല്ല, "നിന്നിൽ ക്രിസ്തുവിന്റെ ഗന്ധം ഉണ്ടാകണം." പലപ്പോഴും നമ്മുടെ ഗന്ധം മറ്റുള്ളവർ അറിയാതിരിക്കാൻ "പെർഫ്യൂം" അടിച്ചു നടക്കുന്നവരല്ലേ നമ്മൾ?  നിന്റെ കുടുംബത്തിൽ, നിന്റെ സമൂഹത്തിൽ, നീ ആയിരിക്കുന്ന  സ്ഥലങ്ങളിൽ, നിന്റെ  സാന്നിധ്യം മറ്റുള്ളവർക്ക് എപ്രകാരമാണ്? "ഇവൻ ജനിക്കാതിരുന്നെങ്കിൽ" എന്നു പറയത്തക്ക വിധത്തിൽ, മറ്റുള്ളവർക്കു നിന്റെ സാന്നിധ്യം അരോചകമായി മാറുന്നുണ്ടോ, അതോ ആശ്വാസം നൽകുന്നതാണോ? ഓർക്കുക, ഉത്ഥാനത്തിനു ശേഷം ശിഷ്യന്മാർ ക്രിസ്തുവിനെ തിരിച്ചറിഞ്ഞതു അവന്റെ മുറിവുകളിലൂടെയായിരുന്നു. അതുപോലെ, മറ്റുള്ളവർക്കുവേണ്ടി നിന്റെ സഹനത്തിലൂടെ, നൊമ്പരങ്ങളിലൂടെ, ത്യാഗത്തിലൂടെ, കണ്ണുനീരിലൂടെ, പ്രാർത്ഥനയിലൂടെ, നീയും അവർക്കു ക്രിസ്തുവായി മാറുക. നിന്നിലും തിരുമുറിവുകൾ അവശേഷിക്കട്ടെ! വിശുദ്ധ ഫ്രാൻസീസിന്റെ മാധ്യസ്ഥം നമ്മെ അതിനു  സഹായിക്കട്ടെ.  വിശുദ്ധ ഫ്രാൻസിസ് പഠിപ്പിച്ച പ്രാർത്ഥന നമുക്ക് ഒരിക്കൽ കൂടി ഏറ്റു പ്രാർത്ഥിക്കാം. "ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്തു സ്നേഹവും, ദ്രോഹമുള്ളിടത്തു ക്ഷമയും, സന്ദേഹമുള്ളിടത്തു വിശ്വാസവും, നിരാശയുള്ളിടത്തു പ്രത്യാശയും, അന്ധകാരമുള്ളിടത്തു പ്രകാശവും, സന്താപമുള്ളിടത്തു സന്തോഷവും,ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും, മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും, എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്". ആമേൻ. എല്ലാവർക്കും ഒരിക്കൽ കൂടി, വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാളാശംസകളും, പ്രാർത്ഥനകളും. ദൈവം അനുഗ്രഹിക്കട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-04 15:16:00
Keywordsഫ്രാൻസിസ് അസീസി, ക്രിസ്തു
Created Date2020-10-04 20:58:13