Content | #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}}
#{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}}
#{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}}
#{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}}
#{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}}
#{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}}
ആഴ്ചകളോളം നീണ്ടുനിന്ന പൈശാചിക ആക്രമണങ്ങളിൽ ഡസൻ കണക്കിനു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഏതാനുംപേർ ആ കിരാത മർദ്ദനങ്ങൾ അത്ഭുതകരമായി അതിജീവിച്ചു. മരണത്തിന്റെ വക്കിൽ നിന്ന് തങ്ങളെ രക്ഷിച്ച അനുഗ്രഹത്തിന്റെ കഥകൾ ലോകത്തിന് വെളിപ്പെടുത്തുവാൻ അവരെ തുണച്ച ദൈവത്തിന്റെ വഴികൾ എത്രയോ നിഗൂഢങ്ങളാണ്. ഭാഗിക രക്തസാക്ഷിത്വം സഹിച്ച് ഭാഗ്യവശാൽ രക്ഷപെട്ടവർ അനുഭവിച്ച ക്രൂരമർദ്ദനങ്ങളുടെ കരളലിയിക്കുന്ന ഏതാനും സാക്ഷ്യങ്ങൾ ഇവിടെ ചേർക്കുന്നു.
#{black->none->b->നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }#
ക്രിസ്തുവിന്റെ അനുയായികളെ പീഡിപ്പിക്കുന്നത് തന്റെ കടമയായി സ്വീകരിച്ച സാവൂൾ പൗലോസായിത്തീർന്ന മാനസാന്തരം ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും ആവേശോജ്ജ്വലമായ ഒന്നാണ്. ഡമാസ്‌ക്കസിലേക്കുള്ള യാത്രാമധ്യേയുണ്ടായ ദർശനം അദ്ദേഹത്തിന്റെ ഹൃദയത്തെ ആർദ്രമാക്കി. സാവൂൾ അനുതപിക്കുകയും ക്രിസ്ത്യാനിയാകുകയും പിന്നീട് കഠിനമായ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തു.
ഇതിനു തുല്യമാണ് നിലാദ്രി കൺഹറിന്റെ മാനസാന്തരം. സാവൂളിനെപോലെ, ക്രിസ്തീയ വിശ്വാസം ആശ്ലേഷിക്കുന്നതുവരെ വർഷങ്ങളോളം ക്രൈസ്തവരെ പീഡിപ്പിച്ച വ്യക്തിയാണ് നിലാദ്രി. ഫിരിംഗിയായ്ക്കടുത്തുള്ള തിലപ്പിള്ളി ഗ്രാമത്തിലാണ് 1970-ൽ നിലാദ്രി ജനിച്ചത്. കൗമാരകാലത്ത് സ്വാമി ലക്ഷ്മണാനന്ദയുടെ കാവൽഭടനായി വളർന്ന അദ്ദേഹം മൂന്നു പതിറ്റാണ്ടിലേറെ മൗലികവാദികളുടെ സഹചാരിയായിരുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രാദേശിക നേതാവ് എന്ന സ്ഥാനത്തേക്ക് ക്രമേണ ഉയർന്ന നിലാദ്രി ക്രൈസ്തവർക്കെതിരെ അനേകം ആക്രമണങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വളരെയധികം ക്രൈസ്തവരെ വിശ്വാസം ത്യജിച്ച് ഹിന്ദുക്കളാകാൻ നിർബന്ധിക്കുകയും നിരവധി ദൈവാലയങ്ങൾ തകർക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു അദ്ദേഹം.
നിലാദ്രി ക്രൈസ്തവനാകാൻ നിശ്ചയിച്ചതോടെ അദ്ദേഹത്തിന്റെ ലോകംതന്നെ കീഴ്മേൽ മറിഞ്ഞപോലെയായി. അതോടെ അയാൾ സ്വന്തം കുടുംബാംഗങ്ങൾക്കുപോലും അനഭിമതനായി. കൂടാതെ, കാവിപ്പടയുടെ വിദ്വേഷവും സാമൂഹിക ബഹിഷ്‌കരണവും നിലാദ്രിക്കും കുടുംബത്തിനും സഹിക്കേണ്ടിവന്നു. നിലാദ്രിയുടെ ഭാര്യ ഉഷാറാണിക്ക് 2005 -ൽ ഉണ്ടായ ദർശനങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നാടകീയ പരിവർത്തനത്തിന് വഴിയൊരുക്കിയത്. മദ്യപാനം ഉപേക്ഷിക്കണമെന്ന് അവൾ ഭർത്താവിനോട് നിർദ്ദേശിച്ചു. വീട്ടിൽ മത്സ്യമാംസാദികൾ ഉപയോഗിക്കുന്നതും വിലക്കി. തന്റെ അഞ്ചു മക്കളെയും രോഗബാധിതരാക്കിയിരുന്ന ദുഷ്ടശക്തിയെ ആട്ടിയോടിക്കുവാനുള്ള ശ്രമമായിരുന്നു അത്. (പിന്നീട് അവൾക്ക് ഒരു കുഞ്ഞ് കൂടി പിറന്നിരുന്നു.)
ഒരാളുടെ അസുഖം ശമിക്കുമ്പോഴേക്കും അടുത്ത ആൾ കിടപ്പിലാകും. ഉഷാറാണി അനുസ്മരിച്ചു. പ്രശ്നപരിഹാരാർത്ഥം ആ കുടുംബം അനേകം ക്ഷേത്രങ്ങളിൽ പോയി. പൂജാരിമാരെ സന്ദർശിച്ചു. ദുഷ്ടാരൂപികളെ ബഹിഷ്‌കരിക്കുന്നതിന് അവർ നിർദ്ദേശിച്ച യാഗക്രിയകളെല്ലാം നിറവേറ്റി. ഈ നെട്ടോട്ടത്തിനിടയിൽ സ്വർണ്ണാഭരണങ്ങളും 18 ആടുകളെയും വിൽക്കേണ്ടിവന്നു.
കുടുംബസ്വത്തായി ലഭിച്ച ഫലഭൂയിഷ്‌ഠമായ അഞ്ചേക്കർ സ്ഥലത്ത് കൃഷിയിറക്കുവാൻ, നിരാശയും ദാരിദ്ര്യവും നിമിത്തം, നിലാദ്രിക്കു കഴിഞ്ഞില്ല. കൃഷിയിടം പാട്ടത്തിനുകൊടുത്ത് മുൻകൂറായി കിട്ടിയ സംഖ്യ കൊണ്ടാണ് നിലാദ്രി കുടുംബം മുന്നോട്ടുകൊണ്ടുപോയിരുന്നത്. ക്ഷേത്ര സന്ദർശനങ്ങളും ബലിയർപ്പണങ്ങളും തുടരുമ്പോഴും സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയായിരുന്നു. മാരകമായി രോഗം ബാധിച്ച മൂന്നാമത്തെ കുട്ടി മീനയെ 2005 ഒക്ടോബർ മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.നിലാദ്രി മകളോടൊത്ത് ആശുപത്രിയിലും ഭാര്യ മറ്റു മക്കൾക്ക് സുഖമില്ലാതിരുന്നതിനാൽ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്.
ഒക്ടോബർ ആറാംതീയതി വീട്ടിൽ തിരിച്ചെത്തിയ നിലാദ്രിയോട് രണ്ടു ദിവസം മുമ്പ് ഒരു പാസ്റ്റർ വീട്ടിൽ വന്ന വിശേഷം ഉഷാറാണി പങ്കുവച്ചു. പാസ്റ്റർ പവിത്ര മഹാമ കാട്ടയെ ആദ്യം കണ്ട അനുഭവം നിലാദ്രി പങ്കുവച്ചു. "എനിക്ക് മറ്റു മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചുറ്റുപാടും ഇരുട്ടും നിരാശയുമായിരുന്നു. അതിനാൽ പാസ്റ്റർ പ്രാർത്ഥന ആരംഭിച്ചപ്പോൾ ഞാനും അത് ശ്രദ്ധിച്ചു. രണ്ടുമണിക്കൂർ ദീർഘിച്ച പ്രാർത്ഥനയ്ക്കുശേഷം എനിക്ക് അൽപം ആശ്വാസം തോന്നി.
പാസ്റ്റർ പവിത്രയുടെ സന്ദർശനത്തോടെ വീട്ടിലുണ്ടായ അത്ഭുതകരമായ മാറ്റങ്ങളെക്കുറിച്ച് നിലാദ്രി പറഞ്ഞു; 'മീനയുടെ സ്ഥിതി മെച്ചമായി. വളരെ ദിവസങ്ങൾക്കുശേഷം അവൾ ഭക്ഷണം കഴിച്ചു. മറ്റു കുട്ടികളാകട്ടെ, ഓടിക്കളിക്കാനും തുടങ്ങി. പെട്ടെന്നുള്ള ഈ മാറ്റങ്ങൾ കണ്ട് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏറെ നാളുകൾക്കുശേഷം കുടുംബത്തിൽ നിരാശയ്ക്കു പകരം പ്രത്യാശയും ആഹ്ളാദവും കളിയാടി." പാസ്റ്റർ പവിത്ര, നിലാദ്രിയുടെ ഭവനത്തിൽ നിത്യസന്ദർശകനാനണെന്നത് കാട്ടുതീ പോലെ പടർന്നു. അതോടെ നിലാദ്രിയുടെ സംഘപരിവാർ കൂട്ടാളികൾ കലിപൂണ്ടു.
2006 ഫെബ്രുവരിയിൽ നിലാദ്രിയുടെ ബുദ്ധിമാന്ദ്യമുള്ള പതിനാറുകാരനായ മകൻ ബാന്ധുവിനെ കാണാതായി. ഇതറിഞ്ഞ ഏതാനും ഹിന്ദുക്കൾ പ്രതികരിച്ചത് ഇപ്രകാരമാണ്. "നീ ക്രിസ്തുമതം സ്വീകരിച്ചതിനാൽ നിനക്ക് മകനെ ഒരിക്കലും തിരിച്ചുകിട്ടുകയില്ല. നിന്റെ മകനെ നഷ്ടപ്പെട്ടപ്പോൾ നിന്റെ കർത്താവ് എവിടെയാണ്?" കുത്തുവാക്കുകൾ ശ്രദ്ധിക്കാതെ നിലാദ്രി ആത്മധൈര്യത്തോടെ പ്രാർത്ഥന തുടർന്നു. അദ്ദേഹം മകന്റെ തിരോധാനത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. കന്ധമാൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മകനെ കണ്ടെത്തുന്നതിന് വക്കീലന്മാരുടെ സഹായത്തോടെ ഒഡീഷാ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
നിലാദ്രിയുടെ പരിശ്രമങ്ങൾ വിഫലമായില്ല. കന്ധമാലിൽ നിന്ന് 1,500 കി.മീ. അകലെയുള്ള പോണ്ടിച്ചേരിയിൽ നിന്ന് മകനെ കണ്ടുകിട്ടി. കാണാതായതിന് 37 ദിവസങ്ങൾക്കു ശേഷം ബാന്ധുവിനെ വീട്ടിൽ തിരിച്ചെത്തിച്ചപ്പോഴാണ് ഗൂഡാലോചനയുടെ ചുരുളഴിഞ്ഞത്. ഹിന്ദുമതം ഉപേക്ഷിച്ച നിലാദ്രിയെ ഒരു പാഠം പഠിപ്പിക്കുന്നതിന് കാവിസംഘം തന്നെ നടപ്പിലാക്കിയതായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ.
പാസ്റ്റർ പവിത്രയുടെ പ്രാർത്ഥനാഫലമായി നിലാദ്രിയുടെ കുടുംബം കൈവരിച്ച സൗഖ്യം അറിഞ്ഞ അയൽവാസികൾ അത്ഭുതപ്പെട്ടു. ശമിക്കാത്ത രക്തസ്രാവമുണ്ടായിരുന്ന മകൾക്കുവേണ്ടി, ലോഹരി കൺഹർ പാസ്റ്ററിനെ തേടി നിലാദ്രിയുടെ ഭവനത്തിലെത്തിയത് അങ്ങനെയാണ്. രോഗിയായ പെൺകുട്ടിക്കുവേണ്ടി പ്രാർത്ഥിച്ചതിനുശേഷം, പാസ്റ്റർ പവിത്ര ആ അമ്മയോടു പറഞ്ഞു: "ദൈവം നിങ്ങളുടെ മകളെ രക്ഷിക്കും."
അവരുടെ അഭ്യർത്ഥന മാനിച്ച് പാസ്റ്റർ ആ സ്ത്രീയുടെ വീട്ടിൽ പോയി പ്രാർത്ഥിച്ചു. ഏറെ ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു അവളുടെ മകൾ, പ്രാർത്ഥന കഴിഞ്ഞയുടൻ കണ്ണുകൾ തുറന്ന് "അമ്മേ" എന്ന് വിളിച്ചു. ഇതുകണ്ടുനിന്ന ലോഹരി വിസ്മയിച്ചു. നിലാദ്രി ആ വീട്ടിൽ ചെല്ലുമ്പോൾ ആ പെൺകുട്ടി എഴുന്നേറ്റിരിക്കുകയായിരുന്നു. പിറ്റേദിവസം പാസ്റ്ററുമൊത്ത് നിലാദ്രി അവിടെ ചെന്നപ്പോൾ ആ കുട്ടി പുസ്തകം വായിക്കുന്നതാണ് കണ്ടത്. മറ്റൊരു ഹിന്ദു കുടുംബം കൂടി പാസ്റ്ററുടെ സ്വാധീനത്തിലായത് മൗലികവാദികൾ ചൊടിപ്പിച്ചു. അവർ 2007 മെയ് 6-ന് പാസ്റ്റർ പവിത്രയെ മർദ്ദിച്ചവശനാക്കി.
(നീലാദ്രിയെക്കാൾ ഏറെമുമ്പ് ക്രിസ്തുമതം സ്വീകരിച്ച് പാസ്റ്ററായിത്തുതീർന്ന പവിത്ര കുറെ നാളുകളായി സ്വാമി ലക്ഷ്മണാനന്ദയുടെയും അനുയായികളുടെയും നോട്ടപ്പുള്ളികളിൽ ഒരാളായിരുന്നു. ചക്കപ്പാട് എന്ന സ്ഥലത്ത് സ്വാമി ലക്ഷ്മണാനന്ദ നടത്തിയിരുന്ന ഹോസ്റ്റലിൽ താമസിച്ച് ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കിയ പവിത്ര, 1999 വരെ സ്വാമിയുടെ ആഹ്വാനപ്രകാരം ദൈവാലയങ്ങൾ ആക്രമിക്കുകയും ക്രൈസ്തവരെ പുനർ പരിവർത്തനപ്പെടുത്തിത്തുകയും ചെയ്തിരുന്ന സംഘപരിവാറിലെ സജീവ അംഗമായിരുന്നു.
മരണം വേട്ടയാടിയിരുന്നു ഒരു ഭവനമായിരുന്നു പവിത്രയുടേത്. മാതാപിതാക്കൾ, ജ്യേഷ്ഠൻ, അടുത്ത ബന്ധു എന്നിവരുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് പവിത്രയ്ക്ക് ഒരു ദർശനമുണ്ടായി. ക്രൈസ്തവനാകാൻ പവിത്ര തീരുമാനിച്ചു. ക്രിസ്തുമതം സ്വീകരിച്ച് ഏതാനും വർഷങ്ങൾക്കുശേഷം തന്റെ ആദിഗര ഗ്രാമം വിട്ട്, കന്ധമാലിൽ നിന്ന് 350 കി.മീ. ദൂരെയുള്ള റൂർക്കല ബൈബിൾ കോളേജിൽ പരിശീലത്തിനായി പവിത്ര ചേർന്നു. തുടർന്ന്, പാസ്റ്ററായി കന്ധമാലിൽ മടങ്ങിവന്നപ്പോഴാണ് നിലാദ്രിയുടെ മാനസാന്തരത്തിന് പാസ്റ്റർ പവിത്ര വഴിയൊരുക്കിയത്.)
ആക്രമണത്തിന്റെ ഫലമായി പാസ്റ്റർ പവിത്രയുടെ കഴുത്തിനും മറ്റും ഗുരുതരമായ പരുക്കുകൾ ഏറ്റു. മുറിവേറ്റ പാസ്റ്ററിനെ ആശുപത്രിയിലെത്തിക്കാൻ ഗ്രാമവാസികളിലാരും മുന്നോട്ട് വന്നില്ല, കാരണം, സംഘപരിവാർ നിലാദ്രിക്കും പാസ്റ്റർ പവിത്രയ്ക്കുമെതിരെ സാമൂഹിക ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. പോലീസ് എത്തേണ്ടിവന്നു അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ.
പാസ്റ്റർ പവിത്രയെ തല്ലിച്ചതച്ചതിനുശേഷം ആക്രമികൾ ഒന്നടങ്കം തൊട്ടടുത്തുള്ള പോലീസ്‌സ്റ്റേഷനിലേക്കു നീങ്ങി. നിലാദ്രിക്കെതിരെ അവർ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. മതപരിവർത്തന കുറ്റം ചുമത്തി അദ്ദേഹത്തെ ഉടൻ ബന്ധനസ്ഥനാക്കണമെന്ന് ശഠിച്ച് അവർ സ്റ്റേഷനിൽ കുത്തിയിരിപ്പു സമരവും നടത്തി.
കാവിപ്പടയുടെ മുൻ സഹപ്രവർത്തകർ തന്നെയും ആക്രമിക്കുവാൻ പദ്ധതിയിട്ടത് മനസ്സിലാക്കിയ നിലാദ്രി ഗ്രാമം വിട്ടുപോയി. തന്റെ ജീവിതഗതി മാറ്റിമറിച്ച പാസ്റ്ററെ, രണ്ടു ദിവസം കഴിഞ്ഞ്, ആശുപത്രിയിലെത്തി നിലാദ്രി സന്ദർശിച്ചു. ദേഹമാസകലം പരുക്കുകളുണ്ടെങ്കിലും പാസ്റ്ററുടെ വിശ്വാസതീക്ഷ്ണതയ്ക്ക് ഒരു കുറവും സംഭവിച്ചിരുന്നില്ല. അദ്ദേഹം പതിവായി അതിരാവിലെ വിശ്വശാന്തിക്കുവേണ്ടിയും, ദേശീയ, സംസ്ഥാന, ഗ്രാമീണ തലങ്ങളിലുള്ള നേതാക്കൾക്കുവേണ്ടിയും പ്രാർത്ഥിച്ചിരുന്നു, നിലാദ്രി വിവരിച്ചു. അന്ന് പ്രഭാതപ്രാർത്ഥനയ്ക്കുശേഷം അദ്ദേഹം നിശ്ശബ്ദനായിരുന്നു. ഒന്നും സംസാരിക്കാത്തതിന്റെ കാരണം നിലാദ്രി ചോദിച്ചപ്പോൾ, പാസ്റ്റർ പറഞ്ഞു: "നീ വിശ്വാസത്തെ പ്രതി എന്നെക്കാൾ കൂടുതൽ സഹിക്കേണ്ടിവരും." ഇതു കേട്ടതോടെ നിലാദ്രി ഞെട്ടി.
ഈ പ്രവചനം വൈകാതെ അന്വർത്ഥമായി. അക്രമിസംഘം ജൂലൈ 27-ന് നിലാദ്രിയെ പിടികൂടി. ഇരുകൈകളും പിന്നിൽ ബന്ധിച്ച് അയാളെ ഗ്രാമത്തിലെ സമ്മേളനസ്ഥലത്തേക്ക് കൊണ്ടുപോയി. തീപ്പന്തങ്ങളുടെ വെളിച്ചത്തിലാണ് അവർ നിലാദ്രിയെ വിചാരണ ചെയ്തത്.
"എല്ലാവരും എനിക്കെതിരായിരുന്നു. ഒരാൾപോലും എന്നെ പിന്തുണച്ചില്ല. എന്നെ ക്രൂരമായി തല്ലിച്ചതച്ചിട്ട് അവർ പൊയ്ക്കളഞ്ഞു. പോലീസെത്തിയാണ് പാതിരായോടടുത്ത് എന്നെ സ്റ്റേഷനിൽ എത്തിച്ചത്. ഡോക്ടറുടെപക്കൽ കൊണ്ടുപോകണമെന്നുള്ള എന്റെ യാചന അവർ ചെവിക്കൊണ്ടില്ല. അസമയത്ത് ഒരു ഡോക്ടറെയും കാണിക്കാൻ കഴിയില്ലെന്ന് പോലീസുകാർ ശഠിച്ചു. അവസാനം പുലർച്ചെ മൂന്നുമണിയോടെ മുടന്തിയാണ് ഞാൻ വീട്ടിലെത്തിയത്," നിലാദ്രി തന്റെ തിക്താനുഭവം വിവരിച്ചു.
നിലാദ്രി ഹിന്ദുമതത്തെ ഒറ്റിക്കൊടുക്കുകയും ക്രൈസ്തവനായിത്തീരുകയും ചെയ്തിട്ടും "എന്താണ് നിങ്ങൾ ഉറങ്ങുന്നത്?" എന്ന് ചോദിച്ച് സ്വാമി ലക്ഷ്മണാനന്ദ അവിടത്തെ സംഘപരിവാർ നേതാക്കളെ ശകാരിച്ചിരുന്നു. ഇതിനുശേഷമാണ് തനിക്കെതിരെ ആക്രമണം അഴിച്ചുവിട്ടതെന്ന് നിലാദ്രി എടുത്തുപറഞ്ഞു.
സ്വാമി ലക്ഷ്മണാനന്ദയ്ക്ക് നിലാദ്രിയോട് കോപം തോന്നാൻ കാരണങ്ങളുണ്ടായിരുന്നു. സ്വാമിയാണ് ചക്കപ്പാടിലെ തന്റെ ആശ്രമത്തിനു സമീപത്തുള്ള ഹോസ്റ്റലിൽ 1980 മുതൽ രണ്ടു വർഷക്കാലം നിലാദ്രിയുടെ പഠനത്തിന് വഴിയൊരുക്കിയത്. "സ്വാമി യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മുറിക്ക് പുറത്ത് കാവൽക്കാരനായിരുന്നു ഞാൻ," നിലാദ്രി തന്റെ മുൻകാലം വെളിപ്പെടുത്തി. 1984-ൽ കന്ധമാലിലുടനീളമുള്ള സ്വാമിയുടെ രഥയാത്രയിൽ രക്ഷാഭടന്മാരിൽ ഒരാളായി അദ്ദേഹം നിലാദ്രിയെ തെരഞ്ഞെടുത്തിരുന്നു. ഈ യാത്രയ്ക്കിടയിൽ നൂറുകണക്കിന് ക്രൈസ്തവരെ ബലം പ്രയോഗിച്ച് പുനർപരിവർത്തനത്തിന് വിധേയരാക്കുകയും ചെയ്തിരുന്നു.
വിശ്വസ്തനായ ശിഷ്യനായി മാറിയതോടെ, സ്വാമിയുടെ ഗ്രാമങ്ങളിലൂടെയുള്ള രഥയാത്ര പലതും നിലാദ്രിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. സുബർണഗിരി, കൊട്ടഗഡ് എന്നീ സ്ഥലങ്ങളിൽ ക്രൈസ്തവരെ ആക്രമിക്കാനും ദൈവാലയങ്ങൾ തകർക്കാനും ക്രൈസ്തവരെ കൂട്ടമായി പുനർപരിവർത്തനച്ചടങ്ങിന് കൊണ്ടുവരുവാനും നിലാദ്രി നേതൃത്വം നൽകി.
ഇത്തരം ആക്രമണങ്ങളുടെ പേരിൽ ക്രൈസ്തവർ പലതവണ നിലാദ്രിക്കെതിരെ പോലീസിൽ പരാതിപ്പെട്ടു. എങ്കിലും നിലാദ്രി കാവിപ്പടയുടെ ആളായിരുന്നതിനാൽ പോലീസ് ആരോപണങ്ങളൊന്നും ഗൗനിച്ചില്ല. അയാൾക്കെതിരെ ചെറുവിരൽ പോലും അനക്കിയുമില്ല. എന്നാൽ നിലാദ്രി ക്രിസ്ത്യാനിയായി മാറിയ നിമിഷം മുതൽ പോലീസിന്റെ കണ്ണുകളിൽ കുറ്റവാളിയായി. 2007 സെപ്റ്റംബറിൽ, മതപരിവർത്തന പ്രേരണാകുറ്റം ചുമത്തി, നിലാദ്രിയെയും പാസ്റ്റർ പവിത്രയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരു ക്രിസ്തീയ സംഘടനാ ജാമ്യത്തിലിറക്കുന്നതുവരെ ഒരാഴ്ചയോളം അവർക്കു ജയിലിൽ കിടക്കേണ്ടിവന്നു.
ഇതിനിടയിൽ സംഘപരിവാർ നിലാദ്രിയെ "ഹിന്ദു വഞ്ചകൻ" എന്ന് പ്രഖ്യാപിക്കുകയും, അയാളുമായി സമ്പർക്കം പുലർത്തുന്നവർ പതിനായിരം രൂപ പിഴ അടയ്‌ക്കേണ്ടതാണെന്ന് കൽപ്പിക്കുകയും ചെയ്തു. നിലാദ്രിയുടെ ജ്യേഷ്ഠൻ നിർമൽ ഗ്രാമത്തിലെ പോസ്റ്റോഫീസ് നടത്തുകയായിരുന്നു. അദ്ദേഹവും ഇളയ സഹോദരൻ മുകുന്ദും നിലാദ്രിയെ സമീപിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്ന് അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം നിലാദ്രിക്കെതിരെയുള്ള സാമൂഹിക ബഹിഷ്കരണത്തിൽ തങ്ങൾക്കും പങ്കുചേരേണ്ടിവരുമെന്ന് തുറന്നുപറയാനും അവർ മടിച്ചില്ല.
നിലാദ്രിയുടെ നിലപാടിൽ മാറ്റമില്ലെന്ന് ബോധ്യമായതോടെ സ്വന്തം സഹോദരന്മാർപോലും മിണ്ടാതെയായി. എങ്കിലും, അവരുടെ ഭീതിയുടെയും വിദ്വേഷത്തിന്റെയും ആഴം എത്രമാത്രമുണ്ടെന്ന് നിലാദ്രിക്കു പിന്നീടാണ് മനസ്സിലായത്. ഇതിനകം ഗ്രാമവാസികളെല്ലാം നിലാദ്രിക്കെതിരെയുള്ള ഊരുവിലക്ക് കർക്കശമായി പാലിച്ചുതുടങ്ങിയിരുന്നു. തൽഫലമായി അദ്ദേഹത്തിന്റെ ഇളയ രണ്ടു മക്കൾക്ക് സ്ക്കൂളിൽ പോകാൻപോലും കഴിഞ്ഞില്ല.
"ഞങ്ങളോട് സംസാരിക്കാൻപോലും ആരും തയ്യാറായില്ല. സ്വപ്നയെ സ്‌കൂളിൽ നിന്ന് അവർ പുറത്താക്കി," നിലാദ്രി വിവരിച്ചു. (മൂന്ന് വര്ഷങ്ങള്ക്കുശേഷം 11 വയസ്സായ ആ കുട്ടിയെ ഒരു ക്രിസ്ത്യൻ ഹോസ്റ്റൽ സ്‌കൂളിൽ മൂന്നാം ക്ലാസ്സിലാണ് ചേർത്തത്.) ഇളയമകൾ മീര ഗ്രാമത്തിലുള്ള ബാലവാടിയിൽ പഠിക്കുന്നതുപോലും അവർ തടഞ്ഞു.
സാമൂഹിക ബഹിഷ്കരണത്തിന്റെ ഫലമായി സ്വന്തം കുടുംബത്തെ തീറ്റിപ്പോറ്റാനും നിലാദ്രി ഏറെ കഷ്ടപ്പെട്ടു. പലപ്പോഴും പട്ടിണി കിടക്കേണ്ടിവന്നുവെങ്കിലും വിശ്വാസത്തിനു ക്ഷതമേൽക്കാതെ അവർ ധൈര്യപൂർവ്വം ചെറുത്തുനിന്നു. 2007 ക്രിസ്മസ് സമയത്ത് ക്രൈസ്തവവിരുദ്ധ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ അപകടം മണത്തറിഞ്ഞ നിലാദ്രി ഒളിവിൽപോയി. അക്രമങ്ങൾ അവസാനിച്ചതോടെ നിലാദ്രി ഗ്രാമത്തിൽ തിരിച്ചെത്തി. കാവിപ്പടയിലെ തന്റെ മുൻകാല സുഹൃത്തുക്കളുമായി ചന്തയിൽവച്ച് അദ്ദേഹം ഒരു "സൗഹൃദ" സംഭാഷണത്തിലേർപ്പെട്ടു.
"ഇന്ത്യയുടേത് ഒരു ഹൈന്ദവ പൈതൃകമാണ്. ക്രിസ്തുമതമാകട്ടെ ആരംഭം മുതൽ ഉണ്ടായിരുന്നില്ല. നീ എന്തിനാണ് ഒരു വിദേശിമതം സ്വീകരിക്കുന്നത്?" അവർ നിലാദ്രിയോട് ചോദിച്ചു. "എന്താണ് യഥാർത്ഥമതം എന്നതിനെക്കുറിച്ച് നിങ്ങളോട് പറയാൻ മാത്രം ഞാൻ പണ്ഡിതനല്ല. എന്നെ സംബന്ധിച്ച് മറ്റുള്ളവരെ സ്നേഹിക്കുന്നതും സേവിക്കുന്നതുമാണ് മതം. നുണ പറയുന്നതും അപരനെ പ്രഹരിക്കുന്നതും ഒരു മതത്തിന്റെയും ഭാഗമല്ലെന്നും എനിക്കറിയാം," നിലാദ്രി തിരിച്ചടിച്ചു.
നിലാദ്രിയുടെ വാദങ്ങളെ ഖണ്ഡിക്കാൻ ശ്രമിച്ചുകൊണ്ട് ഹിന്ദുമതത്തിന് ക്രിസ്തുമതത്തേക്കാൾ ഏറെ പൈതൃകമുണ്ടെന്ന് അവർ സമർത്ഥിച്ചു. കൂടാതെ ഹൈന്ദവ ദേവീ-ദേവഗണങ്ങളെക്കുറിച്ച് അവർ വിശദീകരണവും നൽകി. ചർച്ച ഒരിടത്തും എത്താതെയായപ്പോൾ അവർ നിലാദ്രിയോട് പറഞ്ഞു: "ഒരു ക്രിസ്ത്യാനിയെപ്പോലും കന്ധമാലിൽ ജീവിക്കാൻ ഞങ്ങൾ അനുവദിക്കില്ല." വിട്ടുകൊടുക്കാൻ നീലാദ്രിക്ക് മനസുണ്ടായിരുന്നില്ല. ഉരുളയ്ക്കുപ്പേരി കണക്കെ നിലാദ്രി പറഞ്ഞു: " എന്റെ അവസാന ശ്വാസംവരെ ഞാൻ ക്രിസ്ത്യാനിയായിരിക്കും." അന്നേരം അവർ ഒന്നടങ്കം വിളിച്ചുകൂവി: "ഇയാൾക്ക് ഭ്രാന്താണ്."
വൈകാതെ ആർ.എസ്.എസ്. അംഗമായ ഒരു മുതിർന്ന അഭിഭാഷകൻ നിലാദ്രിക്ക് വളരെ അടുപ്പമുള്ള മദ്ധ്യസ്ഥനെ അയച്ചു. കാവിസംഘത്തിൽ തിരിച്ചെത്തിയാൽ നഷ്ടപ്പെട്ട വസ്തുവകകളെല്ലാം നൽകാമെന്ന് അയാൾ ഉറപ്പുകൊടുത്തു. "ഒരിക്കലും സാധ്യമല്ല," എന്നായിരുന്നു നിലാദ്രിയുടെ ശക്തമായ മറുപടി. തന്നെയുമല്ല, തന്നെ കുമ്പിട്ടാരാധിച്ചാൽ, ഈ ലോക ;സമ്പത്തെല്ലാം ലഭ്യമാക്കാമെന്നു സാത്താൻ യേശുവിനെപോലും പ്രലോഭിപ്പിച്ച് സംഭവം അനുസ്മരിപ്പിച്ചതിനുശേഷമാണ് നിലാദ്രി ആ സന്ദേശവാഹകനെ മടക്കി അയച്ചത്.
2008 ആഗസ്റ്റ് 23-ന് സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെടുന്നതുവരെ മറ്റ് നാടകീയ സംഭവങ്ങളൊന്നും ഉണ്ടായില്ല. നടുക്കുന്ന ആ വാർത്ത കേട്ടപ്പോൾത്തന്നെ തനിക്കെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിലാദ്രി ഊഹിച്ചു. പ്രതീക്ഷിച്ചതുപോലെ പിറ്റേദിവസം സന്ധ്യയ്ക്ക് മതഭ്രാന്തന്മാർ അയാളുടെ വീട്ടിലെത്തി. അതിനു മുമ്പേതന്നെ, നിലാദ്രി കുടുംബസമേതം കാട്ടിലേക്ക് പലായനം ചെയ്തിരുന്നു. തന്റെ മക്കൾ കാട്ടിൽ വിശന്നു പൊരിയുന്നതുകണ്ട് നിവൃത്തിയില്ലാതെ, നാലു ദിവസങ്ങൾക്കുശേഷം, അവർ വീട്ടിലേക്കു മടങ്ങി.
മാരകായുധങ്ങളേന്തിയ 40 പേരുടെ ഒരു സംഘം മണിക്കൂറുകൾക്കുള്ളിൽ നിലാദ്രിയുടെ വീട് വളഞ്ഞു. വീടിനുമുന്നിൽ നിന്നിരുന്ന അദ്ദേഹത്തെ ചിലർ കല്ലെറിഞ്ഞു. ആ കൂട്ടത്തിൽ കുറേപ്പേർ നിലാദ്രിയുടെ പൂർവ്വ സംഘപരിവാർ സഹചാരികളായിരുന്നു. അവർ പഴയസുഹൃത്തിനെ ആക്രമിക്കുവാൻ മടിച്ചുനിന്നു.
"ഞാൻ ഒന്നും മിണ്ടാതെ അവരെ ശ്രദ്ധിച്ചുനിൽക്കുമ്പോൾ ഒരുത്തൻ പെട്ടെന്ന് മുന്നോട്ടു കുതിച്ച് ഇരുമ്പു ദണ്ഡുകൊണ്ട് എന്റെ ചെവി ഭാഗത്ത് ആഞ്ഞടിച്ചു. തൽക്ഷണം ഞാൻ ബോധമറ്റ് വീണു. അവർ തുടർന്നും മൃഗീയമായി മർദ്ദിക്കുകയും പോകുന്നതിനുമുമ്പ് എന്തോ ദ്രാവകം (മരക്കറ) എന്റെ കണ്ണിൽ ഒഴിക്കുകയുമുണ്ടായി," പിന്നീട് ഭാര്യ പറഞ്ഞത് നിലാദ്രി ആവർത്തിച്ചു.
നിലാദ്രി നിശ്ചലനായി കിടക്കുന്നതുകണ്ട ഭാര്യ ഉഷാറാണി, ആ "മൃതശരീരം" ഒരു തുണിയിട്ടു മൂടി. ഒട്ടും വൈകാതെ, മക്കളെയും കൊണ്ട് അവൾ കാട്ടിലേയ്‌ക്കോടി.
നിലാദ്രി മൃഗീയമായി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ്, അന്ന് രാത്രീ വളരെ വൈകിയാണ് പോലീസ് ആ വിദൂര ഗ്രാമത്തിലെത്തിയത്. വഴിയിൽ നിറുത്തിയിട്ടിരുന്ന പോലീസ് വാഹനത്തിലേക്ക്, നിലാദ്രിയുടെ ബോധമറ്റ ശരീരം എടുത്തുവയ്ക്കുവാൻ ഗ്രാമവാസികളോട് അവർ ആവശ്യപ്പെട്ടു. സ്വന്തം സഹോദരന്മാർ ഉൾപ്പെടെ ഒരാളും അനങ്ങിയില്ല. നാട്ടുകാരുടെ നിസഹകരണം കണ്ട്, നിലാദ്രിയെ അവിടെയിട്ട് പോലീസ് തിരിച്ചുപോയി.
ഭർത്താവ് ജീവനോടെയിരിക്കുന്ന കാഴ്ചയാണ് പിറ്റേന്ന് രാവിലെ ഉഷാറാണി വീട്ടിൽ വന്നപ്പോൾ കണ്ടത്. അവൾ അദ്ദേഹത്തിന് വെള്ളം കൊടുത്തു. "കഠിനവേദനകൊണ്ട് എനിക്ക് അനങ്ങാൻ പോലും സാധിച്ചില്ല. ആശുപത്രിയിലെവച്ച് പാസ്റ്റർ പവിത്ര പ്രവചിച്ചതിന്റെ പൊരുൾ അപ്പോഴാണ് എനിക്ക് ഓർമവന്നത്," നിലാദ്രി പറഞ്ഞു.
വൈകാതെ പോലീസ് വീണ്ടും സ്ഥലത്തെത്തി. ഗ്രാമവാസികൾ പതിവുപോലെ ഓടിക്കൂടി.നിസ്സഹായാവസ്ഥയിലായിരുന്ന നിലാദ്രിയെ വണ്ടിയിൽ കയറ്റുവാൻ സഹായിക്കണമെന്ന് അവരോട് പോലീസ് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഒരാളും കൂട്ടാക്കിയില്ല. ആദ്യം ഒഴുഞ്ഞുമാറിയത് ഇളയ സഹോദരൻ മുകുന്ദായിരുന്നു. ഊരുവിലക്ക് ലംഘിച്ചാൽ പതിനായിരം രൂപ അടയ്‌ക്കേണ്ടിവരും എന്നതായിരുന്നു അയാളുടെ ഉത്കണഠ. ഒടുവിൽ, പോലീസുകാർ തന്നെ നിലാദ്രിയെ വണ്ടിയിൽ കയറ്റി ഫുൾബാനിയിലുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
"ഇതൊക്കെ കഴിഞ്ഞിട്ടും, എനിക്ക് നിരാശ തോന്നിയില്ല, തന്നെ അനുഗമിക്കുന്നവൻ പീഡിപ്പിക്കപ്പെടുമെന്നും വീട്ടുകാരാൽ പരിത്യജിക്കപ്പെടുമെന്നും യേശുതന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ," ദീർഘകാലം ക്രിസ്ത്യാനികളെ പീഡിപ്പിച്ച നിലാദ്രി വിശ്വാസതീക്ഷ്ണതയോടെ കൂട്ടിച്ചേർത്തു. "എന്നെ വധിക്കാനും ഭാര്യയേയും മക്കളെയും വീണ്ടും ഹിന്ദുക്കളാക്കാനും അവർക്ക് വ്യക്തമായ പദ്ധതി ഉണ്ടായിരുന്നു. അതുകൊണ്ടാണ് എന്റെ വീട് നശിപ്പിക്കാതിരുന്നത്," നിലാദ്രി എടുത്തുപറഞ്ഞു.
ഫുൽബാനിയിലെ ജില്ലാ ആശുപത്രി പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരുന്നതുകൊണ്ട്, അവിടെനിന്ന് 180 കി.മീ. ദൂരെയുള്ള ബെറാംപൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന നിലാദ്രിയെ മാറ്റി. "പല മുറിവുകളിലും രക്തം കട്ടപിടിച്ചിരുന്നു. എന്നാലും ഒരു എല്ലുപോലും ഒടിഞ്ഞിരുന്നില്ല. ഇത് അത്ഭുതമല്ലാതെ മറ്റെന്താണ്?" നിലാദ്രി ചോദിച്ചു. "ഈ സാക്ഷ്യം നൽകുന്നതിന് ഞാൻ ജീവിച്ചിരിക്കട്ടെയെന്ന് ദൈവം കരുതിയിരിക്കണം. അല്ലാത്തപക്ഷം, ഞാൻ കൊല്ലപ്പെടാതിരിക്കുവാൻ ഒരു കാരണവുമില്ല," നിലാദ്രി ഉറച്ച വിശ്വാസത്തോടെ പറഞ്ഞു.
ക്രിസ്ത്യാനിയായതിന്റെ പേരിൽ പലതവണ മർദ്ദിക്കപ്പെട്ടതിൽ പരിതപിക്കുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ, കോരിത്തരിപ്പിക്കുന്നതായിരുന്നു, നിലാദ്രിയുടെ മറുപടി: "യേശുവിനെ കുരിശിൽ തറച്ചു. ആ ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ മുറിവേറ്റതിൽ എനിക്ക് സന്തോഷമേയുള്ളൂ." ബെരാംപൂരിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 2008 ഒക്ടോബറിൽ ഡിസ്ചാർജ് ചെയ്തതുമുതൽ ഭുവനേശ്വറിലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സായിരുന്നു നിലാദ്രിയെ ശുശ്രൂഷിച്ചിരുന്നത്. ഇവിടെവച്ചാണ് 2009 ജനുവരിയിൽ ഞാൻ ആദ്യമായി നിലാദ്രിയെ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ ഇടതു കണ്ണിൽ ഒരു മുറിവുള്ളത് ഞാൻ ശ്രദ്ധിച്ചു. ഈ കാഴ്ചയാണ് മേലുദ്ധരിച്ച ചോദ്യത്തിന് എന്നെ പ്രേരിപ്പിച്ചത്.
നിലാദ്രിയുടെ ഇടതുകണ്ണിൽ അക്രമികൾ മരക്കറ ഒഴിച്ചതിനാൽ മൂന്ന് ശസ്ത്രക്രിയയ്ക്കുശേഷവും ആ കണ്ണിന്റെ കാഴ്ചശക്തി തിരിച്ചുകിട്ടിയിരുന്നില്ല. പക്ഷെ, നിലാദ്രിക്ക് യാതൊരു പരിഭവവുമുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അഞ്ചുമാസമായി ഫുൾബാനിയിലെ അഭയാർത്ഥി കേന്ദ്രത്തിൽ നരകിച്ചു കഴിഞ്ഞിരുന്ന തന്റെ ഭാര്യയെയും മക്കളെയും നിലാദ്രിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. 2009 ഡിസംബറിൽ കന്ധമാലിൽ ചെന്ന്, ഞാൻ നിലാദ്രിയെ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമം നടത്തി. പലരോട് ചോദിച്ചതിന്റെ ഫലമായി ഫുൽബാനിയിൽ ചേരിയിലെ വാടകവീട്ടിലാണ് ഭാര്യയും മക്കളുമൊത്ത് അദ്ദേഹം താമസിക്കുന്നതെന്നറിഞ്ഞു. ഞാൻ നിലാദ്രി താമസിച്ചിരുന്ന ചേരിയിൽ പോയി അദ്ദേഹത്തിന്റെ വാടകവീട് കണ്ടെത്തി.
"എന്റെ നാട്ടിൽ ക്രൈസ്തവനായി ഞാൻ മാത്രമേയുള്ളൂ. അവരെ എതിർത്ത് അവിടെ ജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ ഇവിടെ (ചേരിയിൽ) വാടകയ്ക്ക് താമസിക്കുന്നത്," തന്റെ നിസ്സഹായത വ്യക്തമാക്കിക്കൊണ്ട് നിലാദ്രി പറഞ്ഞു. മുതിർന്ന രണ്ട പെൺമക്കളെ ക്രിസ്ത്യൻ ഹോസ്റ്റലുകളിലാക്കിയിരുന്നു. എന്നാലും കുടുംബത്തെ തീറ്റിപ്പോറ്റാനും വീട്ടുവാടക കൊടുക്കാനും നിലാദ്രി ഞെരുങ്ങുകയായിരുന്നു. ആ കുടുംബത്തിന് അടിയന്തിര സഹായം നൽകിയാണ് ഞാൻ നിലാദ്രിയോട് യാത്രപറഞ്ഞത്.
മൂന്നുമാസം കഴിഞ്ഞ് വീണ്ടും കണ്ടപ്പോൾ നിലാദ്രിക്ക് മറ്റൊരു കദനകഥ കൂടി പറയാനുണ്ടായിരുന്നു. ഭുവനേശ്വറിൽ നിന്ന് 60 കി.മീ. ദൂരെയുള്ള പൂരിയിൽ മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സ് നടത്തിയിരുന്ന സ്ഥാപനത്തിൽ നിന്ന് നിലാദ്രിയുടെ മൂത്ത മകൻ ബാന്ധുവിനെ 2010 ഫെബ്രുവരിയിൽ ആകസ്മികമായി കാണാതായതോടെ നിലാദ്രിയുടെ വിശ്വാസത്തനിമ വീണ്ടും പരീക്ഷിക്കപ്പെട്ടു. ബുദ്ധിമാന്ദ്യമുള്ള മൂത്തമകനെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
കുടുംബം പുലർത്തുന്നതിന് തന്റെ ഫലഭൂയിഷ്‌ഠമായ കൃഷിസ്ഥലം പാട്ടത്തിനുകൊടുക്കാൻ നിലാദ്രി നടത്തിയ ശ്രമം കാവിപ്പട തകിടംമറിച്ചു. ആ സ്ഥലത്ത് കൃഷിയിറക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരെപോലും അവർ അനുവദിച്ചതുമില്ല. നിലാദ്രി ഗ്രാമത്തിൽ തിരിച്ചെത്തണമെന്നും ഹിന്ദുമതത്തിലേക്ക് വീണ്ടുംവരണം എന്നുമായിരുന്നു അവരുടെ ശാഠ്യം. അതുവരെ ആ സ്ഥലം കൃഷിചെയ്യാതെ കിടക്കട്ടെ എന്ന് അവർ കൽപിച്ചു.
ക്രൈസ്തവവിരുദ്ധ കലാപത്തിന്റെ രണ്ടാം വാർഷികം പ്രമാണിച്ച് 2010 ആഗസ്റ്റ് 22-24 തീയതികളിൽ ന്യൂഡൽഹിയിൽ ദേശീയ ജനകീയ ട്രൈബൂണൽ മുമ്പാകെ പീഡനങ്ങളെക്കുറിച്ച് സാക്ഷ്യം പറയുന്നതിന് നിലാദ്രിയെയും എത്തിച്ചിരുന്നു. സാക്ഷ്യം നൽകാൻ നീലാദ്രി വേദിയിലെത്തിയപ്പോൾ ഒന്നും പറയാൻ വിധികർത്താക്കൾ സമ്മതിച്ചില്ല. പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്ന കേസുകൾ മാത്രമേ ജനകീയ കോടതി പരിഗണിക്കുകയുള്ളൂവെന്ന് ഏതാനും മാസങ്ങൾ മുമ്പ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച എ.പി.ഷാ തീർപ്പു കൽപ്പിച്ചു. തന്നെ മരണാസന്നനാക്കിയ ആക്രമണത്തെക്കുറിച്ച് നിലാദ്രി പോലീസിൽ പരാതി കൊടുത്തിരുന്നില്ല.
എന്തുകൊണ്ടാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും കേസ് കൊടുക്കാതിരുന്നതെന്ന എന്റെ ചോദ്യത്തിന് നിലാദ്രിയുടെ മറുപടി ഇതായിരുന്നു.
"കുരിശിൽ കിടന്ന് തന്നെ മർദ്ദിച്ചവരോട് നിരുപാധികമായി ക്ഷമിച്ച യേശുവിൽ വിശ്വസിക്കുന്ന എനിക്ക് എന്നെ ആക്രമിച്ചവർക്കെതിരേ എങ്ങനെ പോലീസിൽ പരാതിപ്പെടാനാകും? ശത്രുക്കളോട് ക്ഷമിക്കുവാനാണ് യേശു നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഞാൻ അവരോട് ഇതിനകം ക്ഷമിച്ചുകഴിഞ്ഞു." നിലാദ്രിയുടെ ജ്യേഷ്ഠൻ നിർമൽ 2010 ഒക്ടോബർ 9-ന് നിര്യാതനായി. ആ സന്ദർഭത്തിൽ തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണ് നിലാദ്രി സ്വന്തം ഗ്രാമത്തിലേക്ക് പോയത്.
മൗലികവാദികളുടെ കോപം അസ്തമിച്ചിരുന്നില്ല. ഭീഷണിയുമായി അവർ രംഗത്തെത്തി. "ഹിന്ദുവാകാതെ ഈ ഗ്രാമത്തിലേക്കു തിരിച്ചുവരുവാൻ നിനക്കെങ്ങനെ ധൈര്യമുണ്ടായി? അടുത്തതവണ ഹിന്ദുവാകാതെ ഇവിടെ വന്നാൽ നീ ജീവനോടെ തിരിച്ചുപോകില്ല." ഇതുകേട്ട നിലാദ്രി ജ്യേഷ്ഠന്റെ മരണാനന്തര ചടങ്ങുകൾക്കുമുമ്പേ മടങ്ങി.
ഏറ്റവും മൂത്ത സഹോദരന്റെ മരണശേഷവും ഇളയവനായ മുകുന്ദ് നിലാദ്രിയോട് വിദ്വേഷത്തോടെയാണ് പെരുമാറിയിരുന്നത്. നിലാദ്രി ഹിന്ദുമതം ഉപേക്ഷിക്കുക വഴി തങ്ങളുടെ കുടുംബത്തിനുതന്നെ പേരുദോഷം വരുത്തിവച്ച് എന്നതായിരുന്നു മുകുന്ദിന്റെ പരാതി. നിർമ്മലിന്റെ മരണത്തിനുശേഷം മൂന്നാഴ്‌ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ 21 വയസ്സുകാരി മകൾ ടൂണി അപസ്മാര രോഗത്താൽ മരണമടഞ്ഞു. വിവരമറിഞ്ഞിട്ടും സ്വന്തം ഗ്രാമത്തിലേക്ക് പോകുവാൻ നിലാദ്രി ധൈര്യപ്പെട്ടില്ല.
2011 ജനുവരി ആദ്യവാരത്തിൽ, ക്രിസ്തുമതം ത്യജിക്കാൻ തയ്യാറായാൽ, പൂമാല ചാർത്തി, പ്രദക്ഷിണമായി, സ്വന്തം ഗ്രാമത്തിലേക്ക് സ്വീകരിച്ചാനയിക്കാമെന്ന് മുതിർന്ന സംഘപരിവാർ നേതാക്കൾ നിലാദ്രിയെ പ്രലോഭിപ്പിച്ചു. നിലാദ്രിയാകട്ടെ, ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും വിശ്വാസത്തിന്റെ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തറപ്പിച്ചുപറയുകയും ചെയ്‌തു. "ഞാൻ തീരുമാനം എടുത്തുകഴിഞ്ഞു. അതിൽ ഉറച്ചുനിൽക്കുന്നതിന് എന്ത് വിലകൊടുക്കാനും ഞാൻ സന്നദ്ധനാണ്. വീണ്ടും അവിടെ ചെന്നാൽ, ഞാൻ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ, അവർ എന്നെ ബലംപ്രയോഗിച്ച് പുനർപരിവർത്തനപ്പെടുത്താനിടയുണ്ട്," നിലാദ്രി പറഞ്ഞു.
"ദൈവത്തിന് എന്നെക്കുറിച്ച് ചില പദ്ധതികൾ ഉണ്ടായിരിക്കും. എനിക്ക് ഒട്ടും ഉത്കണ്ഠയില്ല." "കന്ധമാലിലെ വിശുദ്ധ പൗലോസ്" എന്ന ശീർഷകം തീർത്തും അർഹിക്കുന്ന നിലാദ്രി കൂട്ടിച്ചേർത്തു.
പൗലോസിനെപോലെ അദ്ദേഹവും ഒരു പുതിയ ജീവിതപാത വെട്ടിത്തെളിച്ചു. സ്വാമിയുടെ ഘാതകരെയാണ് മുദ്രകുത്തി ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിരപരാധികളായ ഏഴ് ക്രിസ്ത്യാനികളുടെ പതിവ് സന്ദർശകനായി മാറി നിലാദ്രി. ക്രൈസ്തവനായതിന്റെ പേരിൽ മതപരിവർത്തന കുറ്റം ചാർത്തി ഒരുകാലത്ത് തന്നെ പാർപ്പിച്ച ഫുൽബാനി ജയിൽ സന്ദർശിക്കുകയും തടവിൽകഴിയുന്ന ക്രൈസ്തവരെ സമാശ്വസിപ്പിക്കുകയും ചെയ്ത കൂലിക്കാരനായ നിലാദ്രി സ്വന്തം ജീവൻ തൃണവത്ഗണിച്ച് ഒഡീഷയിലും മറ്റ് സംസ്ഥാനങ്ങളിൽപോലും ക്രൈസ്തവ സമ്മേളനങ്ങളിൽ അനുഭവസാക്ഷ്യം നൽകിവരുന്നു.
സ്വാമി ലക്ഷ്മണാനന്ദയെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് തടങ്കലിലടയ്ക്കപ്പെട്ടിരുന്ന ഏഴു ക്രൈസ്തവരെ സന്ദർശിക്കുന്നതിന്, 2012 ജൂലൈ അഞ്ചിന്, ഞാൻ ഫുൽബാനിയിലെ അതിവേഗ കോടതിയിൽ പോയിരുന്നു. അവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ, ആ "കുറ്റാരോപിത" ക്രൈസ്തവരെ കാണുന്നതിന് നിലാദ്രി പാഞ്ഞെത്തിയതുകണ്ട് ഞാൻ വിസമയഭരിതനായി.
തടവുപുള്ളികളെയെല്ലാം, അവരുടെ കൈവിലങ്ങുകൾ കൂട്ടിക്കെട്ടി നിലത്താണ് ഇരുത്തിയിരുന്നത്. നീട്ടിപ്പിടിച്ച തോക്കുകളുമായി പോലീസ് ചുറ്റും നിന്നിരുന്നു. കോടതി മുറിയിൽ കൈവിലങ്ങണിഞ്ഞിരുന്ന തടവുകാരുടെയിടയിലിരിക്കുവാൻ നിലാദ്രിക്ക് ഭയമോ വൈമനസ്യമോ ഉണ്ടായിരുന്നില്ല. കോടതിയിൽ ഓരോ മാസവും രണ്ടുതവണ വീതം ഈ തടവുകാരെ വിചാരണക്ക് കൊണ്ടുവന്നപ്പോൾ, നിലാദ്രി ആ അവസരം നഷ്ടപ്പെടുത്താറില്ലായിരുന്നു.
(ഞാൻ രചിച്ച "|Shining Faith in Kandhamal " 'തീയിൽ തിളങ്ങിയ വിശ്വാസം' എന്ന് മലയാള വിവർത്തനം എന്ന പുസ്തകത്തിന്റെ ആമുഖ കഥയിൽ നിലാദ്രിയുടെ അവിശ്വസനീയമായ സാക്ഷ്യം പ്രസിദ്ധപ്പെടുത്തിയതുമുതൽ, ഞാൻ അദ്ദേഹത്തെ ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നിലാദ്രിയുടെ അത്ഭുതാവഹമായ ക്രൈസ്തവസാക്ഷ്യം വായിച്ചറിഞ്ഞ ചിലർ അദ്ദേഹത്തെ സഹായിക്കുന്നതിനായി എന്നെ ബന്ധപ്പെടാറുണ്ട്. അതോടുകൂടി ഞാനും നിലാദ്രിയും തമ്മിലുള്ള ബന്ധം കൂടുതൽ വളർന്നു. തൃശൂർ അതിരൂപതയിലെ ഞാൻ അംഗമായ ആമ്പക്കാട് ഇടവകയുടെ സഹായത്തോടെ നിലാദ്രിക്ക് ഫുൽബാനിയിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിക്കുകയും വായനക്കാരുടെ സഹായത്തോടെ വീടുപണി പൂർത്തിയാക്കുകയും ചെയ്തു.
#{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: 'യേശു എന്നെ രക്ഷിച്ചു: വെടിയുണ്ട പേറുന്ന പോലീസുകാരന്‍ )
➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |