Content | സിയോൾ: ഉത്തര കൊറിയയിലെ നരകതുല്യമായ ചോങ്കോരി തടങ്കല്‍പ്പാളയത്തിലെ ക്രിസ്ത്യന്‍ തടവുകാര്‍ക്ക് സഹതടവുകാരുടെ മൃതദേഹങ്ങള്‍ കത്തിച്ച ചാരം കലര്‍ന്ന വെള്ളം കുടിക്കേണ്ടി വന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ചോങ്കോരി തടങ്കല്‍പ്പാളയത്തിലെ ഭയാനകമായ അനുഭവങ്ങളെ അതിജീവിച്ച മുന്‍തടവുകാരായ ക്രൈസ്തവർ നടത്തിയ വെളിപ്പെടുത്തല്‍ അമേരിക്ക ആസ്ഥാനമായി ഉത്തരകൊറിയയിലെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ നോര്‍ത്ത് കൊറിയ’ (എച്ച്.ആര്‍.എന്‍.കെ) എന്ന കമ്മിറ്റിയാണ് പുറത്തുവിട്ടത്. ഏകാധിപതിയായ കിംഗ് ജോഗ് ഉന്നിനു കീഴിൽ ഉത്തരകൊറിയയിൽ അരങ്ങേറുന്ന മതപീഡനം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.
ജയില്‍ ഉദ്യോഗസ്ഥരുടെ ക്രൂരതയും, മുറിവുകളും, രോഗവും, പീഡനങ്ങളും, കാരണം ചോങ്കോരി തടങ്കല്‍പ്പാളയത്തില്‍ മരണപ്പെടുന്നവരുടെ തോത് വളരെ കൂടുതലാണ്. മരിക്കുന്ന തടവുപ്പുള്ളികളുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നതിന് മുന്‍പ് ഒരു സ്റ്റോര്‍ റൂമില്‍ കൂട്ടിയിടുകയാണെന്നു മുന്‍ തടവുകാരില്‍ ഒരാള്‍ പറഞ്ഞതായി എച്ച്.ആര്‍.എന്‍.കെ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൃതദേഹങ്ങള്‍ എലികള്‍ ഭക്ഷിക്കുന്നതും, അഴുകുന്നതും പതിവാണ്. എല്ലാ തിങ്കളാഴ്ചയും തങ്ങള്‍ മൃതദേഹങ്ങള്‍ കത്തിക്കാറുണ്ടെന്നാണ് മുന്‍ തടവുകാര്‍ പറയുന്നത്.
വീടു പോലെയുള്ള കെട്ടിടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വട്ടത്തിലുള്ള ടാങ്കില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടാണ് കത്തിക്കുന്നത്. ചോരയുടേയും, അഴുകിയതും, കത്തിക്കൊണ്ടിരിക്കുന്നതുമായ മൃതദേഹങ്ങളുടെ മണം അസഹനീയമാണെന്നും അവർ പറയുന്നു. മൃതദേഹങ്ങള്‍ കത്തിച്ച ചാരം കൂട്ടിയിട്ട് കൃഷിക്കുള്ള വളമായി ഉപയോഗിക്കുകയാണ് പതിവ്. മഴപെയ്യുമ്പോള്‍ ഈ ചാരം അടുത്തുള്ള പുഴയിലേക്ക് ഒഴുകിയെത്തും. ഈ വെള്ളമാണ് തങ്ങള്‍ക്ക് കുടിക്കുവാനും കുളിക്കുവാനും നല്‍കുന്നതെന്ന് മുന്‍ തടവുകാരില്‍ ഒരാള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോങ്കോരി തടങ്കല്‍പ്പാളയത്തിന്റേയും, മൃതദേഹങ്ങള്‍ കത്തിക്കുന്ന സ്ഥലത്തിന്റേയും ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും തടങ്കല്‍പ്പാളയത്തിലെ തൊഴില്‍ സ്ഥലത്ത് ഒരു ചെമ്പ് ഖനിയുണ്ടെന്നും ഇതിന്റെ അവശിഷ്ടങ്ങളും ഇതേ പുഴയിലേക്ക് തന്നെയാണ് ഒഴുകുന്നതെന്നും എച്ച്.ആര്‍.എന്‍.കെ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ശാരീരികാവിശിഷ്ടങ്ങളില്‍ തട്ടി വീണ കഥയും രക്ഷപ്പെട്ട തടവുകാരില്‍ ഒരാള്‍ വിവരിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ 'എക്സ്പ്രസ്' ‘ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ നോര്‍ത്ത് കൊറിയ’നെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്യുന്നു.
ക്രിസ്തീയ വിശ്വാസം പിന്തുടരുന്നവരേയും, തെക്കന്‍ കൊറിയയുടെ ടിവി പരിപാടികള്‍ കാണുന്നവരേയും ചോങ്കോരി തടങ്കല്‍പ്പാളയത്തിലേക്കാണ് അയക്കുന്നത്. മറ്റ് രാഷ്ട്രങ്ങളില്‍ സാധാരണയായി ചെയ്യുന്ന കാര്യങ്ങള്‍ കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ കുറ്റകൃത്യമാണെന്ന് എച്ച്.ആര്‍.എന്‍.കെയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്രെഗ് സ്കാര്‍ലാട്ടോയു പറയുന്നു. വിചാരിക്കുന്നതിനും അപ്പുറമാണ് ഉത്തരകൊറിയന്‍ തടവറകളിലെ സഹനങ്ങളെന്നും ഉത്തരകൊറിയയിലെ അന്യായമായ തടവിലാക്കലിനെതിരെ അന്താരാഷ്‌ട്ര സമൂഹം അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കണമെന്നും റിപ്പോര്‍ട്ടിന് നേതൃത്വം നല്‍കിയ ജോസഫ് എസ്. ബെര്‍മുഡെസ് ജൂനിയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന ഓപ്പൺ ഡോഴ്സിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം അരങ്ങേറുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഉത്തര കൊറിയ.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |