Content | സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻ റാഫേലിലുള്ള സെന്റ് റാഫേൽ മിഷൻ ദേവാലയത്തോട് ചേര്‍ന്നുള്ള വിശുദ്ധ ജുനിപെറോ സെറയുടെ രൂപം തകർത്ത സ്ഥലത്ത് ഭൂതോച്ചാടനം നടത്താൻ സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണിയുടെ തീരുമാനം. നാളെ ഒക്ടോബര്‍ 17നു ഭൂതോച്ചാടന ശുശ്രൂഷ നടത്തുവാനാണ് പദ്ധതി. ഇക്കഴിഞ്ഞ കൊളംബസ് ദിനത്തോടനുബന്ധിച്ചു നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ ചില വ്യക്തികൾ അക്രമാസക്തരായി സെന്റ് ജൂനിപെറോയുടെ രൂപം നശിപ്പിക്കുകയായിരിന്നു. വിശ്വാസത്തിന്റെ പ്രതീകങ്ങൾ പൊതുസ്ഥലങ്ങളിൽ മാത്രമല്ല, ഇപ്പോൾ നമ്മുടെ സ്ഥാപനങ്ങൾക്കുള്ളിലും, പള്ളികൾക്കകത്തും വരെ ആക്രമിക്കപ്പെടുന്നുവെന്നും ഇത്തരത്തിലുള്ള പ്രവർത്തി ഒരു സമൂഹവും അംഗീകരിക്കുന്നില്ലായെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വിശ്വാസികളോ, കത്തോലിക്കരോ ആയ നമ്മൾ ഏതു വിശുദ്ധ പ്രതീകങ്ങൾ ഉപയോഗിക്കണമെന്നതു നിയമലംഘകരായ ഈ സംഘം അല്ല തീരുമാനിക്കേണ്ടതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
പതിനെട്ടാം നൂറ്റാണ്ടിൽ ആധുനിക ലോകത്തിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിൽ ശക്തമായ ഇടപെടല്‍ നടത്തിയ വിശുദ്ധ സെറ സ്പെയിനിൽ നിന്ന് മെക്സിക്കോയിലെത്തിയ ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു. അവിടെ നിന്ന് അദ്ദേഹം കാൽനടയായി കാലിഫോർണിയയിലെത്തി. ഇവിടെ അദ്ദേഹം മിഷനുകളുടെ ഒരു നിര തന്നെ സ്ഥാപിച്ചു, അവ ഇന്ന് അറിയപ്പെടുന്ന സിറ്റികളാണ്. കാലിഫോർണിയ മിഷൻ പ്രവർത്തനത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 21 മിഷനുകളിൽ ഒമ്പതും അദ്ദേഹം വ്യക്തിപരമായി സ്ഥാപിച്ചു. സെന്റ് ജുനിപെറോ സെറ തന്റെ ശുശ്രൂഷയ്ക്കിടെ ആറായിരത്തോളം സ്വദേശികളെ സ്നാനപ്പെടുത്തിയതായാണ് കണക്കാക്കപ്പെടുന്നത്.
ബിഷപ്പ് സെറയും സഹ പ്രവർത്തകരായ ഫ്രാൻസിസ്കൻ സന്യാസിമാരും, സ്വജീവന്‍ പണയപ്പെടുത്തിയും ആ നാട്ടിലെ ജനങ്ങളെ സ്പെയിൻകാരുടെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിച്ചുവെന്നും ആർച്ച് ബിഷപ്പ് കോർഡിലിയോൺ സ്മരിച്ചു. കോളനിവൽക്കരണത്തിന്റെ ഈ അടിച്ചമർത്തലിൽ നിന്ന് ആഴത്തിലുള്ളതും നീണ്ടുനിൽക്കുന്നതുമായ മുറിവുകൾ ഉണ്ടായിട്ടുണ്ട്. അത് സുഖപ്പെടുത്തേണ്ടതുമുണ്ട്. എന്നാൽ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ത്യാഗം ചെയ്ത ഒരു മഹാനായ മനുഷ്യനെ നിന്ദിക്കുക വഴിയല്ല ഇത് നേടേണ്ടത്. അനുരഞ്ജനത്തിനും, സൗഖ്യത്തിനും മുൻപ് സത്യം തിരിച്ചറിയണം. അമേരിക്കയിലെ മറ്റു ഏത് വിശ്വാസത്തെയും പോലെ, ദശലക്ഷക്കണക്കിന് കത്തോലിക്കരുടെ വിശ്വാസത്തിന്റെ പ്രതീകങ്ങളെ ആക്രമിക്കുന്നത് തെറ്റാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നഗരത്തിലെ ഗോൾഡൻ ഗേറ്റ് പാർക്കിലെ സെന്റ് ജുനിപെറോ സെറയുടെ ഒരു രൂപം പൊളിച്ചുമാറ്റിയതിനു മറുപടിയായി ആർച്ച് ബിഷപ്പ് കോർഡിലിയോൺ നേതൃത്വം നൽകിയ ജപമാലയിലും, മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനയിലും നിരവധി ആളുകൾ പങ്കുചേർന്നിരുന്നു. ജപമാല പ്രാർത്ഥനയും, ഭൂതോച്ചാടനവും പാപപരിഹാര കര്‍മ്മങ്ങളുടെ ഭാഗമായിരുന്നു. അത് വീണ്ടും ആവര്‍ത്തിക്കുവാനാണ് ആര്‍ച്ച് ബിഷപ്പിന്റെ തീരുമാനം. അതേസമയം രാജ്യത്തു ക്രിസ്തീയ പ്രതീകങ്ങള്‍ തകര്‍ക്കുന്നത് തുടര്‍ക്കഥയായി മാറുകയാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |