Content | പ്രമുഖ രാഷ്ട്രീയ പാർട്ടിയെന്നും മതേതര പാർട്ടിയെന്നും അവകാശപ്പെടുമ്പോഴും ചില കാര്യങ്ങളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന നയത്തിൽ നിന്ന് മുസ്ലീംലീഗ് പിൻമാറണമെന്ന് കെസിവൈഎം മാനന്തവാടി രൂപത അടിയന്തിര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നത് എതിർക്കുകയും അതേസമയം ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളുടെ 80 ശതമാനവും ഒരു സമുദായം മാത്രം സ്വന്തമാക്കുന്നതിനെക്കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്യുന്ന വിരുദ്ധനിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിൻ ചെമ്പക്കര അഭിപ്രായപ്പെട്ടു.
ഭാരതത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവത്തിന് ഭൂഷണമല്ലാത്ത ഇത്തരം നിലപാടുകള്‍ ഒഴിവാക്കുകയും ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ അവര്‍ക്ക് സംലഭ്യമാക്കുകയും ചെയ്യണം. ന്യൂനപക്ഷത്തിൽ ഭൂരിപക്ഷം നിൽക്കുന്നവർ മറ്റുള്ളവര്‍ക്കും കൂടി അവകാശപ്പെട്ട ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതും അവരെ ചൂഷണം ചെയ്യുന്നതും ഇനിയും അംഗീകരിക്കാന്‍ ആവില്ല. സാമ്പത്തിക സംവരണ വിഭാഗത്തിൽ മുസ്ലിംലീഗിന്റെ നിലപാടിനോടും മതസ്പർദ ഉണ്ടാകുന്ന വിധത്തിലുള്ള പ്രസ്താവനകളോടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ വിഷയത്തില്‍ മുസ്ലീംലീഗ് പൊതു സമൂഹത്തോട് തന്നെ മാപ്പ് പറയണം. വോട്ട്ബാങ്ക് ലക്ഷ്യംവെച്ച് മതേതരത്വത്തിന്റെ മുഖംമൂടിയണിയുകയും അതേസമയം ഒരു സമുദായത്തിന് വേണ്ടി മാത്രം നിലപാടുകളെടുക്കുകയും ചെയ്യുന്നതിലൂടെ മറ്റ് സമുദായങ്ങളെ അവഹേളിക്കുകയും അവരുടെ അവകാശങ്ങളെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന നയങ്ങൾ ഒഴിവാക്കണം എന്നും കെ.സി.വൈ.എം. മാനന്തവാടി രൂപത വ്യക്തമാക്കി.
കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, വൈസ് പ്രസിഡന്റ് റ്റെസിൻ വയലിൽ, ജനറൽ സെക്രട്ടറി റോസ്മേരി തേറുകാട്ടിൽ, ആനിമേറ്റർ സിസ്റ്റർ സാലി സിഎംസി, സെക്രട്ടറിമാരായ ജിയോ മച്ചുകുഴിയിൽ,മേബിൾ പുള്ളോലിക്കൽ, ട്രഷറർ ടിബിൻ പാറക്കൽ, കോ- ഓഡിനേറ്റർ ഡെറിൻ കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു. |