Content | പാരീസ്: ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ഇസ്ലാമിക ഭീകരാക്രമണത്തിൽ തീവ്രവാദി കൊലപ്പെടുത്തിയ സ്ത്രീയുടെ അവസാന വാക്കുകള്‍ ലോക ജനതയുടെ കണ്ണീരാകുന്നു. ബ്രസീലിയൻ വംശജയായ സിമോൺ ബരേറ്റോ സിൽവ എന്ന നാല്‍പ്പത്തിനാലുകാരി പറഞ്ഞ അവസാന വാക്കുകളാണ് നവമാധ്യമങ്ങളില്‍ വലിയ വേദനയോടെ അനേകര്‍ പങ്കുവെയ്ക്കുന്നത്. 'എന്റെ കുഞ്ഞുങ്ങളെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയണം' എന്ന വാക്കുകള്‍ മരണപ്പെടുന്നതിന് തൊട്ടുമുന്പ് സിമോൺ പറഞ്ഞതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തിയുമായി അക്രമി പള്ളിയിലേക്ക് ഇരച്ചുകയറുന്നത് കണ്ട് അടുത്തുള്ള റെസ്റ്റോറന്റിലേക്ക് ഓടിക്കയറാൻ ശ്രമിച്ച മൂന്നു മക്കളുടെ അമ്മയായ ഈ യുവതിയെ ഒന്നിലധികം തവണയാണ് അക്രമി കുത്തിപ്പരിക്കേൽപ്പിച്ചത്. പള്ളിയിൽ നിന്ന് പുറത്തെത്തിയെങ്കിലും അക്രമി പിറകെയോടി ഇവരെ കുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ ഓടിയെത്തിയ സുരക്ഷാ ജീവനക്കാരോടായിരുന്നു യുവതി തന്റെ മക്കളെ കുറിച്ച് അവസാന വാക്കുകൾ പറഞ്ഞത്. അതേസമയം ടുണീഷ്യയിൽ നിന്നും ഫ്രാൻസിലെത്തിയ യുവാവാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ബ്രാഹിം അയ്സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയൻ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 20നാണ് ഇയാൾ യൂറോപ്പിലെത്തിയത്. ഇറ്റലിയിൽ എത്തിയ ഇയാൾ പിന്നീട് ഫ്രാൻസിലേക്ക് കടക്കുകയായിരുന്നു. പ്രതി ടുണീഷ്യയിലെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടാത്ത ആളാണെന്നാണ് ബി.ബി.സി റിപ്പോർട്ട്. ഖുർആനിന്റെ പകർപ്പും മൂന്ന് കത്തികളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്നാണ് അധികൃതർ പറഞ്ഞത്. |