Content | റോം: സകല മരിച്ച വിശ്വാസികളുടെയും തിരുനാള്‍ ദിനമായ ഇന്നലെ നവംബർ രണ്ടാം തീയതി വത്തിക്കാനിലെ ട്യൂറ്റോണിക് സെമിത്തേരിയില്‍ ഫ്രാൻസിസ് പാപ്പ വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു. വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയുടെ പാര്‍ശ്വത്തിലുള്ള സെമിത്തേരിയിലാണ് സകല മരിച്ച വിശ്വാസികൾക്കും വേണ്ടി ഈ വർഷം ഫ്രാന്‍സിസ് പാപ്പ കുർബാന അര്‍പ്പിച്ചത്. അതിന് ശേഷം പാപ്പ ബസിലിക്കക്ക് താഴെയുള്ള മുൻ മാർപാപ്പമാരെ അടക്കിയിരിക്കുന്ന പള്ളിയിൽ പോയി പ്രാർത്ഥനയും നടത്തി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂലം ഈ വർഷം പൊതുജന പങ്കാളിത്തമില്ലാതെ ആയിരുന്നു ശുശ്രൂഷകൾ.
എന്നാൽ തൽസമയ സംപ്രേഷണത്തില്‍ ആയിരകണക്കിനാളുകള്‍ പങ്കുചേര്‍ന്നു. പഴയ നിയമത്തിലെ ജോബിന്റെ പുസ്തകത്തിലെ വിവരണങ്ങളും വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന ദൈവവചനവും കൂട്ടിച്ചേർത്താണ് പാപ്പ വചന സന്ദേശം നൽകിയത്. ജോബ് പറയുന്ന പോലെ "എന്റെ രക്ഷകൻ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്കറിയാം, ഞാൻ അവനെ കാണും" എന്ന പ്രത്യാശയുടെ വാക്കുകൾ കടമെടുത്താണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
2013-2015 വർഷങ്ങളിൽ ഫ്രാൻസിസ് പാപ്പ നവംബർ രണ്ടിന് റോമിലെ വേറാനോ സെമിത്തേരിയിലും 2016ൽ റോമിലെ തന്നെ പ്രീമ പോർത്ത എന്ന സെമിത്തേരിയിലും കുർബാന അർപ്പിച്ചിരുന്നു. 2017ൽ വിശുദ്ധ മരിയ ഗൊരേത്തിയുടെ സ്ഥലമായ നെത്തൂണയിലെ അമേരിക്കൻ സെമിത്തേരിയും സന്ദർശിച്ചിട്ടുണ്ട്. 2018ൽ ലവ്രന്തീനോയിൽ ആയിരുന്നു കുർബാന അർപ്പിച്ചത്. എന്നാൽ കഴിഞ്ഞ വർഷം പ്രിസ്കില്ലയുടെ പേരിലുള്ള കാറ്റകോമ്പിലായിരുന്നു പാപ്പ വിശുദ്ധ ബലി അർപ്പിച്ച് മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |