Content | ഹനോയ്: ദശാബ്ദങ്ങൾക്ക് ശേഷം വിയറ്റ്നാമിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമെത്തിക്കുവാൻ കനത്ത കാറ്റിനെയും മഴയെയും വകവയ്ക്കാതെ ക്രൈസ്തവ സന്യാസിനികൾ. ഒക്ടോബർ 6 മുതൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളും പേമാരിയും കനത്ത മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമായിരിക്കുകയാണ്. ഇതിനോടകം 130 പേർക്ക് മരണം സംഭവിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതീവ ദയനീയമായ ഈ സാഹചര്യത്തില്‍ പ്രതികൂലമായ എല്ലാ അവസ്ഥകളെയും മറികടന്ന് കത്തോലിക്ക സന്യാസിനികള്‍ ആയിരങ്ങളുടെ കണ്ണീരൊപ്പുകയാണ്.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടയിലുണ്ടായ ഏറ്റവും വിനാശകരമായ കൊടുങ്കാറ്റാണെങ്കിലും പ്രളയദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുവാൻ കൈസ്തവ സന്യാസിനികൾ മുന്നിലുണ്ട്. കനത്തമഴയിൽ റോഡുകൾ ഒലിച്ചു പോയതിനാൽ ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിൽ സന്യാസിനികൾ ഭക്ഷണപ്പൊതികളും കുടിവെള്ളവും വിതരണം ചെയ്തതായി ഡോട്ടേഴ്സ് ഓഫ് ഔർ ലേഡി ഓഫ് വിസിറ്റേഷൻ സിസ്റ്റർ ആൻ ഞ്യൂയെൻ തി ഡുവോങ് പറഞ്ഞു. ഗ്രാമവാസികളിൽ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളും മറ്റ് മതസ്ഥരുമാണ്. " ഒക്ടോബർ 10 മുതൽ മൂന്നു ദിവസം കൂടുമ്പോൾ ബോട്ടുകളിൽ അവരെ സന്ദർശിക്കുകയും സഹായങ്ങള്‍ കൈമാറുകയും അവരോടൊപ്പം ജപമാല ചെല്ലി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്ന് സിസ്റ്റർ ആൻ പറഞ്ഞു. വെള്ളം ഇറങ്ങിയ സമയത്ത് അടുത്തുള്ള പ്രൈമറി സ്കൂളിൽവെച്ച് ദുരിത ബാധിതർക്ക് അരിയും കുടിവെള്ളവും ടിന്നിലാക്കിയ മീനും പണവും വിതരണം ചെയ്തതായി സിസ്റ്റർ ആൻ അറിയിച്ചു.
250 കുടുംബങ്ങൾക്ക് നെൽവിത്തും കോഴിക്കുഞ്ഞുങ്ങളും പന്നിക്കുഞ്ഞുങ്ങളും വാങ്ങുന്നതിനായി ധനസമാഹരണത്തിനായി ഇടപെടല്‍ ആരംഭിച്ചുവെന്നും കൃഷിയിൽ നിന്നും ആദായമെടുക്കാൻ കഴിയുന്നതുവരെ വരുന്ന അഞ്ച് മാസത്തേക്ക് സഹായം തുടരുന്നതാണെന്നും സിസ്റ്റർ ആൻ പറഞ്ഞു. സമാനമായ സഹായങ്ങളുമായി ഡോട്ടേഴ്സ് ഓഫ് മേരി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസപ്ഷൻ , സെയിന്റ് പോൾ ദെ ചാർട്ടേഴ്സ്, ലവേഴ്സ് ഓഫ് ദ ഹോളി ക്രോസ് തുടങ്ങിയ സന്യസ്ത സഭകളിലെ സന്യാസിനികളും പ്രളയ മേഖലകളിൽ പ്രവർത്തനനിരതരാണ്. നീണ്ട തീര പ്രദേശമുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമില്‍ പന്ത്രണ്ടോളം കൊടുങ്കാറ്റുകൾ പ്രതിവർഷം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷത്തെ കൊടുങ്കാറ്റിൽ 133 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തു. 183 പേർക്കാണ് പരിക്കു പറ്റിയത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |