Content | ബുഡാപെസ്റ്റ്: കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് സംബന്ധിച്ച നിലവിലെ ഭരണഘടനാ വ്യവസ്ഥകള്‍ ക്രിസ്തീയ മൂല്യങ്ങള്‍ക്കനുസൃതമായി പൊളിച്ചെഴുതുന്നതിനുള്ള പദ്ധതിയുമായി ഹംഗറി സര്‍ക്കാര്‍. സ്വവര്‍ഗ്ഗാനുരാഗികളായി ഒരുമിച്ചു ജീവിക്കുന്നവര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് തടഞ്ഞും കുട്ടികളെ ദത്തെടുക്കുന്നതു ദമ്പതികളില്‍ മാതാവ് സ്ത്രീയായിരിക്കണമെന്നും പിതാവ് പുരുഷനായിരിക്കണമെന്നും വിവാഹിതരായവര്‍ക്ക് മാത്രമേ കുട്ടികളെ ദത്തെടുക്കുവാന്‍ അനുവാദമുള്ളൂവെന്നും പുതിയ ഭേദഗതി അനുശാസിക്കുന്നുണ്ട്. നിലവില്‍ ഹംഗറിയിലെ സ്വവര്‍ഗ്ഗവിവാഹം നിയമവിരുദ്ധമാണെങ്കിലും സ്വവര്‍ഗ്ഗാനുരാഗികളായി ജീവിക്കുന്ന പങ്കാളികളില്‍ ഒരാള്‍ അപേക്ഷിച്ചാല്‍ കുട്ടികളെ ദത്തെടുക്കല്‍ സാധ്യമായിരുന്നു.
ആധുനിക സ്വതന്ത്രചിന്താഗതികള്‍ പരമ്പരാഗത കുടുംബവ്യവസ്ഥക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പുതിയ ഭരണഘടനാ ഭേദഗതിയെന്നു ഹംഗറി സര്‍ക്കാര്‍ പ്രതികരിച്ചു. ഭരണഘടനാ ഭേദഗതിയുടെ കരടുരൂപം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭരണകക്ഷിയായ ഫിദെസ് പാര്‍ട്ടി പാര്‍ലമെന്റിലേക്കയച്ചത്. പുതിയ ഭേദഗതി അടുത്തമാസം ആരംഭത്തില്‍ വോട്ടിംഗിനിടുമെന്നും, ഫിദെസ് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ പാസ്സാക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടുംബം സംബന്ധിച്ച ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്കനുസരിച്ച് വേണം കുട്ടികള്‍ വളരുവാനെന്നു പുതിയ ഭരണഘടനാ ഭേദഗതിയില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.
ഇതോടൊപ്പം ഹംഗറിയുടെ ഭരണഘടനാപരമായ വ്യക്തിത്വത്തിനും, ക്രിസ്തീയ സംസ്കാരത്തിനുമനുസരിച്ചായിരിക്കും വിദ്യാഭ്യാസമെന്നതും ഭേദഗതി ഉറപ്പുനല്‍കുന്നു. വിവാഹമെന്ന വ്യവസ്ഥ സ്ത്രീയും പുരുഷനും തമ്മിലായിരിക്കണമെന്നും, കുടുംബത്തിന്റേയും, ദേശീയതയുടേയും നിലനില്‍പ്പ് തന്നെ ഇതിലാണെന്നും കരടുരൂപത്തില്‍ പറയുന്നുണ്ട്. 2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ക്രൈസ്തവ വിശ്വാസമില്ലാതെ യൂറോപ്പിന് നിലനില്‍പ്പില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച നേതാവാണ് വിക്ടര്‍ ഓര്‍ബാന്‍. മധ്യപൂര്‍വ്വേഷ്യയില്‍ കനത്ത ഭീഷണി നേരിടുന്ന പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ദശലക്ഷകണക്കിന് ഡോളറാണ് ഭരണകൂടം ചെലവിട്ടിരിക്കുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |