Content | കാലിഫോര്‍ണിയ: കടുത്ത നിയമങ്ങളും നയങ്ങളും വഴി മതവിശ്വാസങ്ങളുടെ മേല്‍ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ആഗോള ശരാശരി സൂചിക (ഗവണ്‍മെന്റ് റെസ്ട്രിക്ഷന്‍ ഇന്‍ഡെക്സ് - ജി.ആര്‍.ഐ) 2018ല്‍ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയെന്ന്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. 2007 മുതല്‍ മതങ്ങളുടെ മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ‘പ്യൂ റിസര്‍ച്ച് സെന്റര്‍’ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏകാധിപത്യ പ്രവണതയോടു കൂടിയ സര്‍ക്കാരുകളിലാണ് മതങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവണത കൂടുതല്‍ കണ്ടുവരുന്നത്. 2017 മുതല്‍ 2018 വരെയുള്ള വാര്‍ഷിക വര്‍ദ്ധനവിന്റെ തോത് മിതമാണെങ്കിലും ഒരു ദശകത്തിനു മുന്‍പുണ്ടായിരുന്ന കണക്കുവെച്ചു നോക്കുമ്പോള്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തങ്ങളുടെ പഠനത്തിന്റെ പതിനൊന്നാമത്തെ റിപ്പോര്‍ട്ടാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
20 സൂചകങ്ങള്‍ വിശകലനം ചെയ്ത ശേഷം 10 പോയിന്റ് വീതം രേഖപ്പെടുത്തുന്ന സൂചികയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ ഇതിനായി ഉപയോഗിച്ചത്. പഠനം തുടങ്ങിയ ആദ്യവര്‍ഷം 2007-ല്‍ മതങ്ങളുടെ മേല്‍ ഭരണകൂടങ്ങളുടെ നിയന്ത്രണത്തിന്റെ സൂചിക ശരാശരി 1.8 ആയിരുന്നു. 2011ല്‍ ഇത് ക്രമാതീതമായി വര്‍ദ്ധിക്കുകയും 2018 ആയപ്പോഴേക്കും പോയിന്റ് സൂചിക 2.9 ആയി മാറി. ജി.ആര്‍.ഐ ‘ഉയര്‍ന്നത്’, ‘വളരെ ഉയര്‍ന്നത്’ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന രാഷ്ട്രങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പഠനവിധേയമായ 198 രാഷ്ട്രങ്ങളില്‍ 52 രാഷ്ട്രങ്ങളായിരുന്നു 2017-ല്‍ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍ 2018 ആയപ്പോഴേക്കും അത് 56 രാഷ്ട്രങ്ങളായി ഉയര്‍ന്നു. ഏഷ്യാ പസഫിക് മേഖലയിലേയും, മധ്യപൗരസ്ത്യ മേഖലയിലേയും രാഷ്ട്രങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
പത്തില്‍ 9.3 പോയന്റുമായി ചൈനയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 7.9 പോയന്റുമായി താജിക്കിസ്ഥാനും തൊട്ടുപിന്നിലുണ്ട്. ഏഷ്യാ പസഫിക് മേഖലയില്‍ ‘ഉയര്‍ന്ന’ വിഭാഗത്തില്‍പ്പെട്ട രാഷ്ട്രങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. 2018-ല്‍ ഇന്ത്യയുടെ നില ഏറ്റവും ഉയര്‍ന്ന 5.9 സൂചികയിലെത്തി. തായ്വാനിലും ജി.ആര്‍.ഐ എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തുകയുണ്ടായി (5.4). ഏഷ്യാ പസഫിക്കിന് പുറമേ മധ്യപൂര്‍വ്വേഷ്യയിലേയും, വടക്കേ ആഫ്രിക്കയിലേയും പോയന്റു നിലവാരത്തില്‍ വളരെയേറെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ 2017-ല്‍ 6.0 ഉണ്ടായിരുന്നത് 2018-ല്‍ 6.2 ലെത്തി. ആഗോള ശരാശരിയുടെ ഇരട്ടിയാണിത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|