category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാപമേശാത്ത അമലോത്ഭവ മാതാവും പാപത്തെ അതിജീവിക്കേണ്ട നമ്മളും!
Contentഇന്ന് ഡിസംബർ 8, സ്വർഗത്തിന്റെയും, ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ കന്യകമറിയത്തിന്റെ "അമലോത്ഭവ തിരുനാൾ" തിരുസഭ ആഘോഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ, ഈ തിരുന്നാൾദിനത്തിൽ, അമലോത്ഭവ മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും, ആശീർവാദവും എല്ലാകുടുംബങ്ങളിലും, വ്യക്തിജീവിതത്തിലും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നമ്മുക്കറിയാം തിരുസഭ, ദൈവകൃപ നിറഞ്ഞ പരിശുദ്ധ മറിയത്തെകുറിച്ച് നാല് വിശ്വാസസത്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്: പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം, നിത്യകന്യാത്വം, ദൈവമാതൃത്വം, സ്വർഗ്ഗാരോപണം.!! 1854 ഡിസംബർ 8 -ാം തീയതി “ അവാച്യനായ ദൈവം ( Ineffabili Deus ) ' എന്ന ചാക്രികലേഖനത്തിലൂടെ മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചുകൊണ്ട് ഒമ്പതാം പീയൂസ് മാർപ്പാപ്പ ഇങ്ങനെ പറഞ്ഞു : “ ദൈവകൃപയാൽ, ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ ജന്മപാപത്തിന്റെ മാലിന്യമേശാതെ മറിയം കാത്തുപരിപാലിക്കപ്പെട്ടു" . പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചതിനു 4 വർഷത്തിന് ശേഷം ഫ്രാൻസിലെ ലൂർദിൽ, 1858 മാർച്ച് 25ന് മംഗളവാർത്താ തിരുനാൾ ദിനത്തിൽ ബർണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് പരിശുദ്ധ അമ്മ പറഞ്ഞു : “ ഞാൻ അമലോത്ഭവയാണ് ( I am the Immaculate Conception ). ദൈവകൃപയാൽ, ലൂർദിൽ പോകുവാനും ആ വിശുദ്ധ സ്ഥലങ്ങൾ കാണുവാനുമുള്ള ഭാഗ്യം എനിക്കുണ്ടായി.ദൈവത്തിനു സ്തുതി! ഒരിക്കൽ ഒരു വ്യക്തി എന്നോട് ചോദിച്ചു, പരിശുദ്ധ അമ്മയുടെ അമലോത്ഭവം എങ്ങനെ വിശ്വസിക്കും? ഇത് എങ്ങനെ സാധ്യമാകും? ഞാൻ പറഞ്ഞു, പറുദീസയിൽ ദൈവം ആദത്തിനും ഹവ്വായ്ക്കും രൂപം നൽകിയപ്പോഴും അവരിൽ ഒരു ജന്മപാപംപോലും ഉണ്ടായിരുന്നില്ല. മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ പ്രതി, സർവ്വശക്തനായ ദൈവം നൽകിയ പ്രത്യേകമായ ആനുകൂല്യത്താൽ, ഏറ്റവും അനുഗൃഹീതയായ കന്യാമറിയം താൻ ഉരുവാക്കപ്പെട്ട ആദ്യ നിമിഷം മുതൽ, "ഉത്ഭവപാപത്തിന്റെ എല്ലാ കളങ്കങ്ങളിൽ നിന്നും സംരക്ഷിതയായിരിക്കണം" എന്ന് ദൈവം തീരുമാനിച്ചിരുന്നെങ്കിൽ അതു വിശ്വസിക്കാൻ എന്തിനാണ് ബുദ്ധിമുട്ട്? കാരണം ദൈവത്തിന് അസാധ്യമായിട്ട് ഒന്നുമില്ല. അതെ, പാപമില്ലാത്ത ജീവിതം സാധ്യമാണ് എന്ന് ഉറക്കെ പ്രഘോഷിക്കുന്ന ഒരു തിരുനാളാണ് പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ! മനുഷ്യനായതുകൊണ്ട് പാപി ആയിരിക്കണം എന്ന് നിർബന്ധം ഇല്ല. പാപമില്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കുമെന്ന് ഈ തിരുനാൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഏദൻതോട്ടത്തിൽ പാപമില്ലാത്ത അവസ്ഥയുണ്ടായിരുന്നു, പക്ഷേ മനുഷ്യന്റെ തെരഞ്ഞെടുപ്പ് അവനെ പാപത്തിലേക്ക് നയിച്ചു. അതേ ജീവിതം എപ്പോഴും തെരഞ്ഞെടുപ്പുകളുടെതാണ്. നന്മതിന്മകൾ ഒരുവൻ തെരഞ്ഞെടുക്കുന്നതനുസരിച്ച് അവന്റെ ജീവിതവും, വിധിയും നിർണ്ണയിക്കപ്പെടുന്നു. ചില ശ്രേഷ്ഠമായ തെരഞ്ഞെടുപ്പുമൂലം മഹത് വ്യക്തികൾ ആയ ഒത്തിരിപ്പേർ വിശുദ്ധ ഗ്രന്ഥത്തിൽ കാണുവാൻ സാധിക്കും!!. താൻ വിവാഹം കഴിക്കാൻ പോകുന്ന മേരി ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ, യഹൂദനിയമപ്രകാരം കല്ലെറിഞ്ഞ് കൊല്ലുവാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കെ, ജോസഫ് എടുത്ത തെരഞ്ഞെടുപ്പ് അവനെ ദൈവപുത്രന്റെ വളർത്തച്ഛനാകുവാനുള്ള ഭാഗ്യം സ്വന്തമാക്കി. ഗാഗുൽത്തായിൽ ക്രിസ്തുവിനെ കുരിശിൽ അരികിൽ ഒപ്പമുണ്ടായിരുന്ന ഒരു കള്ളൻ, നല്ല കള്ളൻ ആയി മാറിയത് സ്വർഗ്ഗത്തിലേക്കുള്ള മാർഗം കണ്ടെത്തിയത് കൊണ്ടാണ്. ലോകം മുഴുവനും പാപസുഖത്തിൽ മുഴുകി ജീവിച്ചപ്പോൾ വരാനിരിക്കുന്ന പ്രളയത്തെ അതിജീവിക്കാൻ വേണ്ടി നോഹ പെട്ടകം പണിയാൻ തയ്യാറായപ്പോൾ അവന്റെ തെരഞ്ഞെടുപ്പ് അവനു രക്ഷയായി മാറി. മണവാളന്റെ വരവിനായി വിളക്കിനൊപ്പം എണ്ണയും കരുതിവെച്ച വിവേകമതികളായ കന്യകമാരുടെ തെരഞ്ഞെടുപ്പ്, അവരെ മണവാളന്റെയൊപ്പമുള്ള സന്തോഷത്തിന് യോഗ്യരാക്കി. നമ്മുടെ തെരഞ്ഞെടുപ്പുകളെ ഒന്നു വിചിന്തനം ചെയ്യാം. മറക്കരുത് ജീവിതം ഒരുപാട് തെരഞ്ഞെടുപ്പുകൾക്ക് അവസരം തരും. മാമോദീസയിൽ പിശാചിനെയും അവന്റെ ആഡംബരങ്ങളെയും ഉപേക്ഷിക്കുമെന്നേറ്റു പറഞ്ഞിട്ട്, സമർപ്പണ ജീവിതത്തിൽ വൃതത്രയങ്ങളിലൂടെ ക്രിസ്തുവിനായി പൂർണമായും സമർപ്പിക്കാമെന്ന് ഏറ്റു പറഞ്ഞിട്ട്, കുടുംബജീവിതത്തിൽ ഇന്നുമുതൽ മരണംവരെ സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച് ജീവിക്കാം എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി ഏറ്റു പറഞ്ഞിട്ടൊക്കെ ഒക്കെ എത്ര പ്രാവശ്യം നാം ആ തെരഞ്ഞെടുപ്പുകൾ തെറ്റിച്ചിരിക്കുന്നു? ഒരു കോപ്പ മധുരിക്കുന്ന പായസത്തിനു വേണ്ടി കടിഞ്ഞൂൽ അവകാശം വിറ്റ എസാവിനെ പോലെയോ? മുപ്പതു വെള്ളി നാണയത്തിന് ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ പോലെയോ നിന്റെ തെരഞ്ഞെടുപ്പുകൾ നിന്നെ പാപത്തിലേക്ക് നയിക്കുന്നുണ്ടോ? ഓർക്കുക, ഓരോ ജനനത്തിന്റെ പിന്നിലും ഒരു നിയോഗമുണ്ട്. പരിശുദ്ധ അമ്മയുടെ ജീവിത നിയോഗമല്ല നമ്മുടെ ഓരോരുത്തരുടെയും നിയോഗം!!. നിന്റെ ജീവിത നിയോഗം നീ കണ്ടെത്തുക. അതു അനുസരിച്ചു ജീവിക്കുക!! കാരണം, പാഴായിപ്പോകുന്ന ഒരു ജന്മവും ഭൂമിയിൽ ഇല്ല. എന്നാൽ ചിലമനുഷ്യർ തങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു ജീവിതം പാപപങ്കിലമാക്കുമ്പോൾ, സ്വർഗ്ഗം വേദനിക്കുന്നു, ജീവിത നിയോഗങ്ങൾ താറുമാറാക്കപെടുന്നു! സുഹൃത്തേ, ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ, എല്ലാ ജന്മപാപവും, കർമ്മപാപവും മായിച്ചു ക്രിസ്തുവിൽ വിശുദ്ധികരിക്കപെട്ടവരാണ് ഓരോ ക്രൈസ്തവനും. ലോകത്തിൽ ജീവിച്ചാലും, ലോകമാലിന്യമേല്ക്കാതെ ജീവിക്കാൻ സാധിക്കു മെന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. "ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കർത്താവ് നിന്നോടുകൂടെ" എന്ന ദൈവദൂതന്റെ വാക്കുകൾ മറിയത്തിന്റെ യോഗ്യത വ്യക്തമാക്കുന്നു!!. ഒരു വേള ദൈവദൂതൻ നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടാൽ എന്തായിരിക്കും പറയുക? വിദ്വേഷം നിറഞ്ഞവരെ, വെറുപ്പ് നിറഞ്ഞവരെ, ക്രൂരത നിറഞ്ഞവരെ, നന്മ ഇല്ലാത്തവരെ, വിശുദ്ധി ഇല്ലാത്തവരെ, വിശ്വാസമില്ലാത്തവരെ എന്നൊക്കെ പറയുമോ? പരിശുദ്ധ അമ്മയുടെ ഉള്ളു നിറയെ കൃപ ആയിരുന്നു അതുകൊണ്ടാണ് അവൾ ഉടലോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടത്. "ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന" (റോമാ 12 : 1). സുഹൃത്തേ, പാപക്കറയേശാത്ത , ഊനമില്ലാത്ത, കുറ്റങ്ങളും കുറവുകളുമില്ലാത്ത, അമലോൽഭവയായ പരിശുദ്ധ കന്യകാമറിയത്തെപോലെ, "ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ ഭവിക്കട്ടെ" എന്ന് നമുക്കും ദൈവത്തോട് ഏറ്റു പറയാം. ഒന്നുമില്ലായ്മയിൽ നിന്ന് "ഉണ്ടാകട്ടെ" എന്ന് വചനത്താൽ, "എല്ലാം സൃഷ്ടിക്കുവാൻ" കഴിവുള്ളവനായ കർത്താവിന്റെ കരങ്ങളിൽ നമ്മുടെ നിസ്സാരജീവിതം സമർപ്പിച്ചാൽ, നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങളും, വിസ്മയങ്ങളും ഒന്നിനുപിറകെ ഒന്നായി കടന്നു വരും. സ്നേഹമുള്ളവരെ, ജപമാല കൈയിലെടുത്തു, വിശ്വാസത്തോടെ അമ്മയോട് പ്രാർത്ഥിക്കാം. അങ്ങനെ, നമ്മുടെ ശരീരവും, മനസ്സും, ആത്മാവും വിശുദ്ധിയിൽ കാത്തുസൂക്ഷിക്കുവാൻ ഉള്ള കൃപയ്ക്കായി, അമലോൽഭവയായ, പരിശുദ്ധ കന്യാകമറിയത്തിന്റെ മാദ്ധ്യസ്ഥ്യം തേടാം." കാരണം, വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല" (ഹെബ്രായര്‍ 12 : 14). അതെ മറക്കരുത്, നിങ്ങളുടെ വിശുദ്‌ധീകരണമാണ്‌ ദൈവം അഭിലഷിക്കുന്നത്" (1തെസലോനിക്കാ 4 : 3). ഒരിക്കൽ കൂടി, പരിശുദ്ധഅമ്മയുടെ അമലോത്ഭവതിരുന്നാളിന്റെ മംഗളങ്ങൾ എല്ലാവർക്കും നേരുന്നു. പരിശുദ്ധ അമ്മ നമ്മേയെല്ലാവരെയും അനുഗ്രഹിക്കട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-08 14:13:00
Keywordsഅമലോത്ഭവ മാതാ
Created Date2020-12-08 16:22:13