Content | "കർത്താവിനെപ്രതി സഹിക്കുവാനും, കൂടുതൽ നിന്ദിക്കപ്പെട്ടുവാനും ഞാൻ ആഗ്രഹിക്കുന്നു" എന്ന് ലോകത്തോട് ഏറ്റുപറഞ്ഞ, കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ ഇന്ന് തിരുസഭ ഭക്ത്യാദരങ്ങളോടെ ആഘോഷിക്കുകയാണ്. എല്ലാവർക്കും കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ മാധ്യസ്ഥം വഴി സകല അനുഗ്രഹങ്ങളും, കൃപകളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ആരാണ് കുരിശിന്റെ വിശുദ്ധ യോഹന്നാൻ? ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായോടൊപ്പം, നിഷ്പാദുക കർമ്മലീത്താസഭയുടെ നവീകരണകർത്താവ്, ആത്മീയ പിതാവ്, എഴുത്തുകാരൻ, മിസ്റ്റിക്കുകളുടെ മിസ്റ്റിക്, വേദപാരംഗതൻ, കവികളുടെയും ആത്മീയജീവിതത്തിന്റെയും ദൈവശാസ്ത്ര രഹസ്യങ്ങളുടെയും സ്വർഗീയ മധ്യസ്ഥൻ തുടങ്ങി വിവിധ നാമത്തിൽ അദ്ദേഹം അറിയപ്പെടുന്നു.
സ്‌പെയിനിലെ കാസ്റ്റിലിയൻ എന്ന ഭൂപ്രദേശത്ത്, ഗോൺസാലോ, കാറ്റലീന ദമ്പതികളുടെ മൂന്നാമത്തെ മകനായി 1542-ലാണ് യോഹന്നാൻ ജനിച്ചത്. ചെറുപ്പം മുതൽ അദ്ദേഹത്തിന് വളരെ ദുരിതവും, സഹനവും, പട്ടിണിയും നിറഞ്ഞ ജീവിതമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്രയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ അദ്ദേഹത്തെ കുടുംബത്തിൽ നിന്ന് ആട്ടിപുറത്താക്കുകയും, കുടുംബ സ്വത്തിലുള്ള അവകാശങ്ങൾ പോലും നിഷേധിക്കുകയും ചെയ്തു.
തന്മൂലം, തന്റെ ഭാര്യയേയും, മൂന്ന് മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തതുമൂലം രോഗബാധിതനായി, ചെറുപ്രായത്തിലെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കഠിനമായ ദാരിദ്ര്യത്തിലായി. അങ്ങനെ യോഹന്നാൻ തന്റെ 17 മത്തെ വയസിൽ സ്പെയിനിലെ, മെദീനയില്‍ ഉള്ള ഒരു ആശുപത്രിയില്‍ പാവപ്പെട്ടവരെ സേവിക്കുന്നതിനായി ജോലി ചെയ്തു. അതിനോടൊപ്പം ഈശോസഭകാരുടെ കോളേജിൽ ചേർന്നു തന്റെ പഠനം തുടരുകയും ചെയ്തു.
തന്റെ ദൈവവിളി തിരിച്ചറിഞ്ഞ അദ്ദേഹം,1563-ൽ, തന്റെ 21-മത്തെ വയസ്സിൽ കർമ്മലീത്താ സന്യാസസഭയിൽ പ്രവേശിച്ചു. അല്മായ സഹോദരനായി ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നെങ്കിലും, പഠനത്തിനുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യവും, ജീവിതവിശുദ്ധിയും, മാതാവിനോടുള്ള ഭക്തിയും, മറ്റു കഴിവുകളും തിരിച്ചറിഞ്ഞ സഭ യോഹന്നാന്ന് 25മത്തെ വയസിൽ പൗരോഹിത്യപട്ടം നൽകി. തുടർന്ന് ആ സഭയുടെ പ്രിയോർ ആയി കുരിശിന്റെ വിശുദ്ധ യോഹന്നാൻ തിരഞ്ഞെടുക്കപ്പെട്ടു.
കഠിനമായ പ്രായശ്ചിത്ത പ്രവർത്തികളും, ഉപവാസവും, തപോജീവിതവും അദ്ദേഹം ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ, കർമ്മലസഭയിൽ വേണ്ടത്ര ആത്മീയതയില്ല എന്ന തിരിച്ചറിവിൽ, കഠിനമായ സന്യാസ രീതികള്‍ക്ക് പേര് കേട്ടിരുന്ന കാര്‍ത്തൂസിയന്‍ സഭയില്‍ ചേരുവാന്‍ ആഗ്രഹിച്ചു. എന്നാൽ അദേഹം ആവിലായിലെ വിശുദ്ധ ത്രേസ്സ്യായെ കണ്ടു മുട്ടിയത്, ജീവിതനിയോഗം തിരിച്ചറിയാൻ കാരണമായി!! യോഹന്നാന്റെ വിശുദ്ധമായ ജീവിതം മനസ്സിലാക്കിയ ത്രേസ്യ കർമ്മലസഭയെ നവീകരിക്കാൻ, യോഹന്നാനോട് സഹായമഭ്യർത്ഥിച്ചു. അങ്ങനെ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയോടൊപ്പം കർമ്മലസഭ നവീകരിക്കുകയും, നവീകരിക്കപ്പെട്ട ‘നിഷ്പാദുകര്‍’ (പാദുകങ്ങള്‍ ധരിക്കാത്ത) എന്നറിയപ്പെടുന്ന കര്‍മ്മലീത്ത സന്യാസിമാരുടെ ആദ്യ പ്രിയോര്‍ ആവുകയും ചെയ്തു.
ഈ നവീകരണങ്ങള്‍ സഭാ ജനറല്‍ അംഗീകരിച്ചിരുന്നുവെങ്കിലും, കര്‍ക്കശമായ പുതിയ സന്യാസ രീതികള്‍ മൂലം സഭയിലെ ചില മുതിര്‍ന്ന സന്യാസിമാര്‍ അദ്ദേഹത്തിനെതിരായി. അവര്‍ വിശുദ്ധനെ പാഷണ്ഡത പഠിപ്പിക്കുന്നവൻ ആണ്, സഭയുടെ വിശ്വാസങ്ങൾ ഉപേക്ഷിച്ചവൻ ആണ് എന്നൊക്കെ മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. സമൂഹത്തിനുമുൻപിൽ അഴ്ചയിലൊരിക്കലെങ്കിലുമുള്ള പരസ്യമായ ചാട്ടവാറടി , ശരീരം ചലിപ്പിക്കാൻ കഷ്ടിച്ചുമാത്രം മതിയാകുമായിരുന്ന ഒരു ചെറിയ അറയിലെ താമസം എന്നിവയൊക്കെ അതികഠിനമായ ആ തടവിന്റെ ഭാഗമായിരുന്നു .
ഒൻപതുമാസം കഴിഞ്ഞ് , 1578 ഓഗസ്റ്റ് 15 - ആം തിയതി, അറയോടുചേർന്നുള്ള മുറിയിലെ ഒരു ചെറിയ ജനാലവഴി അദ്ദേഹം രക്ഷപെട്ടു. ഇക്കാലത്തെ കഠിനമായ പീഡനങ്ങളും ആത്മീയപരീക്ഷണങ്ങളും യോഹന്നാന്റെ പിൽക്കാലരചനകളിലെല്ലാം കാണുവാൻ സാധിക്കും. കർമ്മല മലകയറ്റം, ആത്മാവിന് ഇരുണ്ട രാത്രി, ആത്മീയഗീതം, സ്നേഹജ്വാല തുടങ്ങി വിശ്വവിഖ്യാതമായ ആത്മീയ ഗ്രന്ഥങ്ങൾ രചിക്കുവാനും, ആത്മീയതയുടെ ഉത്തുംഗശൃംഗത്തിൽ എത്തുവാനും സാധിച്ചത്, തടവറയുടെ ഇരുളിൽ കിടന്നപ്പോൾ അദ്ദേഹത്തിനു ലഭിച്ച ഉൾക്കാഴ്ചകളും ജീവിത ദർശനങ്ങളും ആയിരുന്നു.
"എങ്ങു നീ ഒളിച്ചെന്നെ കേഴുവാൻ വിട്ടു നാഥാ,
എന്നെ ഹാ, മുറിവേൽപ്പിച്ചോടി നീ മാനെന്നപോൽ,
കരഞ്ഞു വിളിച്ചു ഞാൻ പുറകെ പുറപ്പെട്ടു,
തിരിഞ്ഞു നോക്കാതെ നീ ദൂരെവേ അകന്നുപോയി... " ആത്മാവിന് ഇരുണ്ട രാത്രികളിൽ, സഹനങ്ങളിൽ, വിശുദ്ധ യോഹന്നാൻ കോറിയിട്ട ഇതുപോലുള്ള വരികൾ ഈടുറ്റ ആത്മീയ ദർശനങ്ങൾ നൽകുന്നതായിരുന്നു.!!
ജയിൽമുക്തിക്കുശേഷം, നവീകരണസംരംഭങ്ങളും , ത്രേസ്യായോടൊപ്പം താൻ സ്ഥാപിച്ച കർമ്മലീത്താ നിഷ്പാദുകസഭക്ക് പുതിയ ആശ്രമങ്ങൾ സ്ഥാപിക്കുന്നതും എല്ലാം അദ്ദേഹം പുനരാരംഭിച്ചു.1591 ഡിസംബർ 14 - ന് ചർമ്മത്തെ ബാധിക്കുന്ന സെല്ലുലൈറ്റിസ് രോഗം മൂർച്ഛിച്ച് അദ്ദേഹം 49മത്തെ വയസിൽ മരിച്ചു. 1726 - ൽ ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. 1926 ആഗസ്റ്റ് 24ന് പതിനൊന്നാം പിയൂസ് മാർപാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.
കുരിശിന്റെ വിശുദ്ധ യോഹന്നാൻ നമ്മോട് പറയുന്നു : സഹനങ്ങളിലൂടെയും, തടവറകളിലൂടെയും, തിക്താനുഭവങ്ങളിലൂടെയും നീ കടന്നുപോയാലും, ജീവിതത്തിൽ നീ ആഗ്രഹിച്ച സമയത്ത്, ആഗ്രഹിക്കുന്ന രീതിയിൽ, പ്രവർത്തിക്കുന്നതുകൊണ്ട് നിന്റെ ദൈവത്തെ സംശയിക്കരുത്. കാരണം അവിടുന്ന് വിശ്വസ്ഥനാണ്, നിന്നെ അനുഗ്രഹിക്കുക തന്നെ ചെയ്യും."
ഈ തിരുന്നാൾ ആഘോഷിക്കുമ്പോൾ, നമ്മളുടെ എല്ലാ സഹനങ്ങളും, നൊമ്പരങ്ങളും, തടവറ അനുഭവങ്ങളും കുരിശിലെ വിശുദ്ധ യോഹന്നാന്റെ മാധ്യസ്ഥം വഴി, കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
കുരിശിന്റെ വിശുദ്ധ യോഹന്നാനെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ. |