Content | ജർമ്മൻ ദൈവ ശാസ്ത്രജ്ഞനായ കാൾ റാനറിന്റെ അഭിപ്രായത്തിൽ വിശ്വാസത്തിന്റെ അർത്ഥം ജീവിതകാലം മുഴുവനും ദൈവത്തിന്റെ അഗ്രാഹ്യതയോടു ചേർന്നു നിൽക്കുക എന്നതാണ്. വിശുദ്ധ ജോസഫിൻ്റെ ജീവിത നിയോഗം തന്നെ ദൈവത്തിൻ്റെ അഗ്രാഹ്യതയോടു ചേർന്നു സഞ്ചരിക്കുക എന്നതായിരുന്നു. കാര്യങ്ങൾ മനസ്സിലായെങ്കിലും ഇല്ലങ്കിലും സമചിത്തതയോടെ ജോസഫ് സഹകരിച്ചു. അത്തരം സന്ദർഭങ്ങളിൽ ദൈവവിശ്വാസത്തിൽ ഇടറാതെ പിടിച്ചു നിൽക്കണമെങ്കിൽ വിശുദ്ധമായ ഒരു ധീരത ആവശ്യമായിരുന്നു. അതാണ് അവർണ്യങ്ങളായ വേദനകളിലൂടെ കടന്നുപോയെങ്കിലും ദൈവപുത്രനിലും അവന്റെ രക്ഷാകര പദ്ധതിയിലുള്ള വിശ്വാസത്തിലും ഒരു നിമിഷം പോലും ചഞ്ചല ചിത്തനാകാതെ അവൻ നിലകൊണ്ടത്.
1987 മാർച്ചുമാസത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ യൗസേപ്പ് പിതാവിൻ്റെ തിരുനാളിനൊടനുബന്ധിച്ച് നടത്തിയ വചന സന്ദേശത്തിൽ ദൈവം ഭരമേല്പിച്ച രഹസ്യത്തോട് യൗസേപ്പ് പിതാവ് വിശ്വസ്തനായി നിലനിന്നു എന്നു സാക്ഷ്യപ്പെടുത്തുന്നു. സഭ അവൻ്റെ ലാളിത്യത്തെയും ആഴമേറിയ വിശ്വാസത്തെയും വിലമതിക്കുന്നു. അവൾ അവൻ്റെ നിശബ്ദത, എളിമ, ധൈര്യം എന്നിവയെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നസറത്തിലെ ഒരു എളിയ മരപ്പണിക്കാരനിൽ, ദൈവം എത്രമാത്രം വലിയ കാര്യങ്ങളാണ് ഭരമേല്പിച്ചത്. അവൻ തൻ്റെ പ്രിയപുത്രനെയും പുത്രൻ്റെ അമ്മയായ മറിയത്തെയും ഭരമേല്പിച്ചു.... ആ തച്ചൻ, എളിയ മനുഷ്യൻ ദൈവത്തിനു തന്നിലുള്ള വിശ്വാസത്തെ നിരാശപ്പെടുത്തിയില്ല, അവസാനം വരെ വിശ്വസ്തനായി ജീവിച്ചു. അതിനാൽ സഭ മുഴുവനും ആശ്രയിക്കുന്ന വ്യക്തിയായി ജോസഫ് മാറിയിരിക്കുന്നു. ജീവിതത്തിലുണ്ടാകുന്ന വലിയ കോലിളക്കങ്ങളിലും കൊടുങ്കാറ്റുകളിലും ജോസഫിലേക്കു തിരിയാൻ നമുക്കു പഠിക്കാം. |