Content | നമ്മളെ ഇന്നു വഴി നടത്തുന്ന ചൈതന്യം യൗസേപ്പിതാവിൻ്റെ ലാളിത്യമാണ്. ലാളിത്യം യൗസേപ്പിൻ്റെ അലങ്കാരവും കരുത്തുമായിരുന്നു. ലാളിത്യം എന്നത് യൗസേപ്പിതാവിന് പ്രവൃത്തിയേക്കാള്‍ അതൊരു ജീവിതരീതിയും മനോഭാവവുമായിരുന്നു. പൂര്‍ണ്ണതയുടെ നവവും ആഴമായ അര്‍ത്ഥവും ഗ്രഹിക്കുവാന്‍ ലാളിത്യം വളരെ അത്യാവശ്യമാണ്. ലളിതമായി ജീവിക്കുക എന്നാൽ ഒരു ആത്മപരിത്യാഗ്യം മാത്രമല്ല, മറിച്ചു മറ്റുള്ളവരിലേയ്ക്കു ഉദാരപൂര്‍വ്വം കടന്നുചെല്ലാനുള്ള വാതിലുമാണ്.
ലാളിത്യം ക്രിസ്തീയ ജീവിതത്തിനു സൗന്ദര്യവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ സങ്കീര്‍ണതകളിലും ജീവൻ്റെ സൗന്ദര്യവും വിശുദ്ധിയും ആഘോഷിക്കണമെങ്കിൽ ലാളിത്യം കൂടിയെ തീരു. ഈശോയുടെ ജനന തിരുനാളിനൊരുങ്ങുന്ന ആഗമനകാലം ഒരു ലളിത ജീവിതചര്യയാണ്. എളിയവനാകുമ്പോൾ, ലാളിത്യം പുലർത്തുമ്പോൾ, പുൽക്കൂട്ടിലെ ഉണ്ണീശോയോടു നാം കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ ദൈവത്തോടൊത്തുള്ള ജീവിതമാണ് ലളിത ജീവിതത്തിൻ്റെ സൗന്ദര്യം.
ദൈവം അടുത്തുള്ളപ്പോൾ നമ്മുടെ ജീവിതം സുന്ദരവും കാഴ്ചകൾ വിശുദ്ധവും കാഴ്ചപ്പാടുകൾ വിശാലവും ആകും. ലളിത ജീവിതം നയിച്ച യൗസേപ്പിൻ്റെ ജീവിതം മറ്റുള്ളവർക്ക് അനുകരണീയമായെങ്കിൽ അതിനുള്ള ഏക കാരണം അദ്ദേഹം ദൈവത്തോടൊപ്പം സഞ്ചരിച്ചതുകൊണ്ടാണ്. ലാളിത്യം ജീവിത വ്രതമാക്കിയ യൗസേപ്പിതാവ് നമ്മുടെ ജീവിതത്തെയും സുന്ദരമാക്കട്ടെ. |