Content | ജീവിതത്തിൽ ദൈവഹിതം നിറവേറ്റണമെങ്കിൽ സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കാനുള്ള അസാമാന്യമായ ധൈര്യം അത്യന്ത്യാപേഷിതമാണ്. യഥാർത്ഥത്തിൽ ഭയമില്ലാത്ത അവസ്ഥയല്ല, ഭയത്തെ കീഴടക്കുന്ന അവസ്ഥയാണ് ധൈര്യം. എങ്ങനെയാണ് യൗസേപ്പ് ഭയത്തെ കീഴടക്കിയത് അത് സ്നേഹം കൊണ്ടാണ്. യൗസേപ്പിതാവിൻ്റെ ജീവിതം ധീരതയുടെ മറുവാക്കാകുന്നത് ഈ അർത്ഥത്തിലാണ്. ജീവിതത്തില്‍ ദൈവത്തിൻ്റെ സാന്നിധ്യവും സ്നേഹവും തിരിച്ചറിയാൻ കഴിയാത്തതാണ് ഭയം ഉണ്ടാകാന്‍ കാരണം. ദൈവഹിതം തിരിച്ചറിഞ്ഞു ദൈവത്തോടൊത്തു യാത്ര ചെയ്ത യൗസേപ്പ് ഭയത്തെ കീഴപ്പെടുത്തി എന്നതിൽ അതിശയോക്തിയില്ല.
ക്രൈസ്തവ ജീവിതം ധീരത നമ്മിൽ നിന്നാവശ്യപ്പെടുന്ന ഒരു ജീവിത ശൈലിയാണ്. ചിലപ്പോൾ ആ യാത്രയിൽ നമ്മൾ ഏകനായിരിക്കും അധിക്ഷേപങ്ങളും പരിഹാസങ്ങളും മാത്രമായിരിക്കും കൂടെപ്പിറപ്പുകൾ. ഇതിനിടയിൽ മനസ്സു പതറാതെ കാലുകൾ ഇടറാതെ മുന്നോട്ടു പോകണമെങ്കിൽ ധൈര്യം ആവശ്യമാണ്. ധൈര്യമുള്ളവർക്കേ ജീവിതത്തിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കാൻ കഴിയു. യൗസേപ്പ് പിതാവ് ഉറച്ച നിലപാടുകൾ ഉള്ള മനുഷ്യനായിരുന്നു.
പുൽകൂട്ടിലെ ഉണ്ണിയേശുവിനെ നോക്കി നീങ്ങുന്ന ഈ സമയത്തു യൗസേപ്പിതാവിൻ്റെ ധൈര്യം സ്വന്തമാക്കി നമുക്കു മുന്നോട്ടു നീങ്ങാം. ജീവിതത്തെ സ്നേഹം കൊണ്ടു നിറയ്ക്കുക. കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍. (സങ്കീര്‍ത്തനങ്ങള്‍ 31 : 24) എന്ന സങ്കീർത്തന വചനം നമുക്കു ശക്തി പകരട്ടെ. |