Content | തന്നെ തന്നെ ശൂന്യവത്ക്കരിച്ചുകൊണ്ട് മനുഷ്യനായി പിറന്ന ലോകരക്ഷകനായ യേശുവിന്റെ ജനന തിരുനാള്‍ സ്മരണയില്‍ ആഗോള സമൂഹം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അര്‍ദ്ധരാത്രിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകള്‍ നിയന്ത്രണങ്ങളോടെയായിരിന്നു. വിശുദ്ധ കുര്‍ബാനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കുവാന്‍ എണ്ണം വര്‍ദ്ധിപ്പിച്ചാണ് മിക്ക ദേവാലയങ്ങളും ക്രമീകരണം വരുത്തിയിരിക്കുന്നത്. കണ്ടെയ്മെന്‍റ് സോണായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് വിശുദ്ധ കുര്‍ബാന തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇന്നലെ ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.30ന്, ഇന്ത്യയിലെ സമയം രാത്രി 12 മണിക്ക് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈറസ് ബാധയുടെ നിബന്ധനകള്‍ പാലിച്ച് പരിമിതപ്പെടുത്തിയ പങ്കാളിത്തത്തോടെയായിരിന്നു വത്തിക്കാനിലെ ചടങ്ങുകള്‍. |