Content | വാഷിംഗ്ടണ്‍ ഡിസി: തിരുപ്പിറവിയുടെ ആന്തരികാർത്ഥം വിവരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്രിസ്തുമസ് സന്ദേശം. വൈറ്റ് ഹൗസിൽ നിന്ന് ഭാര്യ മെലാനിയ ട്രംപിനു ഒപ്പമാണ് അദ്ദേഹം ക്രിസ്തുമസ് സന്ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും താനും, പ്രഥമ വനിതയും ക്രിസ്തുമസ് ആശംസ നേരുന്നു എന്ന് പറഞ്ഞാണ് ട്രംപിന്റെ സന്ദേശം ആരംഭിച്ചത്. ദൈവം ലോകത്തിനു തന്നെ ഏറ്റവും വിശിഷ്ടമായ സമ്മാനത്തെ സ്മരിക്കാനുള്ള ആനന്ദകരമായ അവസരമാണ് ക്രൈസ്തവ വിശ്വാസികൾക്ക് ക്രിസ്തുമസ് ദിനമെന്ന് അദ്ദേഹം പറഞ്ഞു.
"രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഗബ്രിയേൽ മാലാഖ മറിയത്തിന് പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ഭയപ്പെടേണ്ട, ദൈവതിരുമുമ്പിൽ നീ സംപ്രീതി നേടിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്ന് അവൻ വിളിക്കപ്പെടും. ഒന്‍പതു മാസങ്ങൾക്കു ശേഷം ബത്ലഹേം നഗരത്തിൽ ക്രിസ്തു ജനിച്ചു. ദൈവത്തിൻറെ പുത്രൻ ഒരു കാലിത്തൊഴുത്തിലാണ് എളിമയോടെ ജനിച്ചത്" ട്രംപ് വിവരിച്ചു. എല്ലാ ക്രൈസ്തവർക്കും അറിയാവുന്നതുപോലെ നമ്മുടെ കർത്താവും, രക്ഷകനുമായ ക്രിസ്തുവിന്റെ ജനനം ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ചു.
നമുക്ക് വേണ്ടി മരിക്കാനും, മനുഷ്യരാശിക്ക് നിത്യസമാധാനം നൽകാനും തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ച ദൈവത്തിന് ക്രിസ്മസ് ദിനത്തിൽ നാം നന്ദി പറയുന്നു. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ക്രിസ്തുവിന്റെ സന്ദേശങ്ങൾ കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമാണെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ക്രിസ്തുവിന്റെ പരസ്പരം സ്നേഹിക്കാനുള്ള കൽപ്പന പാലിക്കാൻ ക്രൈസ്തവർ എല്ലാകാലത്തും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്തോഷത്തിന്റെയും, പ്രതീക്ഷയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് എല്ലാ അമേരിക്കൻ കുടുംബങ്ങൾക്കും നൽകണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |