Content | കണ്ണൂര്‍: രണ്ടര പതിറ്റാണ്ട് വ്യക്തിസഭ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ അവസാനിപ്പിച്ച് പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും വീണ്ടും കത്തോലിക്ക വിശ്വാസത്തെ പുല്‍കി. ‘വീണ്ടും ജനന സഭ’, ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരുകളില്‍ ചെറുതും വലുതുമായ സമൂഹങ്ങൾ സ്ഥാപിച്ചു അനേകം അനുയായികളെ നേടിയ പാസ്റ്റർ ടൈറ്റസ് ഇക്കഴിഞ്ഞ ദിവസമാണ് കുടുംബമായി കത്തോലിക്ക വിശ്വാസത്തെ വീണ്ടും ആശ്ലേഷിച്ചത്. കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിക്കും, പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് വിശ്വാസസ്ഥിരീകരണം നടത്തിയത്.
24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996 ഡിസംബറില്‍ നടന്ന ധ്യാനത്തിന് പിന്നാലെയാണ് അദ്ദേഹം ‘വീണ്ടും ജനന സഭ’ എന്ന പേരിൽ സഭയും ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരിൽ ശുശ്രൂഷകളും ആരംഭിക്കുന്നത്. ഇത് പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് വളര്‍ന്നു. ശുശ്രൂഷകള്‍ വളരുമ്പോഴും എന്തെന്നില്ലാത്ത ഒരു സംതൃപ്തിക്കുറവ് വേട്ടയാടുകയായിരിന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. കാഞ്ഞങ്ങാട് നടന്ന ഒരു എക്യുമെനിക്കൽ കൺവെൻഷനിൽ ശുശ്രൂഷയ്‌ക്കെത്തിയപ്പോഴാണ് മാതൃസഭയെ കുറിച്ചുള്ള ചിന്ത വീണ്ടും മനസില്‍ നിറയുവാന്‍ ആരംഭിച്ചതെന്നു അദ്ദേഹം ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ വെളിപ്പെടുത്തി.
ക്രിസ്തുവിന്റെ സജീവ സാന്നിധ്യവും അപ്പസ്‌തോലന്മാരുടെ തുടർച്ചയും കത്തോലിക്കാസഭയിലാണെന്ന് ഗ്രഹിക്കാൻ തുടങ്ങിയെന്നും സ്വീഡനിലെ പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ ഉൾഫ് എക്മാനും സംഘവും കത്തോലിക്കാസഭയിലേക്ക് മടങ്ങിയ കാരണങ്ങൾ അടക്കമുള്ളവ പിന്നീട് പഠനവിധേയമാക്കിയെന്നും അദ്ദേഹം അന്ന് പറഞ്ഞിരിന്നു. ഇതിനിടെ ബിഷപ്പ് അലക്സ് വടക്കുംതലയോട് മാതൃസഭയിലേയ്ക്ക് തിരികെ എത്തുന്നതിനുളള സാധ്യതകള്‍ അദ്ദേഹം ആരാഞ്ഞു.
തുടര്‍ന്ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും, ഒരുക്ക പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെ ആശ്ലേഷിച്ചത്. പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് മുന്‍ പാസ്റ്ററുമായ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കൊസ്തു സമൂഹത്തിലുള്ള നിരവധി അംഗങ്ങളും കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കത്തോലിക്ക സഭയിലേക്ക് തിരിച്ചെത്തിയിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|