Content | പുത്തൻ പ്രതീക്ഷകളുമായി 2021 പൊട്ടി വിടരുമ്പോൾ വഴികാട്ടിയായി നീതിമാനായ ഒരു മനുഷ്യൻ നമ്മുടെ കൂടെയുണ്ട് പുതിയ തുടക്കത്തിൻ്റെ അമരക്കാരനായ മാർ യൗസേപ്പ് പിതാവ്. നവത്സരത്തിൽ പുതിയ തുടക്കത്തിനുള്ള വഴികളാണ് യൗസേപ്പിതാവു പറഞ്ഞു തരിക.അതിൽ ആദ്യത്തേത് ദൈവത്തിന്റെ അമൂല്യമായ സൃഷ്ടിയാണ് താൻ എന്ന സത്യം ഒരിക്കലും മറക്കാതെ സൂക്ഷിക്കുക എന്നതാണ്. രണ്ടാമതായി നാം ആയിരിക്കുന്ന തനിമയിൽ സന്തോഷം കണ്ടെത്തുക. നമുക്ക് ലഭിക്കുന്ന നിയോഗങ്ങൾ വലിയ ഉത്തരവാദിത്വമാണന്നു തിരിച്ചറിയുക. നമുക്കു മാത്രം പൂർത്തിയാക്കാൻ സാധിക്കുന്ന നിയോഗങ്ങൾ. ചിലപ്പോൾ നമ്മുടെ തിരഞ്ഞെടുക്കല്ലുകൾ നമ്മളെത്തന്നെ മുറിവേൽപ്പിക്കും അപ്പോഴും അവയെ ആശ്ലേഷിക്കുക, അവയിൽ നിന്നു പഠിക്കുക, മുമ്പോട്ടു പോവുക വിജയം സുനിശ്ചയം .
ചില സന്ദർഭങ്ങളിൽ നമുക്കാവശ്യമുള്ളതും നാം നല്ലതെന്നു ചിന്തിക്കുന്നതും ലഭിക്കാതിരിക്കുന്നതു ഒരനുഗ്രഹമാണന്നു തിരിച്ചറിയുക. ദൈവാശ്രയമുള്ളവൻ്റെ മുമ്പിൽ ഒരു വാതിലടയുമ്പോൾ അനേകം വാതിലുകൾ നമുക്കായി തുറക്കുന്നതു കാണാൻ കഴിയുമെന്നു യൗസേപ്പിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പ്രശ്നങ്ങൾക്കു പകരമായി എപ്പോഴും ദൈവം തന്ന അനുഗ്രഹങ്ങൾ ഓർക്കുക. എപ്പോഴും ഏറ്റവും ശ്രേഷ്ഠമായതു ചെയ്യുക. ദൈവം നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നതു ഏറ്റവും നല്ലതാണ്.
പ്രാർത്ഥനയാണ് ഏറ്റവും ശക്തമായ ആയുധം. ആപത്കാലങ്ങളിൽ ഏറ്റവും ശക്തനായ സഹായി പ്രാർത്ഥനയാണ്. കാര്യങ്ങൾ അതീവ ഗൗരവ്വമായി എടുത്തു ജീവിതത്തിന്റെ തനിമ നഷ്ടപ്പെടുത്താതിരിക്കുക.എല്ലായിടത്തും പ്രലോഭനങ്ങൾ ഉണ്ട്, അവയോടു അരുതേ (NO) പറയാൻ പരിശീലിക്കുക . അയൽക്കാരൻ ആരുതന്നെ ആയാലും സഹായിക്കാൻ അമാന്ദിക്കരുത്.
2021 വർഷത്തിൽ ഉയർച്ച താഴ്ചകൾ ഒരു പക്ഷേ നമ്മളെ തേടി വന്നേക്കാം. അപ്പോഴെല്ലാം ദൈവത്തിൽ ആശ്രയിക്കുക "ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല" (ഏശയ്യാ 40 : 31 ) എന്ന തിരുവചനം മറക്കാതെ മനസ്സിൽ സൂക്ഷിക്കാം. |