Content | ജോസഫ് പ്രത്യാശയുടെ മനുഷ്യനായിരുന്നു. പ്രത്യാശയുടെ വഴിയിലൂടെ അവൻ നടന്നു നീങ്ങിയപ്പോൾ ജോസഫ് കുടുംബ ജീവിതത്തെ സ്വർഗ്ഗതുല്യമാക്കി. പ്രത്യാശയിൽ ജീവിക്കാൻ എളുപ്പമല്ല. പക്ഷേ, ഒരു ക്രൈസ്തവൻ ശ്വസിക്കുന്ന ജീവവായുവിൽ പ്രത്യാശയുടെ അംശം ഉണ്ടായാൽ ജീവിതത്തിൽ അത്ഭുതങ്ങൾക്കു സാക്ഷ്യകളാകാം എന്ന് യൗസേപ്പിൻ്റെ ജീവിതം പഠിപ്പിക്കുന്നു.
ജോസഫിൻ്റെ ഓർമ്മയാചരിക്കുക എന്നാൽ ലോകത്തിലുള്ള എല്ലാ അസമത്വങ്ങൾക്കും എതിരായി വിശ്വാസികളുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും ശക്തമായ ഒരു പ്രത്യാശബോധം വളർത്തുക എന്നതാണ്. ജോസഫിനെ ആഘോഷിക്കുക എന്നാൽ മറ്റുള്ളവരിലേക്കു പോകാനും അവരെ ജോസഫ് കണ്ടുമുട്ടിയതുപോലെ അവരെ കാണാനും അതേ കാരുണ്യത്തോടും പെരുമാറ്റത്തോടും കൂടെ ജീവിക്കാനുള്ള ക്ഷണമാണ്.
ജോസഫിൻ്റെ ജീവിതത്തെ ധ്യാനിക്കുകയെന്നാൽ അവൻ പിൻതുടർന്ന പ്രത്യാശ ജിവിതത്തെ ശക്തമായി അനുഗമിക്കാനുള്ള ആഹ്വാനമാണ്. ജോസഫിൻ്റെ പ്രത്യാശ വെറും ശുഭാപ്തി വിശ്വാസമായിരുന്നില്ല അതു ദൈവത്തിലുള്ള ആഴമായ ആശ്രയത്തിലും സ്നേഹത്തിലും അധിഷ്ഠിതമായിരുന്നു. ജോസഫിൻ്റെ സാന്നിധ്യം പ്രത്യാശയിലേക്കും ജീവിതത്തോടു ഏതവസരത്തിലും ഭാവാത്മകമായി പ്രതികരിക്കാനും നമ്മെ പരിശീലിപ്പിക്കും.
പ്രത്യാശയുള്ളവൻ എല്ലാ തരത്തിലുമുള്ള ഉദാസീനതകളെ ബഹിഷ്കരിക്കുകയും മറ്റുള്ളവരെ കാര്യസാധ്യത്തിനു ശേഷം പുറംന്തള്ളുന്ന പ്രവണതകളോടു മുഖം മറയ്ക്കുകയും ചെയ്യും. പ്രത്യാശയുടെ നിറവായിരുന്ന യൗസേപ്പിതാവ് സ്നേഹത്താൽ എല്ലാം വിശുദ്ധീകരിച്ചതു പോലെ വിശുദ്ധീകരണ പാതയിൽ നമുക്കും മുന്നോട്ടു നീങ്ങാം. |