category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ സന്യാസത്തെപ്പറ്റി ചാനലുകളിൽ കൂടി വിഡ്ഢിത്തരങ്ങൾ വിളമ്പുന്നവർക്കുള്ള മറുപടി
Contentഅലങ്കാരത്തിന് എടുത്തണിയുന്ന ആഭരണം പോലെ സന്യാസ വസ്ത്രം അണിയുന്നവരും പണ്ഡിതന്മാർ എന്ന് നടിക്കുന്നവരും ലോകത്തിലുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയും ചെയ്യുന്നവരും ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വാതോരാതെ വിളിച്ചു കൂവുകയും എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്ന പൊട്ടത്തരങ്ങൾ അല്ല ക്രൈസ്തവ സന്യാസം. ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ സ്ത്രീകൾ എന്ന് തുടങ്ങിയതാണ് എന്ന് ചുവടെ വിവരിക്കാം. ക്ഷമയോടെ ഒന്ന് വായിക്കൂ. മനുഷ്യനായി അവതരിച്ച ക്രിസ്തു തന്റെ പരസ്യജീവിതകാലത്ത് സ്ത്രീകളെ തന്നിൽനിന്ന് അകറ്റിനിർത്തുന്നത് നമുക്ക് കാണാൻ കഴിയില്ല. മൃതശരീരത്തെ തൊടുന്നവൻ അശുദ്ധനാണെന്ന കാഴ്ചപ്പാടുള്ള ഒരു സമൂഹത്തിൽ ക്രിസ്തു മരിച്ചുപോയ ഒരു ബാലികയുടെ ശരീരത്തെ തൊട്ട് അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് സുവിശേഷകന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ രക്തസ്രാവമുള്ള ഒരു സ്ത്രീ സമൂഹമദ്ധ്യത്തിലേക്ക് കടന്നുവന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിക്കുവാൻ നിന്നു കൊടുക്കുന്ന ക്രിസ്തുവിനെ തിരുവചനത്തിൽ നമുക്ക് കണ്ടെത്താം. സമൂഹം പാപിയെന്ന് മുദ്രകുത്തിയ ഒരുവൾ സ്വന്തം കണ്ണീരുകൊണ്ട് അവന്റെ പാദങ്ങൾ കഴുകുവാൻ അവൻ ഇരുന്നു കൊടുക്കുമ്പോൾ ക്രിസ്തുവിന്റെ ആ പ്രവൃത്തി ഇഷ്ടപ്പെടാതെ അവനു ചില "വിശേഷണങ്ങൾ" നൽകുന്ന ഒരു സമൂഹത്തെയും സുവിശേഷത്തിൽ നമുക്ക് കാണാം. എന്നിട്ടും തനിക്കുചുറ്റുമുള്ള സ്ത്രീകളോട് തന്നിൽ നിന്ന് അകന്നു പോകുവാനോ, തന്നെ അനുഗമിക്കാൻ പാടില്ലന്നോ അവൻ ഒരിക്കലും പറഞ്ഞിട്ടില്ല. കാരണം ക്രിസ്തുവിന് സ്ത്രീയും പുരുഷനും ഒരുപോലെയാണ്, "ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ" പോലെ. തന്നോടു കൂടെയായിരിക്കാൻ വേണ്ടി അവൻ തിരഞ്ഞെടുത്ത 12 പേരിൽ ഒരുവൻ സ്നേഹത്തിന്റെ പ്രതീകമായ ചുംബനത്താൽ അവനെ ഒറ്റിക്കൊടുക്കുകയും, മറ്റൊരുവൻ മൂന്ന് പ്രാവശ്യം അവനെ തള്ളിപ്പറയുകയും ബാക്കി എല്ലാവരും അവനെ ഉപേക്ഷിച്ച് ഓടി പോകുകയും ചെയ്തപ്പോഴും ഒരു "കണ്ണേറുദൂരത്ത്" അവനെ അനുഗമിച്ചുകൊണ്ട് അവന്റെ നൊമ്പരത്തിൽ പങ്കുചേർന്നത് ഏതാനും സ്ത്രീകൾ മാത്രമായിരുന്നു. കുരിശും വഹിച്ചുകൊണ്ടുള്ള കാൽവരി യാത്രയിൽ അലറിവിളിക്കുന്ന പുരുഷന്മാരെ വകഞ്ഞുമാറ്റി രക്തം വാർന്നൊഴുകുന്ന അവന്റെ മുഖമൊന്നു തുടച്ചു കൊടുക്കുവാൻ ചങ്കൂറ്റത്തോടെ മുന്നോട്ടുവന്നത് ഒരു സ്ത്രീയായിരുന്നു. അതികഠിനമായ പീഡാസഹന യാത്രയിൽ അവനെ നോക്കി നെഞ്ചുരുകി കരയാനും സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്നോടുള്ള ആ സ്ത്രീകളുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ അഗ്നിയെ കെടുത്താൻ ലോകത്തിലെ ഒരു ക്രൂരതയ്ക്കും സാധിക്കില്ല എന്ന് ക്രിസ്തുവിനുതന്നെ നല്ല ബോധ്യമുണ്ടായിരുന്നത്കൊണ്ട് ആയിരിയ്ക്കാം യഹൂദ സമൂഹത്തിന്റെ സംസ്കാരത്തിന് വിപരീതമായി തന്നോട് കൂടെയായിരിയ്ക്കാൻ ക്രിസ്തു അവരെയും അനുവദിച്ചത്. ശിഷ്യന്മാർ പോലും ഭയന്ന് വിറച്ച് ഒളിച്ചിരുന്നപ്പോൾ ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടത്ത് ഒരു സ്ത്രീ ക്രിസ്തുവിന്റെ ശവകുടീരത്തിലേയ്ക്ക് ധൈര്യപൂർവ്വം കടന്നു ചെല്ലുന്നതും, അവന്റെ ശരീരം അവിടെ കാണാതെ വരുമ്പോൾ പരിഭ്രാന്തിയോടെ ആ കല്ലറയുടെ വെളിയിൽ കരഞ്ഞുകൊണ്ട് നിൽക്കുന്നതും വി. യോഹന്നാൻ തന്റെ സുവിശേഷത്തിൽ ഇരുപതാം അധ്യായത്തിൽ എടുത്തു കാണിയ്ക്കുന്നു. മരണത്തിനുപോലും കെടുത്താനാവാത്ത ആ സ്നേഹാഗ്നിയ്ക്ക് മുമ്പിലാണ് ഉത്ഥിതനായ ക്രിസ്തു ആദ്യം തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. അങ്ങനെ മഗ്ദലേന മറിയം ലോകത്തിലെ ആദ്യത്തെ മിഷനറിയായ് മാറുകയാണ്. "നിങ്ങൾ ജെറുസലേം വിട്ടുപോകരുത്. എന്നിൽനിന്ന് കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ" എന്ന ക്രിസ്തുവിന്റെ ആഹ്വാനമനുസരിച്ച് യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം 11 ശിഷ്യന്മാർ ഒലിവുമലയിൽ നിന്നിറങ്ങി ജറുസലേമിൽ തങ്ങൾ താമസിച്ചിരുന്ന വീടിൻ്റെ മുകളിലത്തെ നിലയിലുള്ള മുറിയിൽ അതായത് സെഹിയോൻ ശാലയിൽ ഏകമനസോടെ യേശുവിൻറെ അമ്മയായ മറിയത്തോടും, മറ്റ് സ്ത്രീകളോടും അവൻ്റെ സഹോദരൻമാരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു എന്നാണ് നടപടി പുസ്തകത്തിലെ ഒന്നാം അധ്യായത്തിൽ 12 മുതൽ 14 വരെയുള്ള വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവ് വന്നു നിറയാൻ 12 ശിഷ്യൻമാരെ മാത്രമല്ല ദൈവം തിരഞ്ഞെടുത്തത്. പരിശുദ്ധാത്മാവ് വന്നു നിറയുന്നത് സെഹിയോൻ ശാലയിൽ കൂടിയിരുന്ന എല്ലാവരുടെയും മേലാണ്. അവിടെ കൂടിയിരുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ദൈവം പരിശുദ്ധാത്മാവിനെ ദാനമായി നൽകി. പരിശുദ്ധാത്മാവ് നിറഞ്ഞ ആദിമ ക്രൈസ്തവസമൂഹം അന്നുവരെ ലോകത്തൊരിടത്തും കാണാത്ത ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുത്തു. നടപടി പുസ്തകത്തിൽ നാലാം അധ്യായത്തിൽ 38-ാം വാക്യം പറയുന്നത് ഇങ്ങനെയാണ് "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതു സ്വത്തായിരുന്നു" പരസ്പര സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീകമായ ആദിമ ക്രൈസ്തവസഭ അനുദിനം വളർന്നു കൊണ്ടിരുന്നു. സ്തേഫാനോസിന്റെ രക്തസാക്ഷിത്വത്തോടെ ക്രൈസ്തവ സമൂഹത്തിലേക്ക് മറ്റൊരു കാഴ്ചപ്പാടുകൂടി കടന്നുവന്നു. ക്രിസ്തുവിന്റെ ജീവിതമാതൃക തങ്ങളുടെ ജീവിതത്തിൽ പകർത്തുക. മനുഷ്യ വംശത്തെ രക്ഷിക്കുവാനായി സ്വന്തം ജീവൻ ബലികഴിച്ച ക്രിസ്തുവിന് തങ്ങളുടെ ജീവൻ ഒരു ബലിയായി അർപ്പിക്കുന്നതിൽ ക്രൈസ്തവർ സന്തോഷം കണ്ടെത്തി. അവിശ്വസനീയമാം വിധം ക്രിസ്തുവിന്റെ അനുയായികൾ വളർന്നുകൊണ്ടിരുന്നു. പീഡിപ്പിക്കുന്നതിന് അനുസരിച്ച് ക്രൈസ്തവ സമൂഹം വളർന്ന് പതിയെപ്പതിയെ യൂറോപ്പിന്റെയും ഏഷ്യയുടെയും പല ഭാഗങ്ങളിലേക്ക് പടർന്നുപന്തലിച്ചു. യോഹന്നാൻ ഒഴിച്ച് ബാക്കി 11 ശിഷ്യന്മാരും ലോകത്തിന്റെ പലഭാഗങ്ങളിൽ രക്തം ചിന്തി മരിച്ചു. രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണിൽ ക്രിസ്തുമതത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി. ഹേറോദോസ് രാജാവ് യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വധിച്ചുകൊണ്ട് തുടങ്ങിവച്ച പരമ്പര നീറോ ചക്രവർത്തിയെ പോലുള്ള അതിക്രൂരൻമാരിൽ കൂടി കടന്ന് ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്തിനുശേഷം 311 വരെ തുടർന്നു. ആഗ്നസ്, സിസിലി, ബാർബറ, ലൂസി തുടങ്ങിയ നൂറുകണക്കിന് കന്യകമാർ തങ്ങളുടെ "ക്രൈസ്തവ വിശ്വാസവും കന്യാത്വവും" കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സന്തോഷത്തോടെ ദൈവത്തെ പാടി സ്തുതിച്ചു കൊണ്ട് വീരരക്തസാക്ഷിത്വം വരിച്ചു. A D 313 - ൽ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ ഒന്നാമൻ റോമാസാമ്രാജ്യത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് മിലാൻ വിളംബരം പുറപ്പെടുവിച്ചതോടെ ക്രിസ്ത്യാനികൾക്ക് സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാൻ പീഡനങ്ങൾ ഏല്ക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതായി. സമൂഹത്തിൽ ക്രൈസ്തവർ അംഗീകരിക്കപ്പെടുകയും പലപ്പോഴും ധാരാളം ക്രിസ്ത്യാനികൾ അധികാരസ്ഥാനങ്ങളിൽ എത്തിചേരുകയും ചെയ്തു. ഈ പുതിയ ജീവിത രീതിയിൽ താല്പര്യം ഇല്ലാതെ പുരുഷന്മാരും സ്ത്രീകളുമടങ്ങിയ ഒരുപറ്റം ക്രിസ്ത്യാനികൾ മരുഭൂമി തേടി യാത്രയാകുകയും അവിടെ ഏകാന്തതയിലും പ്രാർത്ഥനയിലും ധ്യാനത്തിലും പ്രായശ്ചിത്തത്തിലും മുഴുകി ജീവിക്കുവാൻ തുടങ്ങി. ഇവരുടെ ജീവിതരീതിയിൽ ആകൃഷ്ടരായി അനേകം ക്രിസ്ത്യാനികൾ അവരെ അനുഗമിക്കുവാൻ തുടങ്ങി. പുരുഷന്മാർ മരുഭൂമിയുടെ ഏകാന്തതയിൽ ജീവിച്ചപ്പോൾ പലപ്പോഴും സ്ത്രീകൾ ഒരു സമൂഹമായാണ് ജീവിച്ചുപോന്നത്. ഇതിനു തെളിവായി അലക്സാണ്ട്രിയായിലെ സഭാപിതാവായ അത്തനാസിയൂസ് മരുഭൂമിയിലെ വി. അന്തോനിസിന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: "ഉത്തര ഈജിപ്തിലെ കോമ എന്ന സ്ഥലത്ത് ധനിക ഭൂവുടമകളുടെ മകനായി ജനിച്ച അന്തോനീസിന് പതിനെട്ടാം വയസ്സിൽ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. 'പരിപൂർണത തേടാൻ ആഗ്രഹിക്കുന്നെങ്കിൽ നിനക്കുള്ളതെല്ലാം വിറ്റ് കിട്ടുന്ന പണം ദരിദ്രർക്ക് കൊടുത്തിട്ട് എന്നെ അനുഗമിക്കുക' എന്ന യേശുവിന്റെ ആഹ്വാനത്തിൽ ആകൃഷ്ടനായി തന്റെ കുടുംബസ്വത്തു മുഴുവൻ പാവങ്ങൾക്കും അയൽക്കാർക്കുമായി വീതിച്ചു കൊടുത്തു. ഒപ്പം തന്റെ ഏകസഹോദരിയെ അടുത്തുള്ള ഒരു ക്രൈസ്തവ കന്യകാ സമൂഹത്തിൽ ആക്കിയ ശേഷമാണ് നാഗരിക സംസ്കാരത്തിൽ നിന്ന് പൂർണ്ണമായും അകന്ന് മരുഭൂമിയിൽ വാസമുറപ്പിയ്ക്കാൻ അദ്ദേഹം യാത്രയാകുന്നത്". AD 330കളിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മകൾ കോൺസ്താൻസ്യ റോമിൽ വിശുദ്ധ ആഗ്നസിന്റെ ബസലിക്കയോട് ചേർന്ന് കന്യകമാർക്ക് വേണ്ടി ഒരു സമൂഹം പണികഴിപ്പിച്ചു എന്ന് ഇറ്റാലിയൻ ചരിത്രരേഖകളിൽ ഉണ്ട്. ഈജിപ്തിലെ മരുഭൂമികളിൽ കഴിഞ്ഞിരുന്ന സന്യാസികളെ അന്നത്തെ ശ്രേഷ്ഠനായ പക്കോമിയൂസ് ഒരുമിച്ചു കൂട്ടുകയും സമൂഹ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. മരുഭൂമികളിൽ ചിതറിക്കിടന്നിരുന്ന ഏകാന്ത വാസികളെ സമൂഹമായി ജീവിക്കാൻ സഹായിച്ചത് വി. പക്കോമിയൂസിന്റെ പരിശ്രമം മൂലമാണ്. അഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലെ നോർച്ചയിൽ വിശുദ്ധ ബെനഡിക്ട് സന്യാസിനികളുടെ പെരുമാറ്റച്ചട്ടങ്ങൾ അടങ്ങിയ ഒരു നിയമം എഴുതിയുണ്ടാക്കി. 1200കളിൽ ഇറ്റലിയിലെ അസ്സീസി എന്ന പട്ടണത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ പിറന്ന ഫ്രാൻസിസ് എന്ന യുവാവിന് ദൈവം നൽകിയ ഒരു ഉൾവിളിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം വിപ്ലവകരമായ ഒരു ചുവടുവയ്പ്പാണ് നടത്തിയത്. അന്നുവരെ ഉണ്ടായിരുന്ന സന്യാസ ജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമായി ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ച ഫ്രാൻസിസ് അസ്സീസിയുടെ പരിസരപ്രദേശങ്ങളിൽ ചുറ്റിനടന്ന് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുവാൻ തുടങ്ങി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഈ സന്ദേശങ്ങളിൽ ആകൃഷ്ടരായി അനേകം ചെറുപ്പക്കാർ ഫ്രാൻസിസിനെ അനുഗമിക്കുവാൻ തുടങ്ങി. തന്നെ അനുഗമിക്കുന്നവരുടെ എണ്ണം വർദ്ധിച്ചപ്പോൾ ഫ്രാൻസിസ് അവർക്കായി ഒരു നിയമാവലി എഴുതിയുണ്ടാക്കി. അവരെ "ചെറിയ സന്യാസിനികൾ" എന്ന് വിളിക്കുകയും ചെയ്തു. ആദ്യം വളരെ ബുദ്ധിമുട്ടിയെങ്കിലും ഇന്നസെൻറ് മൂന്നാം മാർപാപ്പായ്ക്ക് ദൈവം നൽകിയ ഒരു ദിവ്യസ്വപ്നം കാരണം ഫ്രാൻസിസിന്റെ ചെറിയ സന്യാസിനികളുടെ സഭയ്ക്കും നിയമാവലിക്കും തിരുസ്സഭയുടെ അംഗീകാരം ലഭിച്ചു. ഫ്രാൻസിസിന്റെ കളികൂട്ടുകാരി ആയിരുന്ന ക്ലാരയും തന്റെ സമ്പന്നകുടുംബം ഉപേക്ഷിച്ച് ഫ്രാൻസിസിനെ അനുഗമിച്ചതുവഴി ധാരാളം യുവതികളും ക്ലാരയെ പിന്തുടർന്നു. അങ്ങനെ സ്ത്രീകൾക്കായുള്ള ഒരു പുതിയ സന്യാസ സഭ ഉടലെടുത്തു. വി. ക്ലാര അവർക്കായി ഒരു നിയമാവലി എഴുതിയുണ്ടാക്കിപ്പോൾ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ ഒരു സന്യാസ സഭയ്ക്കുവേണ്ടി നിയമാവലി എഴുതിയുണ്ടാക്കിയത്. "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്നാണ് ക്ലാര തന്റെ സഭയെ വിളിച്ചത്. ഇഗ്നേഷ്യസ് ലയോള, വിൻസെന്റ് ഡി പോൾ, ഡോൺബോസ്കോ തുടങ്ങിയ ധാരാളം വിശുദ്ധരായ വ്യക്തികൾ ദൈവിക പ്രചോദനത്താൽ അനേകം സന്യാസ സഭകൾക്ക് രൂപംകൊടുത്തു. ഇന്ത്യയിൽ 1866 ഫെബ്രുവരി 13-ന് കൂനമ്മാവിൽ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ത്രീകൾക്കായുള്ള ആദ്യത്തെ സന്യാസ സഭ സ്ഥാപിച്ചു. 1948 ൽ മദർതെരേസ നീല വരയുള്ള വെള്ള കോട്ടൺ സാരിയുടുത്ത് കൽക്കത്തയിലെ തെരുവിലെ പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ശുശ്രൂഷിച്ചു കൊണ്ട് മറ്റൊരു മാറ്റത്തിന് തുടക്കം കുറിച്ചു. കൽക്കത്തയിലെ തെരുവുകളിൽ ജോലിചെയ്തിരുന്ന സ്ത്രീകളുടെ വേഷമായിരുന്നു മദർതെരേസ തന്റെ സന്യാസ സഭയ്ക്കുവേണ്ടി തെരഞ്ഞെടുത്തത്. ഒരു പറ്റം സ്ത്രീകൾ കൽക്കത്തയിലെ തെരുവുകളിലെ മാലിന്യങ്ങൾ വൃത്തിയാക്കിയപ്പോൾ മദർ തെരേസയും സഹ സഹോദരിമാരും ആ തെരുവുകളിൽ കിടന്നിരുന്ന അനേകായിരം മനുഷ്യമക്കളുടെ ശരീരത്തിലെയും ആത്മാവിലെയും മാലിന്യങ്ങൾ തുടച്ചു നീക്കി. സുവിശേഷത്തിൽ യേശു നേരിട്ട് ഒരു സ്ത്രീയേയും ശിഷ്യയായി തെരഞ്ഞെടുക്കുന്നില്ലെങ്കിലും പാപത്തിന്റെ പിടിയിലമർന്ന മനുഷ്യമക്കളെ രക്ഷിക്കുവാനായി സ്വർഗ്ഗം വിട്ട് ഭൂമിയിലേക്ക് കടന്നുവന്ന ദൈവത്തിന് ആദ്യമായി ജീവനും ജീവിതവും മാറ്റിവെച്ചത് ഒരു സ്ത്രീയായിരുന്നു. മേരി എന്ന നസ്രത്തിലെ പെൺകുട്ടി തുടങ്ങിവെച്ച ആ പാരമ്പര്യം പിന്നീട് അനേകായിരം സ്ത്രീകൾ ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും തുടർന്നുകൊണ്ടിരിക്കുന്നു. 'സ്ത്രീകൾ ക്രിസ്തുവിനെ അനുഗമിക്കാൻ വേദപുസ്തകത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെ എന്തിന് സ്ത്രീകൾ അവരുടെ ജീവിതം പാഴാക്കണം?' എന്ന ചോദ്യം പലപ്പോഴും പലരും ചോദിയ്ക്കാറുണ്ട്. എന്നാൽ ദൈവരാജ്യത്തിനായി സ്വന്തം ജീവിതം മാറ്റിവയ്ക്കുന്നവർ ദൈവത്തിന്റെ കൃപ മൂലമാണെന്ന് ക്രിസ്തു വ്യക്തമാക്കുന്നത് വി. മത്തായി തന്റെ സുവിശേഷത്തിൽ എടുത്തു കാണിയ്ക്കുന്നു: ഒരിക്കൽ ക്രിസ്തുവിന്റെ ശിഷ്യൻമാർ വിവാഹ ജീവിതം കഴിക്കാതെ ഇരിക്കുന്നതല്ലയോ നല്ലതെന്ന് ക്രിസ്തുവിനോട് ചോദിയ്ക്കുമ്പോൾ യേശു ഇങ്ങനെ പറയുകയുണ്ടായി: "കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാല്‍, ഷണ്‌ഡരായി ജനിക്കുന്നവരുണ്ട്‌; മനുഷ്യരാല്‍ ഷണ്‌ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗ്‌ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുണ്ട്‌. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ”. (മത്തായി 19: 11-12). സന്യാസം എന്നാൽ യേശു സ്വന്തം ജീവിതമാതൃക വഴി മനുഷ്യവംശത്തോട് പ്രഘോഷിച്ച സുവിശേഷത്തിന് അനുസൃതമായി ബ്രഹ്മചര്യം ദാരിദ്ര്യം അനുസരണം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി കൊണ്ട് ക്രിസ്തുവിനായി ജീവനെയും ജീവിതത്തെയും മാറ്റിവയ്ക്കുക എന്നതാണ്. #{black->none->b->ബ്രഹ്മചര്യം: ‍}# 33 വർഷക്കാലം ഈ ഭൂമിയിൽ ജീവിച്ചിട്ടും ഒരു സ്ത്രീയെ സ്വന്തമാക്കാനോ തന്റേതായ ഒരു കുടുംബം പടുത്തുയർത്താനോ ക്രിസ്തു ശ്രമിക്കുന്നില്ല. സഹോദരനായി, കൂട്ടുകാരനായി, ഗുരുവായി എല്ലാവർക്കും എല്ലാമായി അവൻ മാറുന്നു. എന്നാൽ ആർക്കും സ്വന്തമല്ലതാനും. വിഭജിക്കപ്പെടാത്ത ഒരു ഹൃദയവും ശരീരവുമായി സ്വതന്ത്രമായ ഒരു മനസ്സിനും വളരെ വിശാലമായ ഒരു ഹൃദയത്തിന്റെ ഉടമയായി അവൻ തീരുന്നു. #{black->none->b->ദാരിദ്ര്യം: ‍}# സകല സൃഷ്ടികളുടെയും നാഥനായ ദൈവം ഭൂമിയിലേക്ക് പിറന്നു വീഴുമ്പോൾ ഒരു ഭവനം പോലും അവനായി വാതിൽ തുറക്കുന്നില്ല. ദരിദ്രരിൽ ദരിദ്രനായി ഒരു പുൽത്തൊട്ടിയിൽ അവൻ പിറന്നുവീഴുന്നു. സ്വന്തമായി ഒന്നും അവന്റെ ജീവിതത്തിൽ കരുതി വയ്ക്കുന്നില്ല. സ്വന്തം തല ചായ്ക്കാൻ പോലും ഒരിടമില്ല. ഭൂമിക്കും ആകാശത്തിനും മധ്യത്തിൽ ഒരു മരത്തിൽ തൂങ്ങി മരിക്കുന്നു. അരിമത്തിയാക്കാരൻ ജോസഫ് വച്ചുനീട്ടിയ കാരുണ്യത്താൽ ക്രിസ്തുവിന്റെ ശരീരം ഒരു ഗുഹയിൽ സംസ്കരിക്കുമ്പോൾ ഒരു ഗുഹയിൽ തുടങ്ങിയ അവന്റെ ജനനവും മറ്റൊരു ഗുഹയിൽ തീരുന്ന അന്ത്യവിശ്രമവും ഏകദേശം ഒരു പോലെയാകുന്നു. #{black->none->b->അനുസരണം: ‍}# സൃഷ്ടാവായ ദൈവം നസ്രത്തിലെ ഒരു കുടുംബത്തിൽ തന്റെ സൃഷ്ടികളായ ഒരു പുരുഷനും സ്ത്രീയ്ക്കും കീഴ്പ്പെട്ടു ജീവിക്കുന്നു. ആ എളിമ നിറഞ്ഞ അനുസരണമാണ് ഇന്ന് ഓരോ ക്രൈസ്തവ സന്യാസികളും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. 2000 വർഷങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയുടെ ഹൃദയത്തിൽ ക്രിസ്തു കൊളുത്തിയ ആ സ്നേഹാഗ്നിയെ കെടുത്താൻ ഭൂമിയിലുള്ള ഏതെങ്കിലും ശക്തിയ്ക്കോ, സംഘടനകൾക്കോ, പ്രസ്ഥാനങ്ങൾക്കോ അല്ലെങ്കിൽ താനും ദൈവവുമായുള്ള ഉടമ്പടിയിൽ ഉടച്ചിൽ സംഭവിച്ച ആർക്കെങ്കിലും സാധിയ്ക്കുമോ? ക്രൈസ്തവ വിശ്വാസവും കന്യാത്വവും കാത്തു സൂക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച അനേകം കന്യകമാരുടെ ചുടുനിണം വീണ ഒരു ഭൂമിയിലിരുന്നാണ് ഞാൻ സന്യാസത്തെക്കുറിച്ച് എഴുതുന്നത്. ചങ്ക് പറിച്ച് കാട്ടിയാലും ചെമ്പരത്തി പൂ ആണെന്ന് പറയുന്ന ഒരു സമൂഹം. ലോകത്തിന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതാണെങ്കിലും ക്രൈസ്തവ സന്യസ്തരുടെ വിശ്വാസവും ജീവിതരീതിയും കാത്തു സൂക്ഷിയ്ക്കാൻ സന്യാസജീവിതത്തിന്റെ ഏറ്റവും വലിയ മാതൃകയായ ക്രൂശിതനായ ക്രിസ്തു വിലേയ്ക്ക് കണ്ണുകളുയർത്താൻ ഓരോ സന്യാസിനിക്കും കഴിയണം. നിന്ദനവും അവഹേളനവും അവനും ഏറ്റുവാങ്ങിയിട്ടുണ്ട്. അവൻ കടന്നു പോകാത്ത ഒരു ദുരിതവും നമ്മെ തേടി വരില്ല.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-04 11:56:00
Keywordsസന്യാസ
Created Date2021-01-04 12:00:06