Content | വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് സുപ്രധാന ചുമതലയിൽ മാർപാപ്പ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ജനുവരി എട്ടാം തീയതി പുറത്തുവിട്ടത്. 2010 മുതൽ 2019 നവംബർ മാസം വരെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി പ്രവർത്തിച്ച ഇറ്റാലിയൻ മെത്രാൻ ജിയോർജിയോ കോർബിലിനിയുടെ പിൻഗാമിയായാണ് ബൂനമോയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. കൂരിയയിലെ ഉദ്യോഗസ്ഥർ ചെയ്യുന്ന കുറ്റത്തിന്റെ വ്യാപ്തി മനസ്സിലാക്കി ശിക്ഷ നടപ്പാക്കുക എന്ന ദൗത്യമാണ് 1981ൽ ആരംഭിച്ച കമ്മീഷനുള്ളത്.
വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി വഹിച്ച രണ്ട് കർദ്ദിനാളുമാരോടൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്ത് ബൂനമോയ്ക്കുണ്ട്. 2014-ല്‍ അന്താരാഷ്ട്ര നിയമ പ്രൊഫസര്‍ കൂടിയായ വിൻസെൻസോ ബൂനമോയെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ ഉപദേശകനായി നിയമിച്ചിരുന്നു. 'പോപ്സ് യൂണിവേഴ്സിറ്റി' എന്ന പേരിൽ അറിയപ്പെടുന്ന പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് 2018ൽ അൽമായനായ ബൂനമോ എത്തിയത് ചരിത്രപരമായ നിമിഷമായാണ് അന്നു പൊതുവേ വിലയിരുത്തിയത്.
ബൂനമോ തലവനായ ഡിസിപ്ലിനറി കമ്മീഷനിൽ മാർപാപ്പ നിയമിക്കുന്ന ഒരു പ്രസിഡന്റും, ആറ് അംഗങ്ങളുമാണുളളത്. ഇവർക്ക് അഞ്ചുവർഷമാണ് പ്രവർത്തന കാലാവധി. കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ വെനസ്വേലൻ കർദ്ദിനാൾ ആയിരുന്ന റൊസാലിയോ ലാറ ആയിരുന്നു. 1981 മുതൽ 1990 വരെയാണ് അദ്ദേഹം അധ്യക്ഷ പദവിയിലിരുന്നത്. ഡിസിപ്ലിനറി കമ്മീഷനിൽ അംഗങ്ങളായി ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച നിയമിച്ച മറ്റു രണ്ടുപേരുടെ പേരുകളും പ്രസ് ഓഫീസ് പുറത്തുവിട്ടിരുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |