Content | 2015 ഡിസംബർ ഇരുപത്തി ഏഴാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് മാർപാപ്പ ഈശോയും യൗസേപ്പും മറിയവും അടങ്ങിയ തിരുക്കുടുംബത്തെ ‘സുവിശേഷത്തിന്‍റെ പള്ളിക്കൂടം' എന്നാണ് വിളിച്ചത്. ഈശോയുടെ വളർത്തു പിതാവും, മറിയത്തിൻ്റെ ഭർത്താവുമായ വിശുദ്ധ യൗസേപ്പായിരുന്നു ‘സുവിശേഷത്തിന്‍റെ പള്ളിക്കൂടം' മായ തിരുക്കുടുംബമെന്ന ഏറ്റവും പൂർണ്ണതയുള്ള ഗാർഹിക സഭയുടെ നാഥൻ .അതിനാലാണ് ജോസഫിനെ കുടുംബ സഭയുടെ മഹത്വം എന്നാണ് വിശേഷിപ്പിക്കുക.
നമ്മുടെ കുടുംബങ്ങൾ ഗാർഹിക സഭകളായി യഥാർത്ഥത്തിൽ ജീവിക്കുമ്പോൾ നമ്മുടെ ഭവനം ദൈവം വസിക്കുന്ന ഇടവും സ്നേഹം പകരുന്ന ആലയങ്ങളുമാകും. ഈശോയും യൗസേപ്പിതാവ് നാഥനായ ഒരു ഗാർഹിക സഭയുടെ അംഗമായിരുന്നു. യൗസേപ്പിൻ്റെ സ്നേഹഭവനത്തിൽ നിന്നാണ് മാനുഷിക സ്നേഹ ബന്ധങ്ങളുടെ പവിത്രത ഈശോ തിരിച്ചറിഞ്ഞത്. തിരുകുടുംബം ജീവന്‍റെയും സ്നേഹത്തിന്‍റെയും ശ്രേഷ്ഠമായ കൂട്ടായ്മയത് യൗസേപ്പിൻ്റെയും ത്യാഗത്തിലൂടെയും ആത്മ ദാനത്തിലൂടെയും ആണ്.
ക്രൈസ്തവ കുടുംബങ്ങളിൽ നിന്നു സ്നേഹപ്രകാശം പ്രസരിക്കണമെങ്കിൽ സ്വയം മറന്നു മറ്റു കുടുംബാംഗങ്ങൾക്കായി ബലിയാകുന്ന കുടുംബ നാഥമാരുണ്ടാകണം. "ഗാർഹിക സഭ പരാജയപ്പെട്ടാൽ സഭയ്ക്ക് നിലനിൽപ്പില്ല: കുടുംബ സഭ ഇല്ലെങ്കിൽ സഭയ്ക്കു ഭാവിയും ഇല്ല." റോമിലെ ബിഷപ് സിനഡിൻ്റെ സെക്രട്ടറി ജനറലായ കർദ്ദിനാൾ മാരിയോ ഗ്രേഷിൻ്റെ ഈ വാക്കുകൾ കുടുംബങ്ങൾക്കും സഭയ്ക്കുമുള്ള വെല്ലുവിളിയാണ്. ഗാർഹിക സഭ പരാജയപ്പെടാതിരിക്കണമെങ്കിൽ നിരവധി തിരുക്കുടുംബ യൗസേപ്പുമാർ പിറവിയെടുക്കണം. |