category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഭയ കേസ് വിധിയിലെ പാകപിഴകള്‍ | ജസ്റ്റീസ് ഏബ്രഹാം മാത്യു എഴുതുന്നു | ഭാഗം 01
Content മൂന്നു പതിറ്റാണ്ട് ന്യായാധിപനെന്ന നിലയില്‍ പരിചയമുള്ള മുന്‍ ഹൈക്കോടതി ജസ്റ്റീസ് ഏബ്രഹാം മാത്യു അഭയ കേസ് കേന്ദ്രീകരിച്ചു എഴുതുന്ന ലേഖനപരമ്പര 'ദീപിക' ദിനപത്രത്തില്‍ ആരംഭിച്ചു. ഒരു വിധി ശരിയാണോ അല്ലയോ എന്നു പറയണമെങ്കില്‍ വിധിക്കാധാരമായ കണ്ടെത്തലുകള്‍ക്കു പിന്‍ബലം കൊടുക്കുന്ന ന്യായങ്ങള്‍ വിധികര്‍ത്താവു പറഞ്ഞതു ശരിയാണോ എന്നറിയണമെന്നും അഭയ കേസ് വിധിയില്‍ ഏറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടി. നിരവധി പേരാണ് ലേഖനമുള്‍പ്പെടുന്ന പത്ര കട്ടിംഗൂം ലിങ്കുകളും ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. #{red->none->b-> ലേഖന പരമ്പരയുടെ ആദ്യഭാഗത്തിന്റെ പൂര്‍ണ്ണ രൂപം ‍}# കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നതും കന്യാസ്ത്രീകള്‍ നടത്തുന്നതും വിവിധ മതങ്ങളില്‍പ്പെട്ട ഏകദേശം 160 വനിതകള്‍ താമസിച്ചിരുന്നതുമായ വനിതാ ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന 21 വയസുള്ള സിസ്റ്റര്‍ അഭയയുടെ മൃതദേഹം 1992 മാര്‍ച്ച് 27നു പുലര്‍ച്ചെ അഞ്ചുമണിക്കുശേഷം ഹോസ്റ്റലിനോടു ചേര്‍ന്നുള്ള കിണറ്റില്‍ കാണപ്പെട്ടു. അന്നുമുതല്‍ 2020 ഡിസംബര്‍ 23 വരെ അഭയ മരിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ചു പൊതുസമൂഹം മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തി. ആദ്യത്തെ വിഭാഗം മരണം ആത്മഹത്യയാണെന്നും രണ്ടാമത്തെ വിഭാഗം കൊലപാതകമാണെന്നും വിശ്വസിക്കുകയോ പറഞ്ഞുപരത്തുകയോ ചെയ്തു. ഇവര്‍ തല്പരകക്ഷികളാണ്. എന്നാല്‍, മൂന്നാമത്തെ വിഭാഗം അത് ഒരു അപകടമരണമെന്നു കണക്കാക്കി. സംഭവസ്ഥലത്തു കാണപ്പെട്ട ചില വസ്തുതകള്‍ അത് ഒരു കൊലപാതകമാണെന്നു സംശയിക്കാന്‍ സിസ്റ്റര്‍ അഭയ ഉള്‍പ്പെട്ട കന്യാസ്ത്രീസമൂഹത്തെ പ്രേരിപ്പിച്ചു എന്നു മനസിലാക്കാം. അതില്‍ തെറ്റു പറയാനാവില്ല. ആദ്യം കേരള പോലീസിന്റെ ലോക്കല്‍ വിഭാഗം കേസ് അന്വേഷണം നടത്തി. പിന്നീടു കേരള പോലീസിന്റെ കുറ്റാന്വേഷണ വിഭാഗവും തുടര്‍ന്ന് സിബിഐയും അന്വേഷണം നടത്തി. അത് ഒരു ആത്മഹത്യയാണെന്നു പോലീസ് കരുതി. പിന്നീട് അന്വേഷിച്ച സിബിഐ അതു കൊലപാതകമാണെന്നും എന്നാല്‍, പ്രതികളെ തിരിച്ചറിയാനായില്ലെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അവസാനം അന്വേഷണം നടത്തിയ സിബിഐയുടെ ടീം അത് ഒരു കൊലപാതകമാണെന്നും ഒന്നും രണ്ടും പ്രതികളായ വൈദികരും മൂന്നാം പ്രതിയായ കന്യാസ്ത്രീയും ചേര്‍ന്നാണ് കൊല നടത്തിയതെന്നും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കൊലപാതകത്തിനു കാരണമായി സിബിഐ പറഞ്ഞത് ഈ വൈദികരും കന്യാസ്ത്രീയും ഹോസ്റ്റലിന്റെ ഏറ്റവും താഴത്തെ നിലയില്‍ (അടുക്കളയില്‍) അരുതാത്തതു ചെയ്യുന്നത് അഭയ കാണാന്‍ ഇടയായി എന്നാണ്. അതു കാരണം പ്രതികള്‍ അഭയയെ കൈക്കോടാലികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ച് കൊലപ്പെടുത്തിയശേഷം തെളിവു നശിപ്പിക്കുന്നതിനും മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കുന്നതിനും മറ്റുമായി മൃതദേഹം കിണറ്റില്‍ ഇട്ടു എന്നാണു കേസ്. #{black->none->b->വിചാരണയ്ക്കു മുമ്പേ ഒഴിവാക്കി ‍}# വിചാരണയ്ക്കു മുന്പുതന്നെ രണ്ടാം പ്രതിയായ വൈദികനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കേണ്ടിവന്നു; അദ്ദേഹത്തിനെതിരേ ഒരു തെളിവുമില്ലെന്നു ചൂണ്ടിക്കാണിച്ച്. ഒന്നാം പ്രതിയായ വൈദികനും മൂന്നാംപ്രതിയായ കന്യാസ്ത്രീക്കുമെതിരേ പ്രധാനമായും ഇന്ത്യന്‍ ശിക്ഷാനിയമം 201ഉം 302ഉം വകുപ്പുപ്രകാരം കുറ്റം ചുമത്തി. 302ാം വകുപ്പ് കൊലപാതകക്കുറ്റവും 201ാം വകുപ്പ് തെളിവുനശിപ്പിക്കല്‍ കുറ്റവുമാണ്. ഈ രണ്ടു കുറ്റങ്ങള്‍ക്കും മറ്റൊരു കുറ്റത്തിനും പ്രതികളെ വിചാരണ നടത്തി കുറ്റം ചെയ്തുവെന്നു പ്രഖ്യാപിക്കുകയും തടവുശിക്ഷയും പിഴയും വിധിക്കുകയും ചെയ്തു. കൊലപാതകക്കുറ്റത്തിന്, പിഴയ്ക്കു പുറമേ ജീവപര്യന്തം (കഠിന)തടവാണ് ശിക്ഷ. ശിക്ഷ അനുഭവിക്കുന്നതിനായി പ്രതികളെ ക്രിസ്മസ് ദിനത്തിന്റെ തലേദിവസം തടങ്കലില്‍ വിട്ടു. ഈ വിധിയെ പൊതുസമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്നാണു സമൂഹമാധ്യമങ്ങള്‍ പറഞ്ഞത്. ചുരുക്കം ചിലര്‍ കൂടുതലും അെ്രെകസ്തവര്‍ എന്നു തോന്നുന്നു വിധിയെ വിമര്‍ശിച്ചു. അവരില്‍ ഒരാള്‍ ഫോറന്‍സിക് ശാസ്ത്രത്തില്‍ വിദഗ്ധനായ ഡോ. കൃഷ്ണന്‍ ബാലചന്ദ്രനും മറ്റൊരാള്‍ ക്രിസ്തീയസഭകളെ നിശിതമായി വിമര്‍ശിക്കുന്ന ജയപ്രകാശ് ഭാസ്‌കരനുമാണ്. (ഫോറന്‍സിക് സയന്‍സ് എന്നു പറഞ്ഞാല്‍ നിയമത്തില്‍ ശാസ്ത്രത്തിന്റെ പങ്ക് നിര്‍വഹിക്കുന്ന ശാഖയാണ്.) ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. വിധിയെ അനുകൂലിച്ച ഒരാള്‍പോലും വിധിക്കാധാരമായ സാക്ഷികളുടെ വിചാരണക്കോടതിയിലെ മൊഴിയോ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചതും കോടതി തെളിവിന്റെ ഭാഗമായി സ്വീകരിച്ചതുമായ രേഖകളോ കണ്ടിരുന്നില്ല. പ്രതി കുറ്റവാളിയാണെന്നോ അല്ലെന്നോ പ്രഖ്യാപിക്കുന്ന വിധിയിലെ അവസാനഭാഗമാണ് ഉത്തരവ്. ഈ ഉത്തരവിന് അടിസ്ഥാനമായ കണ്ടെത്തലുകളുടെ കാരണങ്ങള്‍ (ന്യായങ്ങള്‍) വിധിയില്‍തന്നെ ഉണ്ടായിരിക്കണം. ന്യായങ്ങള്‍ എന്നു പറയുന്നത് സാക്ഷിമൊഴിയുടെയും രേഖകളുടെയും വിശകലനമാണ്. വിശകലനത്തിന്റെ പിന്‍ബലമില്ലാത്ത കണ്ടെത്തല്‍ അസാധ്യമാണ്. ആ വിശകലനമാണു വിധിയുടെ ആത്മാവ്. #{black->none->b->ന്യായങ്ങള്‍ പരിശോധിക്കണം}# ഒരു വിധി ശരിയാണോ അല്ലയോ എന്നു പറയണമെങ്കില്‍ വിധിക്കാധാരമായ കണ്ടെത്തലുകള്‍ക്കു പിന്‍ബലം കൊടുക്കുന്ന ന്യായങ്ങള്‍ വിധികര്‍ത്താവു പറഞ്ഞതു ശരിയാണോ എന്നറിയണം. അതു സാക്ഷികളുടെ മൊഴിയില്‍നിന്നും രേഖകളില്‍നിന്നും അറിയാം. ഏകപക്ഷീയമായ ഒരു വിധി വായിച്ചാല്‍ വിധിയുടെ ഗുണവും ദോഷവും പറയാന്‍ സാധിക്കണമെന്നില്ല. അപ്പോള്‍ അവ അറിയാതെ എങ്ങനെ വിധിയെ വിശകലനം ചെയ്യും! സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുള്ള പ്രതികരണം വിധി മാത്രം (ഭാഗികമായി) വായിച്ചിട്ടായുള്ളതിനാല്‍ അത് അഭിപ്രായം മാത്രമാണ്. അടിസ്ഥാനമില്ലാത്ത അഭിപ്രായം. വിധിയിലെ ഉത്തരവിന്റെ അടിസ്ഥാനം വിധിയിലെ ന്യായങ്ങളാണെങ്കില്‍ അതിനുമുന്പുള്ള വിചാരണയുടെ അടിസ്ഥാനം കോടതി (പോലീസല്ല) എഴുതി ഉണ്ടാക്കുന്ന കുറ്റപത്രമാണ്. ഇതു പ്രതികളെ വായിച്ചുകേള്‍പ്പിച്ച് അവരോട് അതില്‍പ്പറയുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്നു ചോദിക്കണം. കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള അവരുടെ മറുപടി കോടതി രേഖപ്പെടുത്തണം. ആ കുറ്റപത്രത്തില്‍ പറയുന്ന കുറ്റങ്ങള്‍ക്കു മാത്രമേ പ്രതികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യാന്‍ പാടുള്ളു. പ്രതികളെ ഏതു കുറ്റത്തിനു വിചാരണ ചെയ്യുന്നു എന്നതിന് അവര്‍ക്കുള്ള അറിയിപ്പാണിത്. വായിച്ചുകേള്‍പ്പിച്ച കുറ്റപത്രത്തിന്റെ ഉള്ളടക്കം വിധിയുടെ ആദ്യഭാഗത്ത് എഴുതണം. എങ്കില്‍ മാത്രമേ, വിധി വായിക്കുന്ന ഒരാള്‍ക്കു പ്രതികളെ വിചാരണ ചെയ്യുമെന്ന് കോടതി പറഞ്ഞ കുറ്റങ്ങള്‍ക്കാണോ വിചാരണ ചെയ്തതെന്നും കുറ്റക്കാരനാെന്നു കണ്ടാണോ ശിക്ഷ വിധിച്ചതെന്നും മനസിലാകുകയുള്ളൂ. #{black->none->b->കുറ്റപത്രത്തിന്റെ ഉള്ളടക്കമില്ല}# എന്നാല്‍, അഭയ കേസിലെ വിധിയില്‍ കുറ്റപത്രത്തിന്റെ ഉള്ളടക്കം പറഞ്ഞിട്ടില്ല. ഇതു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അഭയ കേസില്‍ വിധിയെഴുതിയ ന്യായാധിപന്‍തന്നെയാണ് കുറ്റപത്രം എഴുതി വായിച്ചത്. ഇതില്‍ പറയുന്ന മൂന്നു കുറ്റങ്ങളില്‍ ആദ്യത്തേത് പ്രാധാന്യമര്‍ഹിക്കുന്നില്ല. രണ്ടാമത്തേതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. അത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302ാം വകുപ്പില്‍ പറയുന്ന കുറ്റമായ കൊലപാതകമാണ് (കൊലപാതകം എന്നു കുറ്റപത്രത്തില്‍ പറയേണ്ടതാണെങ്കിലും പറഞ്ഞിട്ടില്ല). അത് ഇപ്രകാരമാണ്: സിസ്റ്റര്‍ അഭയയെ കൊല്ലണമെന്ന പൊതു ഉദ്ദേശ്യത്തോടുകൂടി പ്രതികള്‍ 27-3-1992ല്‍ പുലര്‍ച്ചെ 4.15നും അഞ്ചിനുമിടയ്ക്ക് അഭയയുടെ തലയില്‍ കൈക്കോടാലിപോലുള്ള ഒരായുധംകൊണ്ട് അടിച്ചു പരിക്കേല്‍പിച്ച് ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പനുസരിച്ചുള്ള കുറ്റം ചെയ്തു. പ്രതികള്‍ കൊലപ്പെടുത്തി എന്നു പറഞ്ഞിട്ടില്ലിതില്‍; തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു എന്നു മാത്രമാണു പറഞ്ഞിട്ടുള്ളത്. അത് 302ാം വകുപ്പനുസരിച്ച് എങ്ങനെ കുറ്റമാകും അപ്പോള്‍ കൊലപാതകക്കുറ്റം പ്രതികളുടെ പേരില്‍ കോടതി ചുമത്തിയിട്ടില്ല. അതായതു കുറ്റാരോപണം ഇല്ലാതെയാണ് അവരെ ഈ കുറ്റത്തിനു വിചാരണ ചെയ്തത്. പ്രതികള്‍ ഉണ്ടാക്കുന്ന പരിക്ക് സിസ്റ്റര്‍ അഭയയുടെ മരണത്തിനു കാരണമാകും എന്ന അറിവോടുകൂടി തെളിവു നശിപ്പിക്കുന്നതിനും ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുംവേണ്ടി പ്രതികള്‍ അഭയയുടെ മൃതദേഹം കിണറ്റില്‍ ഇട്ട് ഇന്ത്യന്‍ ശിക്ഷാനിയമം 201ാം വകുപ്പില്‍ പറയുന്ന കുറ്റം ചെയ്തു എന്നാണു മൂന്നാമത്തെ കുറ്റമായി കുറ്റപത്രത്തില്‍ പറയുന്നത്. ഈ കുറ്റാരോപണപ്രകാരം അഭയ മരിച്ചതിനുശേഷം മൃതദേഹമാണ് പ്രതികള്‍ കിണറ്റില്‍ ഇട്ടത്. എന്നാല്‍, സിബിഐ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിച്ചത് അഭയയ്ക്കു തലയ്ക്കു പരിക്കു പറ്റിയപ്പോള്‍ ബോധക്ഷയം ഉണ്ടായെന്നും അഭയയുടെ മരണം ഉറപ്പാക്കുന്നതിനായി ജീവനോടെ കിണറ്റില്‍ ഇട്ടു എന്നും തലയിലെ രക്തസ്രാവം മൂലവും വെള്ളം കുടിച്ചതുമൂലവും അഭയ മരണപ്പെട്ടു എന്നുമാണ്. കോടതി ഇത് അംഗീകരിച്ചു! #{black->none->b->കണ്ടെത്തേണ്ട കാര്യങ്ങള്‍ രേഖപ്പെടുത്തണം ‍}# വിചാരണക്കോടതി കണ്ടെത്തേണ്ട കാര്യങ്ങള്‍ വിധിയില്‍ ചോദ്യരൂപത്തില്‍ എഴുതണം. ഓരോ ചോദ്യവുമായി ബന്ധപ്പെട്ട തെളിവ് വിശകലനം ചെയ്തിട്ട് അതിന്റെ ഉത്തരമായിട്ടാണു കോടതി അതിന്റെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തുന്നത്. കേസിലെ ആദ്യത്തെ പ്രധാനപ്പെട്ട ചോദ്യം, അഭയയുടേത് കൊലപാതകമാണോ എന്നാണ്. ഇതിന്റെ ഉത്തരം അതേ എന്നാണെങ്കില്‍ മാത്രമേ അടുത്ത ചോദ്യത്തിന് അതായത് പ്രതികളാണോ കൊലചെയ്തത് എന്നുള്ള ചോദ്യത്തിനു പ്രസക്തിയുള്ളൂ. കോടതി വിധിയില്‍ ചേര്‍ത്തിട്ടുള്ള ഒന്നാമത്തെ ചോദ്യത്തില്‍ ആറ് ഉപചോദ്യങ്ങളുണ്ട്. ഇതില്‍ ആറാമത്തെ ഉപചോദ്യം വികലമായിട്ടാണു രൂപപ്പെടുത്തിയിട്ടുള്ളതെങ്കിലും അഭയയുടെ മരണം കൊലപാതകം ആണോ എന്നതും ഉള്‍പ്പെടുന്നു. ആ ചോദ്യത്തിന്റെ ഉത്തരം ഒറ്റ വാക്യത്തില്‍ വിധിയില്‍ പറഞ്ഞിരിക്കുന്നതു കാണാം. ഒന്നാം ചോദ്യത്തിന്റെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഉപചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന്റെ വെളിച്ചത്തില്‍ ഈ ഉപചോദ്യം (അതായത് ആറാം ഉപചോദ്യം) പ്രോസിക്യൂഷന് അനുകൂലമായിരുന്നു. അപ്പോള്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഉപചോദ്യങ്ങളില്‍ ഇതിനുള്ള ഉത്തരമില്ലെങ്കില്‍ ഇതിന്റെ കണ്ടെത്തലിനായി ഒരു കാരണവും വിധിയില്‍ പറഞ്ഞിട്ടില്ലെന്നു സാരം. അതൊന്നു പരിശോധിക്കാം. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഉപചോദ്യങ്ങള്‍ എന്താണ് അവയില്‍ ഒന്നുപോലും കൊലപാതകവുമായി ബന്ധപ്പെട്ടതല്ല. അഭയയ്ക്ക് എന്തു പരിക്കുകള്‍ പറ്റിയിരുന്നുവെന്നും അവയുടെ സ്വഭാവം എന്തായിരുന്നുവെന്നും അവ മരണത്തിനു കാരണമായോ എന്നും അഭയയുടെ മാനസികനില എന്തായിരുന്നുവെന്നും പരിക്കുകള്‍ മരിക്കുന്നതിനു മുന്‌പോ ശേഷമോ ആണോ സംഭവിച്ചതെന്നുമാണ്. ഈ ഒരു ചോദ്യത്തിന്റെയും ഉത്തരം അഭയയുടെ മരണം കൊലപാതകമാണോ എന്നതിനുള്ള ഉത്തരമല്ല; അതിനുള്ള ഉത്തരത്തിലേക്കു നയിക്കുന്നുമില്ല.അതിനര്‍ഥം അഭയയുടെ മരണം കൊലപാതകമായിരുന്നു എന്ന കണ്ടെത്തലിന് വിധിയില്‍ ഒരു കാരണവും കാണിച്ചിട്ടില്ല എന്നുതന്നെ. അതുകൊണ്ട് ഈ കണ്ടെത്തല്‍ അസാധ്യമായിത്തീരുന്നു. #{black->none->b->ജസ്റ്റീസ് ഏബ്രഹാം മാത്യു ‍}# (ന്യായാധിപനെന്ന നിലയില്‍ 30 വര്‍ഷത്തെ അനുഭവസന്പത്തുള്ള ലേഖകന്‍ ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേരളാ ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.) (പരമ്പര തുടരും) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-12 12:20:00
Keywordsഅഭയ
Created Date2021-01-12 12:24:17