category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈരുധ്യങ്ങള്‍ നിറഞ്ഞ മൊഴി | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 3 | ജസ്റ്റീസ് ഏബ്രഹാം മാത്യു
Contentഅടയ്ക്കാ രാജു എന്തു കണ്ടുവെന്നാണു കോടതിയില്‍ പറഞ്ഞത് പ്രോസിക്യൂട്ടറുടെ വിസ്താരത്തില്‍ (ചീഫ്) സാക്ഷി പറഞ്ഞു. ഒന്നാം പ്രതിയും മറ്റൊരാളും 'ടോര്‍ച്ചടിച്ച് സ്‌റ്റെയര്‍കേസിലേക്കു വരുന്നതാണു കണ്ടത്'' (പേജ് 3). ഈ മൊഴി പല പ്രാവശ്യം ആവര്‍ത്തിച്ചു. ഇതു സിബിഐയുടെ കേസിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടര്‍ക്കു മനസിലായില്ലേ മനസിലായത് ക്രോസ് വിസ്താരത്തിനുശേഷം (മൂന്നാം ദിവസം) ആണെന്നു തോന്നുന്നു. അതുകൊണ്ടാണ് അതിനുശേഷം നേരത്തെപറഞ്ഞ നിയമവിരുദ്ധമായ ചോദ്യം അദ്ദേഹം ചോദിച്ചത്. 'രണ്ടുപേര്‍ ടെറസില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടില്ല'' എന്നുറപ്പിച്ചു പറഞ്ഞ (പേജ് 12) സാക്ഷി മൂന്നു വിസ്താരത്തിലും പറഞ്ഞതു രണ്ടുപേര്‍ ഗോവണി കയറിപ്പോകുന്നതാണു കണ്ടതെന്നാണ്. എന്നിട്ടും കോടതി കണ്ടെത്തിയത് 'രണ്ടുപേര്‍ ടെറസില്‍നിന്ന് ടോര്‍ച്ച് അടിച്ച് പരിസരം വീക്ഷിക്കുന്നതു കണ്ടെന്ന് അടയ്ക്കാ രാജു കോടതിയിലും അതിനുമുന്പ് നടത്തിയ പ്രസ്താവനയിലും മാറ്റംകൂടാതെ പറഞ്ഞിട്ടുള്ളതാണെ'ന്നാണ് (വിധി ഖണ്ഡിക 126). സാക്ഷി പല പ്രാവശ്യം നിഷേധിച്ച ഒരു കാര്യം! #{black->none->b->വൈരുധ്യങ്ങള്‍ നിറഞ്ഞ മൊഴി}# അടയ്ക്കാരാജു ആദ്യം പറഞ്ഞു: ഒന്നാം പ്രതിയെയും മറ്റൊരാളെയും കണ്ടപ്പോള്‍തന്നെ ഞാന്‍ മോഷ്ടിക്കാതെ, രണ്ടു വാട്ടര്‍ മീറ്റര്‍ എടുത്തുകൊണ്ടുപോയി (പേജ് 4). ഇതു ക്രോസ് വിസ്താരത്തിലല്ല, പ്രോസിക്യൂട്ടറുടെ വിസ്താരത്തില്‍ പറഞ്ഞതാണ്. സാക്ഷി ക്രോസ് വിസ്താരത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി: കൊക്കോ ചെടിയില്‍ ചവിട്ടി മതില്‍ ചാടാന്‍ ശ്രമിച്ചില്ല. അപ്പോള്‍ (അവിടെ) ഞാന്‍ നില്‍ക്കുന്‌പോഴാണ് രണ്ടുപേരെ കണ്ടത്. 1020 മിനിറ്റ് ഞാനവിടെ നിന്നു. കൊക്കോയില്‍ കയറാന്‍ എനിക്കവസരം കിട്ടിയില്ല. എന്നാല്‍, വിധിയില്‍ കോടതി പ്രഖ്യാപിച്ചു: സംഭവദിവസം സാക്ഷി (രാജു) ഹോസ്റ്റലില്‍നിന്നു തകിടു മോഷ്ടിച്ച് ആക്രിക്കച്ചവടക്കാരനായ ഷമീറിനു വിറ്റു. സാക്ഷി രാജുവിന്റെ ഈ മൊഴി ഷമീറിന്റെ മൊഴിവഴി ഉറപ്പിക്കുന്നു (വിധി ഖണ്ഡിക 138). ടോര്‍ച്ചിന്റെ വെളിച്ചം കണ്ടയുടന്‍ മോഷ്ടിക്കാതെ സ്ഥലംവിട്ടു എന്നാദ്യം പറഞ്ഞ രാജു പിന്നീടു പറഞ്ഞു, പുലര്‍ച്ചെ അഞ്ചുമണിക്ക് സൈറണ്‍ കേള്‍ക്കുന്നതുവരെ അവിടെ പമ്മി ഇരുന്നുവെന്ന്. അങ്ങനെയെങ്കില്‍ അഞ്ചുമണിക്ക് തൊട്ടുമുന്പ് അഭയയുടെ മരണത്തില്‍ കലാശിച്ച സംഭവം നടക്കുന്‌പോള്‍ അയാള്‍ തൊട്ടടുത്തുണ്ട്. സംഭവം അയാള്‍ എങ്ങനെ അറിയാതെപോയി!! ഇതിനു സിബിഐ വേണം ഉത്തരം പറയാന്‍. ഇവിടെ ചൂണ്ടിക്കാട്ടിയതു സാക്ഷി രാജുവിന്റെ മൊഴിയിലെ പ്രധാനപ്പെട്ട വൈരുധ്യങ്ങള്‍ മാത്രമാണ്. മറ്റനവധി വൈരുധ്യങ്ങളുണ്ട്. എന്നിട്ടും വിധിയില്‍ പറയുന്നു ഒരു വൈരുധ്യവുമില്ലെന്ന്. സംഭവസമയം ഒന്നാംപ്രതി വൈദികനെ ഹോസ്റ്റലിന്റെ ടെറസില്‍ കണ്ടുവെന്നു സിബിഐ ഭാഷ്യം. അതു തെളിയിക്കാന്‍ അവര്‍ കൊണ്ടുവന്നതും കേസിലെ നക്ഷത്ര സാക്ഷിയുമായ അടയ്ക്കാ രാജുതന്നെ പൊളിച്ചുമടക്കി കൈയില്‍കൊടുത്തു. ക്രോസ് വിസ്താരം ഇല്ലായിരുന്നുവെങ്കില്‍പോലും ഇയാളുടെ മൊഴി തള്ളേണ്ടതായിരുന്നു. എന്നിട്ടു വിധിയില്‍ ആ ഭാഷ്യം സത്യമായി അംഗീകരിച്ച് മുദ്രനല്‍കി. അത് ഒന്നാംപ്രതിക്കെതിരായ ഉത്തരവിന് അടിസ്ഥാനമാക്കി. #{black->none->b->സാക്ഷി കളര്‍കോടിന്റെ വരവ് ‍}# ഒന്നാംപ്രതി വൈദികനെതിരേ സിബിഐ നിരത്തിയ അടുത്ത തെളിവ് അദ്ദേഹം കളര്‍കോട് വേണുഗോപാലനോടു (pw 6) കേസുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ തുറന്നുസമ്മതിച്ചു എന്നാണ്. അത് ഇതാണ്: വൈദികന്‍ പറഞ്ഞു, തനിക്ക് ഒരബദ്ധം പറ്റിപ്പോയി; താനും കന്യാസ്ത്രീയും അവിഹിതബന്ധത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ 'വിശ്വസ്തനായ' സാക്ഷിയായതുകൊണ്ട് അയാളുടെ മൊഴി വിധിയില്‍ സ്വീകരിച്ചു. ഇയാളുടെ മൊഴി സത്യമാണെന്നു വിശ്വസിച്ചാല്‍പോലും ഇതിന് കേസുമായി എന്തുബന്ധമാണുള്ളത് ഇത് അഭയയുടെ മരണവുമായി എങ്ങനെ ബന്ധിക്കും ഇയാളുടെ മൊഴി നിയമപ്രകാരം അപ്രസക്തമായതുകൊണ്ട് അനുവദിനീയമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുന്പ് ചാലക്കുടിയിലെ ഒരു വൈദികനെതിരേ പോലീസ് കേസെടുത്തു. സുപ്രീംകോടതി അതു റദ്ദുചെയ്തു. അതിനുശേഷം കളര്‍കോട് വേണുഗോപാലന്‍ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ അതേകാര്യം സംബന്ധിച്ച് ഒരു സ്വകാര്യ അന്യായം കൊടുത്തു. അന്നത്തെ മജിസ്‌ട്രേറ്റ് ചന്ദ്രശേഖരന്‍ അതു നിലനില്‍ക്കില്ലെന്നു പറഞ്ഞു തുടക്കത്തില്‍ത്തന്നെ തള്ളി. എന്നാല്‍, വേണുഗോപാലനു ഹൈക്കോടതിയില്‍നിന്ന് അനുകൂലമായി വിധിവന്നു. കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ കോടതി വേണുഗോപാലനോടു നേരിട്ടു ഹാജരാവാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നു പറയുന്നു. അപകടം മണത്തറിഞ്ഞ വേണുഗോപാലന്‍ ഉടന്‍തന്നെ പരാതി നിരുപാധികം പിന്‍വലിച്ച് രക്ഷപ്പെട്ടു. ക്രോസ് വിസ്താരത്തില്‍ ഹര്‍ജി പിന്‍വലിച്ചതു സാക്ഷി സമ്മതിച്ചു. ഒരു പരിചയവുമില്ലാത്ത ഒരു വൈദികനെതിരേ, ആരോപിക്കപ്പെട്ട സംഭവവുമായി ഒരു ബന്ധവുമില്ലാത്ത, അതിനെക്കുറിച്ച് നേരിട്ട് ഒരു അറിവുമില്ലാത്ത വേണുഗോപാലന്‍ ക്രിമിനല്‍ കേസ് കൊടുക്കാന്‍ തയാറായി, സുപ്രീംകോടതി പരാതി നിലനില്‍ക്കില്ലെന്നു വിധിപറഞ്ഞതിനുശേഷം. ഇയാള്‍ക്ക് ഒരു ജോലിയും ഇല്ലെന്നാണ് ഇയാളുടെ മൊഴിയിലെ ആദ്യവാചകംതന്നെ. ഒന്നാംപ്രതി വൈദികനുമായി ഈ സാക്ഷിക്കു മുന്‍പരിചയം ഇല്ലായിരുന്നു. പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്കു വിധേയരാക്കുന്നുവെന്നറിഞ്ഞ് ഇയാള്‍ ഒന്നാം പ്രതിയെ അറസ്റ്റുചെയ്ത 2008 നവംബര്‍ 11ാം തീയതിക്ക് ആറുമാസം മുന്പ് അദ്ദേഹത്തിന്റെ ഫോണ്‍ നന്പര്‍ തേടിപ്പിടിച്ച് അദ്ദേഹവുമായി കോട്ടയം ബിഷപ്‌സ് ഹൗസില്‍വച്ച് ഒരു കൂടിക്കാഴ്ച നടത്തി. അപ്പോള്‍ വൈദികന്‍ വേണുഗോപാലിനോടു പറഞ്ഞത്രേ: 'ഞാനും ഒരു പച്ചമനുഷ്യനാണ്; എനിക്ക് തെറ്റുപറ്റിപ്പോയി, ഞാനും മൂന്നാംപ്രതി കന്യാസ്ത്രീയുമായി അവിഹിതബന്ധത്തില്‍ കഴിയുകയാണ്.' ഈ കേസില്‍ ഇത് എങ്ങനെ പ്രസക്തമാകുമെന്നു മനസിലാകുന്നില്ല. വേണുഗോപാലന്‍ പിന്നെയും പറഞ്ഞു: ഹൈക്കോടതിയില്‍ നാര്‍ക്കോ പരിശോധനയ്ക്കുള്ള ഹര്‍ജിവരുന്‌പോള്‍ ഒന്നാം പ്രതിക്കുവേണ്ടി ഒരു തടസഹര്‍ജി കൊടുക്കണമെന്നു പറഞ്ഞു. വഴിച്ചെലവിനായി 5000 രൂപയും തന്നു. എന്നാല്‍, ഞാന്‍ ഹര്‍ജി കൊടുത്തില്ല. സാക്ഷി വൈദികനോടു പറഞ്ഞു, അദ്ദേഹത്തിന്റെ പ്രവൃത്തി ശരിയല്ലെന്ന്. അതുകൊണ്ടു കൊടുത്തില്ലെന്ന്. പിന്നെയും പിന്നെയും സാക്ഷി പലതും പറഞ്ഞു. അഭയ മരിക്കുന്നത് 1992 മാര്‍ച്ച് 27നാണ്. 14 വര്‍ഷത്തിനു ശേഷമാണ് ഇതു നടന്നതായി സാക്ഷി പറഞ്ഞത്. ഇത്തരം തെളിവ് ആശ്രയിക്കാവുന്നതല്ലെന്നു സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. വൈദികന്‍ പറഞ്ഞതുപോലുള്ള കാര്യങ്ങള്‍ സാക്ഷിയോടു വെളിപ്പെടുത്താനുള്ള ബന്ധം അവര്‍ തമ്മില്‍ ഉണ്ടായിരുന്നുവെങ്കില്‍ മാത്രമേ ആ മൊഴി സ്വീകരിക്കാന്‍ പറ്റൂ. എന്നുവച്ചാല്‍ പ്രതിക്കു സാക്ഷിയുമായി രഹസ്യങ്ങള്‍ പറയാനുള്ള തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കണമെന്നര്‍ഥം. ഒന്നാംപ്രതിയും സാക്ഷിയും കൂടിക്കാഴ്ച നടത്തിയെന്നതു ശരിയാണെന്നു സങ്കല്പിച്ചാല്‍പോലും പ്രതി സാക്ഷിയോടു വെളിപ്പെടുത്തിയതായി പറഞ്ഞ രഹസ്യം വെളിപ്പെടുത്തിയെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. ഈ സാക്ഷിയിലൂടെ 'പല നേട്ടങ്ങള്‍' കൊയ്യാനാണു സിബിഐ ശ്രമിച്ചത്. അതു പിന്നീടു പറഞ്ഞുകൊള്ളാം. ക്രോസ് വിസ്താരത്തില്‍ ഈ സാക്ഷിയുടെ 'യോഗ്യതകള്‍' പുറത്തുവന്നു. തീര്‍ത്തും വിശ്വസിക്കാന്‍ പാടില്ലാത്ത ഒരു മൊഴിയാണെന്നതിനുള്ള കാര്യങ്ങള്‍ മൊഴിയില്‍ കൊണ്ടുവന്നു. എന്നിട്ടും മൊഴി പൂര്‍ണമായും വിശ്വാസയോഗ്യമായി വിധിയില്‍ പറഞ്ഞിരിക്കുന്നു. ഈ രണ്ടാമത്തെ സാഹചര്യം പ്രസക്തമല്ലെന്നു മാത്രമല്ല, വിശ്വാസയോഗ്യവുമല്ല. അപ്പോള്‍ ഈ സാഹചര്യവും വൈദികനെതിരേ ലഭ്യമല്ല. ഒന്നാംപ്രതിക്കെതിരേ സിബിഐ ആശ്രയിച്ച രണ്ടു സാഹചര്യങ്ങളും അഭയയുടെ മരണവുമായി ബന്ധമില്ലാത്തതും തെളിയിക്കപ്പെടാത്തതുമാണ്. ചുരുക്കത്തില്‍ അദ്ദേഹത്തിനെതിരേ ഒരു തെളിവുമില്ല. #{black->none->b->അപഹാസ്യമായ കാര്യങ്ങള്‍ ‍}# മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരേ മൂന്നു സാഹചര്യത്തെളിവുകളാണു സിബിഐ മുന്നോട്ടുവച്ചത്. അതില്‍ ഒരെണ്ണം ഈ പ്രതി ചില കാര്യങ്ങള്‍ മറ്റൊരാളോടു സമ്മതിച്ചുവെന്നാണ്. എന്നാല്‍, അക്കാര്യങ്ങള്‍ പ്രതി സമ്മതിച്ചിട്ടില്ലന്നു കോടതി കണ്ടെത്തി. പക്ഷേ, വിധിയില്‍ പറഞ്ഞു, അങ്ങനെയാണെങ്കിലും വേറെചില കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്ന്. എന്നിട്ടു ലൈംഗികതയുമായി ബന്ധപ്പെട്ട അപവാദപരവും അപഹാസ്യവുമായ ചില കാര്യങ്ങള്‍ കോടതിവിധിയില്‍ ചര്‍ച്ചചെയ്തു, അവ അപ്രസക്തമായിട്ടുപോലും. ഇതിന് യാതൊരു ന്യായീകരണവുമില്ല. ഒന്നാമതായി മുകളില്‍ പറഞ്ഞ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നു കോടതി പറഞ്ഞിട്ടുള്ളതിനാല്‍ ബാക്കി രണ്ടു സാഹചര്യങ്ങള്‍ വിശകലനം ചെയ്യാം. രണ്ടാമത്തെ സാഹചര്യം, പ്രതി കന്യാസ്ത്രീയെ രാത്രിയില്‍ സംഭവം നടന്നതായി അനുമാനിക്കാവുന്ന (കുറ്റപത്രത്തിലോ വിധിയിലോ സംഭവസ്ഥലം പറഞ്ഞിട്ടില്ല) ഹോസ്റ്റലിലെ ഏറ്റവും താഴത്തെ നിലയില്‍ കണ്ടുവെന്നതാണ്. സാക്ഷിമൊഴി അനുസരിച്ച് മൂന്നാംപ്രതി കന്യാസ്ത്രീയെ സംഭവത്തിനുമുന്പ് കാണുന്നതു രാത്രി (26ാം തീയതി) പത്തുമണിക്കടുത്താണ്. അടുക്കളയില്‍ സേവനം ചെയ്തിരുന്ന അച്ചാമ്മ (pw 11)യാണ് ഇതു വെളിപ്പെടുത്തിയത്. മൂന്നാം പ്രതി താഴത്തെ നിലയിലുള്ള അവരുടെ മുറിയിലിരുന്നു വായിക്കുന്നതു കണ്ടു പത്തുമണിക്കടുത്ത്. ഈ സാക്ഷിയുടെയും സാക്ഷി നിഷാ റാണി (pw 9)യുടെയും മൊഴിയില്‍ പറയുന്നതനുസരിച്ച് അടുക്കളയ്ക്കടുത്തുള്ള (താഴത്തെനിലയില്‍) മുറിയിലായിരുന്നു മൂന്നാം പ്രതി താമസിച്ചിരുന്നത്. ആ നിലയില്‍ മറ്റാരും താമസമുള്ളതായി തെളിവിലില്ല. മൂന്നാംപ്രതി താഴത്തെ നിലയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്നുവെന്നതും രാത്രി പത്തുമണിക്ക് അവരുടെ മുറിയിലിരുന്നു വായിച്ചിരുന്നുവെന്നതും പുലര്‍ച്ചെ നാലേകാലിനും അഞ്ചിനും ഇടയ്ക്ക് നടന്ന അഭയയുടെ മരണവുമായി അവര്‍ക്ക് ബന്ധമുണ്ടെന്നുള്ളതിന് എങ്ങനെ തെളിവാകും എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ആ സമയം ഉദ്ദേശം 160 പേര്‍ പല മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ അവിടെ താമസമുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലുണ്ട്. അവരെയെല്ലാവരെയും സിബിഐ പ്രതികളാക്കിയില്ലെന്നോര്‍ത്തു നമുക്ക് ആശ്വസിക്കാം. സിബിഐ ആശ്രയിച്ച രണ്ടാമത്തെ സാഹചര്യം ബുദ്ധിക്കു നിരക്കാത്തതാണ്. (തുടരും) #{blue->none->b->ജസ്റ്റീസ് ഏബ്രഹാം മാത്യു ‍}# (ന്യായാധിപനെന്ന നിലയില്‍ 30 വര്‍ഷത്തെ അനുഭവ സന്പത്തുള്ള ലേഖകന്‍ ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേരളാ ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.) #{black->none->b->കടപ്പാട്: ദീപിക ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-14 10:13:00
Keywordsഅഭയ
Created Date2021-01-14 10:14:21