Content | പതിനാറാം നൂറ്റാണ്ടിൽ "വിശുദ്ധ യൗസേപ്പിതാവിനായി ഏഴു സ്വർഗ്ഗസ്ഥനായ പിതാവ് " ചൊല്ലുന്ന ഒരു ഭക്തി ആവിർഭവിച്ചു പിന്നീടതു "യൗസേപ്പിൻ്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി " എന്നറിയപ്പെടാൻ തുടങ്ങി. ഇന്നു കാണുന്ന രീതിയിൽ ഈ ഭക്തി രൂപപ്പെടുത്തിയത് റീഡംപ്റ്റോറിസ്റ്റു സഭാംഗമായ ഇറ്റാലിയൻ വൈദികൻ വാഴ്ത്തപ്പെട്ട ജെന്നാരോ സാർനെല്ലിയാണ് ( 1702 - 1744).
ഈ ഭക്തി രൂപപ്പെടാൻ കാരണമായി സഭാപാരമ്പര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവം
ഫ്രാൻസിസ്കൻ സന്യാസസഭയിലെ രണ്ട് പുരോഹിതന്മാർ, ബൽജിയത്തിലെ ഫ്ലാൻഡേഴ്സ് തീരത്തേക്കുള്ള കപ്പൽ യാത്രയിലായിരുന്നു. മൂന്നൂറു യാത്രക്കാരുമായി നീങ്ങിയ കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു. കപ്പൽ തകർന്നു. രണ്ടു വൈദീകർ മുന്നു രാത്രിയും പകലും ഒരു തടിക്കഷണത്തിൽ കയറി കടലിലൂടെ ഒഴുകി നടന്നു. ജീവൻ നഷ്ടപ്പെടുന്ന ആധിയിൽ ആ രണ്ടു വൈദീകർ വിശുദ്ധ യൗസേപ്പിതാവിൻ്റെ സഹായം അപേക്ഷിച്ചു. മൂന്നാം ദിവസം ഒരു മനുഷ്യൻ അവരുടെ സമീപം വന്നു. തിളങ്ങുന്ന മുഖമുണ്ടായിരുന്ന ആ മനുഷ്യൻ അവരെ ആശ്വസിപ്പിക്കുകയും ഒരു തുറമുഖത്തിലേക്കു അവരെ നയിക്കുകയും ചെയ്തു. തങ്ങളുടെ ജീവൻ രക്ഷിച്ച ആ മനുഷ്യനോട് നന്ദി പറഞ്ഞ ആ പുരോഹിതർ തങ്ങളെ രക്ഷിച്ച അത്ഭുത മനുഷ്യൻ്റെ പേര് ചോദിച്ചപ്പോൾ ജോസഫ് എന്നായിരുന്നു മറുപടി.
തങ്ങളെ രക്ഷിച്ച യൗസേപ്പിതാവിനോടുള്ള നന്ദിയും ബഹുമാനവും നിലർത്താൻ അവർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ദിവസവും ഏഴു പ്രാവശ്യം സ്വർഗ്ഗസ്ഥനായ പിതാവേ... നന്മ നിറഞ്ഞ മറിയമേ എന്നി ജപങ്ങൾ എൻ്റെ ഏഴു വ്യാകുലങ്ങളും സന്തോഷങ്ങളും ധ്യാനിച്ചു പ്രാർത്ഥിക്കുക എന്നായിരുന്നു യൗസേപ്പിതാവിൻ്റെ മറുപടി.
യൗസേപ്പിതാവിൻ്റെ ഏഴു വ്യാകുലങ്ങളും സന്തോഷങ്ങളും നമ്മുടേതുമാക്കി മാറ്റാം. ഈശോയിലേക്കു വളരാം.
പ്രാർത്ഥന
വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ജപമാല
ആമുഖം
പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആമ്മേൻ.
ഒന്നാം ദുഃഖം
വിശുദ്ധ യൗസേപ്പിതാവിൻ്റെ സംശയം
വചനം
യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു.(മത്തായി 1 : 18- 19)
ഒന്നാം സന്തോഷം
മാലാഖയുടെ സന്ദേശം (മത്താ 1: 20-21)
വചനം
ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്‌ധാത്‌മാവില്‍നിന്നാണ്.
അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. (മത്തായി 1 : 20-21)
പ്രാർത്ഥന
ഓ മഹോന്നതനായ വിശുദ്ധ യൗസേപ്പിതാവേ, നിൻ്റെ ജീവിത പങ്കാളിയായ മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാൻ ചിന്തിച്ചപ്പോൾ നീ അനുഭവിച്ച ആന്തരിക സംഘർഷം എത്രയോ വലുതായിരുന്നു. എങ്കിലും ദൈവപുത്രൻ്റെ മനുഷ്യവതാരരഹസ്യം മാലാഖ അറിയച്ചപ്പോൾ നീ അനുഭവിച്ച സന്തോഷം വാക്കുകൾക്ക് അതീതമാണല്ലോ. പ്രിയ പിതാവേ, നിൻ്റെ ഒന്നാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ ഒരു നല്ല ജീവിതത്തിൻ്റെ ആനന്ദവും ആശ്വാസവും ഞങ്ങൾക്കു നൽകണമേ, അവസാനം നിന്നെപ്പോലെ മറിയത്തിൻ്റെയും ഈശോയുടെയും കരങ്ങളിൽ കിടന്നുള്ള വിശുദ്ധമായ ഒരു മരണവും നൽകണമേ. ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
നന്മ നിറഞ്ഞ മറിയമേ....
ത്രിത്വ സ്തുതി.
രണ്ടാം ദു:ഖം
ദാരിദ്രത്തിലുള്ള ഈശോയുടെ ജനനം.
വചനം
അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.
അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല.
(ലൂക്കാ 2 :6- 7).
രണ്ടാം സന്തോഷം
രക്ഷകൻ്റെ ജനനം.
വചനം
ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. (ലൂക്കാ 2 : 10 -11)
പ്രാർത്ഥന
അവതരിച്ച വചനത്തിൻ്റെ പിതാവാകാൻ ഭാഗ്യം സിദ്ധിച്ച യൗസേപ്പിതാവേ, ദാരിദ്രത്തിലുള്ള ദൈവപുത്രൻ്റെ പിറവി കണ്ട് ദുഃഖിതനായ നീ, സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിൻ്റെ സദ് വാർത്തയിൽ സ്വർഗ്ഗീയ ഗണങ്ങളോടൊപ്പം സന്തോഷിച്ചുവല്ലോ. നിൻ്റെ രണ്ടാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ സ്വർഗീയ മാലാഖമാരുടെ സ്തുതിഗീതകം കേൾക്കാനും സ്വർഗ്ഗീയ മഹത്വം അനുഭവിക്കാനും ഞങ്ങൾക്കു കൃപ നൽകണമേ. ആമ്മേൻ
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നന്മ നിറഞ്ഞ മറിയമേ
ത്രിത്വ സ്തുതി.
മൂന്നാം ദു:ഖം
ഈശോയുടെ പരിച്‌ഛേദനം
ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍ (ലൂക്കാ 2 : 21 )
മൂന്നാം സന്തോഷം
ഈശോ എന്ന വിശുദ്ധ നാമം
പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ( ജോസഫ്) ശിശുവിന് യേശു എന്നു പേരിട്ടു.(മത്തായി 1 : 25).
പ്രാർത്ഥന
ഭാഗ്യപ്പെട്ട യൗസേപ്പിതാവേ, ദൈവീക നിയമങ്ങൾ വിശ്വസ്തയോടെ നീ അനുസരിച്ചു. ഛേദനാചരണ കർമ്മത്തിൻ ഉണ്ണിയേശു അനുഭവിച്ച വേദന നിൻ്റെ ഹൃദയത്തെയും ദുഃഖത്തിലാക്കി. ദൈവപുത്രനു ഈശോ എന്ന നാമം നൽകാൻ നിനക്കു കൈവന്ന ഭാഗ്യം അവർണ്ണനീയമാണല്ലോ. നിൻ്റെ മൂന്നാം
ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ പാപ സാഹചര്യങ്ങൾ വെടിഞ്ഞു ജീവിക്കാനും ഈശോ എന്ന മധുര നാമം ഉച്ചരിച്ചുകൊണ്ടു മരിക്കാനുമുള്ള കൃപയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
നന്മ നിറഞ്ഞ മറിയമേ..
ത്രിത്വ സ്തുതി...
നാലാം ദു:ഖം
ശിമയോൻ്റെ പ്രവചനം
വചനം
ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
(ലൂക്കാ 2 : 34 -35)
നാലാം സന്തോഷം
സകല ജനതകൾക്കു വേണ്ടിയുള്ള രക്ഷ.
വചനം
സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.
(ലൂക്കാ 2 : 31- 32)
പ്രാർത്ഥന
മനുഷ്യ രക്ഷയ്ക്കു വേണ്ടിയുള്ള ദൈവീക പദ്ധതിയിൽ സഹകാരിയാകാൻ ഭാഗ്യം ലഭിച്ച യൗസേപ്പിതാവേ, നിൻ്റെ വത്സല സുതനും ജീവിത പങ്കാളിയും കടന്നു പോകേണ്ട വ്യാകുലതകളെക്കുറിച്ചു ശിമയോൻ പ്രവചിച്ചപ്പോൾ നിൻ്റെ ഹൃദയവും വേദനയാൽ പിടഞ്ഞുവല്ലോ. നിൻ്റെ പ്രിയ പുത്രൻ ലോകത്തിനു സമ്മാനിക്കുന്ന രക്ഷയെപ്പറ്റി ഓർത്തപ്പോൾ നിൻ്റെ വേദന സന്തോഷമായി പരിണമിച്ചു വല്ലോ. ഞങ്ങളുടെ പ്രിയ പിതാവേ, നിൻ്റെ നാലാം ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ ഈശോ ഞങ്ങൾക്കു നേടിത്തന്ന രക്ഷ മറ്റുള്ളവരോടു പ്രഘോഷിക്കാൻ കൃപ തരണമേ. ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
നന്മ നിറഞ്ഞ മറിയമേ..
ത്രിത്വ സ്തുതി...
അഞ്ചാം ദു:ഖം
ഈജിപ്തിതിലേക്കുള്ള പലായനം
വചനം
അവര്‍ പൊയ്‌ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.
അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി;
(മത്തായി 2 : 13 -14)
അഞ്ചാം സന്തോഷം
ഈജിപ്‌തിലെ വിഗ്രഹങ്ങള്‍ വിറകൊള്ളുന്നത്.
വചനം
ഈജിപ്‌തിനെക്കുറിച്ചുണ്ടായ അരുളപ്പാട്: ഇതാ, കര്‍ത്താവ് വേഗമേറിയ ഒരു മേഘത്തില്‍ ഈജിപ്‌തിലേക്കു വരുന്നു; അവിടുത്തെ സാന്നിധ്യത്തില്‍ ഈജിപ്‌തിലെ വിഗ്രഹങ്ങള്‍ വിറകൊള്ളും. ഈജിപ്‌തുകാരുടെ ഹൃദയം ഉരുകിപ്പോകും.(ഏശയ്യാ 19 : 1)
പ്രാർത്ഥന
അവതരിച്ച വചനത്തിൻ്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവേ, അത്യുന്നതനായ ദൈവപുത്രനും മറിയവുമായി ഈജിപ്തിലേക്കു നീ നടത്തിയ പലായനത്തിൽ അനുഭവിച്ച ദുരിതങ്ങൾ നിൻ്റെ മനസ്സിനെ തളർത്തിയല്ലോ. അതേ സമയം ഈജിപ്തിലെ വിഗ്രഹങ്ങൾക്കിടയിൽ ദൈവം എപ്പോഴും നിൻ്റെ അരികിൽ ഉണ്ടായിരുന്നതിൽ നി അത്യധികം സന്തോഷിച്ചു. ഏറ്റവും ശ്രദ്ധാലുവായ പാലാക നിൻ്റെ അഞ്ചാം
ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ തിന്മയിൽ നിന്നും ആത്മീയ അപകടങ്ങളിൽ നിന്നും ഓടിയകലാനും ദൈവ വിചാരത്തോടെ ജീവിക്കാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
നന്മ നിറഞ്ഞ മറിയമേ..
ത്രിത്വ സ്തുതി...
ആറാം ദു:ഖം
പ്രവാസത്തിൽ നിന്നുള്ള അപകടകരമായ തിരിച്ചു വരവ്.
വചനം
മകന്‍ അര്‍ക്കലാവോസാണ് പിതാവായ ഹേറോദേസിന്റെ സ്‌ഥാനത്ത്‌യൂദയായില്‍ ഭരിക്കുന്നതെന്നു കേട്ടപ്പോള്‍ അവിടേക്കുപോകാന്‍ ജോസഫിനു ഭയമായി. സ്വപ്‌നത്തില്‍ ലഭി ച്ചമുന്നറിയിപ്പനുസരിച്ച് അവന്‍ ഗലീലി പ്രദേശത്തേക്കു പോയി.(മത്തായി 2 : 22)
ആറാം സന്തോഷം
നസ്രത്തിലെ കുടുബ ജീവിതം
കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി.(ലൂക്കാ 2 : 39)
പ്രാർത്ഥന
ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, സ്വർഗ്ഗ പിതാവിൻ്റെ ആജ്ഞാനുസരണം യേശുവിനെ ഈജിപ്തിൽ നിന്ന് പുറത്തു കൊണ്ടുവരുന്നതിലുള്ള നിൻ്റെ ആശ്വാസം ഹേറോദോസിൻ്റെ പിൻഗാമിയെക്കുറിച്ചുള്ള ചിന്ത നിന്നിൽ അസ്വസ്ഥത ഉളവാക്കി. ദൂതൻ നൽകിയ ഉറപ്പു പ്രകാരം നസറത്തിൽ ഈശോയും മറിയവുമൊത്തു ജീവിച്ചപ്പോൾ ആ കുടുംബ ജീവിതം നിനക്കു സന്തോഷത്തിൻ്റെ നിർവൃതി സമ്മാനിച്ചു. നല്ല പിതാവേ നിൻ്റെ ആറാം
ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ അപകടകരമായ ഭയങ്ങളിൽ നിന്നു വിടുതലും തിരുക്കുടുംബ ജീവിതത്തിൻ്റെ സമാധാനവും സന്തോഷവും നൽകണമേ. ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
നന്മ നിറഞ്ഞ മറിയമേ..
ത്രിത്വ സ്തുതി...
ഏഴാം ദു:ഖം
ബാലനായ ഈശോയെ ജറുസലേമിൽ കാണാതാകുന്നു.
വചനം
തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല.
അവന്‍ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്‌ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്‌കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.(ലൂക്കാ 2 : 43- 45 )
ഏഴാം സന്തോഷം
ഈശോയെ ദൈവാലയത്തിൽ കണ്ടെത്തുന്നു.
വചനം
മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.(ലൂക്കാ 2 : 46)
പ്രാർത്ഥന
വിശുദ്ധിയുടെ നിറവായ മാർ യൗസേപ്പേ, നിൻ്റെതല്ലാത്ത കാരണത്താൽ ഈശോയെ കാണാതായപ്പോൾ മൂന്നു ദിവസം നീ അനുഭവിച്ച വേദന എത്രയോ കഠോരമായിരുന്നു. ഈശോയെ വീണ്ടും ദൈവാലയത്തിൽ കണ്ടെത്തിയപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം നീ അനുഭവിച്ചറിഞ്ഞു. ഞങ്ങളുടെ നല്ല പിതാവേ നിൻ്റെ ഏഴാം
ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും യോഗ്യതയാൽ ഞങ്ങളുടെ അശ്രദ്ധ നിമിത്തം ഈശോയെ നഷ്ടപ്പെടുത്താതിരിക്കുവാനും എന്നും ഈശോയോടൊത്തു ജീവിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
നന്മ നിറഞ്ഞ മറിയമേ..
ത്രിത്വ സ്തുതി...
സമാപനം
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
നമുക്കു പ്രാർത്ഥിക്കാം.
സ്വർഗ്ഗീയ പിതാവേ, നിൻ്റെ അനന്ത പരിപാലനയാൽ ഭാഗ്യപ്പെട്ട യൗസേപ്പിനെ നിൻ്റെ പ്രിയപുത്രൻ്റെ വളർത്തു പിതാവും മറിയത്തിൻ്റെ ഭർത്താവുമായി നീ തിരഞ്ഞെടുത്തുവല്ലോ. ആ വിശുദ്ധനെ ഞങ്ങൾക്കു മധ്യസ്ഥനും മാതൃകയുമായി നൽകിയതിനു ഞങ്ങൾ നന്ദി പറയുന്നു. വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഈശോയെയും തിരുസഭയെയും സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
|