CALENDAR

31 / May

category_idChristian Prayer
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: മുപ്പത്തിയൊന്നാം തീയതി
Content"ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു" (ലൂക്കാ 1:30). #{red->n->n->ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം}# പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്കുണ്ട്. ആദ്ധ്യാത്മിക ജീവിതത്തില്‍ വേണ്ടവിധം നാം പക്വത പ്രാപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു വേണ്ടവിധം മനസ്സിലാകാത്തതിനാലാണ്. ദിവ്യജനനിയോട് ആഴമായ ഒരു ഭക്തി ഉണ്ടായേ മതിയാവൂ. ഈശോമിശിഹാ പ.കന്യകയുടെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത പ്രവര്‍ത്തനത്താല്‍ രൂപീകൃതനായി. മൗതിക ശരീരവും പ.കന്യകയുടെ സാന്നിദ്ധ്യത്തിലാണ് രൂപം കൊണ്ടത്. ഇതുപോലെ ഓരോ ക്രിസ്ത്യാനിയുടെയും രൂപീകരണത്തില്‍ പ.കന്യകയ്ക്ക് സുപ്രധാനമായ ഒരു പങ്കു വഹിക്കുവാനുണ്ട്. അക്കാര്യം നാം വേണ്ടവിധത്തില്‍ മനസ്സിലാക്കിയിട്ടുണ്ടോ? ആധുനിക യുഗത്തില്‍ പലരും പ.കന്യകയോടുള്ള ഭക്തിക്കു വേണ്ടവിധത്തില്‍ സ്ഥാനം നല്‍കിയിട്ടില്ല. തന്നിമിത്തം നാം ഇന്ന് വിശ്വാസത്തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. പ.കന്യകയോടുള്ള ഭക്തി മന്ദീഭവിക്കുമ്പോള്‍ വിശ്വാസത്തകര്‍ച്ച ഉണ്ടാകുമെന്നുള്ളത് നിസ്തര്‍ക്കമാണ്. ഇന്നു ലോകവ്യാപകമായി സാത്താന്‍ തന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നുണ്ട്. കമ്മ്യൂണിസം, ഭൗതികവാദം, ധാര്‍മ്മികാധ:പതനം മുതലായവയാണ് അതിനു കാരണം. "എനിക്ക് സ്വര്‍ഗ്ഗത്തെ നീക്കിക്കളയുവാന്‍ സാധിക്കുകയില്ലെങ്കില്‍ ഞാന്‍ സകല നാരകീയ ശക്തികളെയും സ്വര്‍ഗ്ഗത്തിനെതിരായി അണിനിരത്തുമെന്ന്" ഫ്രോയിഡ് എന്ന മനശാസ്ത്രജ്ഞന്‍ പറഞ്ഞിരിന്നു. അതിനുവേണ്ടി അദ്ദേഹം കണ്ടുപിടിച്ചതാണ് അദ്ദേഹത്തിന്‍റെ ലൈംഗികാതിപ്രസരവാദം. കാറല്‍ മാര്‍ക്സ് അദ്ദേഹത്തിന്‍റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെ മനുഷ്യനെ കേവലം സാമ്പത്തിക ജീവിയായി അവതരിപ്പിച്ചു. ഡാര്‍വിന്‍റെ പരിണാമവാദം മനുഷ്യനെ മൃഗവുമാക്കിത്തീര്‍ത്തു. ഇപ്രകാരമുള്ള എല്ലാ ഭൗമിക വാദങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ദിവ്യജനനി ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ട് പ്രഖ്യാപിച്ചു: "ഞാന്‍ അമലോത്ഭവയാകുന്നു." കൂടാതെ പ.കന്യകയുടെ സ്വര്‍ഗ്ഗാരോഹണം ലൗകിക അതികായകത്വത്തിനു മറുപടിയാണ്. മനുഷ്യ മഹത്വത്തെപ്പറ്റി അമലോത്ഭവ സത്യത്തിലൂടെ മറിയം ‍നമുക്ക് നല്‍കുന്ന സന്ദേശം മനുഷ്യന്‍ പദാര്‍ത്ഥ പരിണാമത്തിന്‍റെ പ്രതിഭാസം മാത്രമല്ല എന്നാണ്. എല്ലാ നാരകീയശക്തികള്‍ക്കുമെതിരായി പ.കന്യക നമുക്ക് നല്‍കിയിരിക്കുന്ന ഒരു ദിവ്യായുധമാണ് ജപമാല. ജപമാലയിലൂടെ പ.കന്യക വഴി ഈശോ നമ്മില്‍ ജീവിക്കുന്നു. മനുഷ്യജീവിതത്തിന്‍റെ പ്രകൃത്യാതീതമായ മൂല്യം അതു നമ്മെ അനുദിനം അനുസ്മരിപ്പിക്കുന്നു. മറിയം വഴി പ.ത്രിത്വത്തോടുള്ള ഒരു സംഭാഷണമാണ് ജപമാല; സുവിശേഷ സംഗ്രഹമെന്ന് ജപമാലയെ വിശേഷിപ്പിക്കാം. പരിശുദ്ധ ത്രിത്വത്തിനും ഈശോമിശിഹായ്ക്കും പ.കന്യകയ്ക്കും മഹത്വം നല്‍കുന്ന ഒരു മനോഹരമായ പ്രാര്‍ത്ഥനയാണ് ജപമാല. ജപമാല എല്ലാ കുടുംബങ്ങളെയും പവിത്രീകരിക്കുന്നു. നമ്മുടെ സന്തോഷ ദുഃഖങ്ങളെയും വിജയങ്ങളെയും പരിത്രാണപരിപാടിയുടെ വെളിച്ചത്തില്‍ വിലയിരുത്തി ജീവിതത്തിനു മൂല്യം കൊണ്ട് വരുന്ന അത്ഭുതാവഹമായ പ്രാര്‍ത്ഥനയെന്ന് 53 മണി ജപത്തെ വിശേഷിപ്പിക്കാം. പ.കന്യകാ മറിയത്തോടുള്ള ഭക്തിക്ക് ത്രിത്വപരവും ക്രിസ്തുപരവും സഭാപരവും മാനുഷികവുമായ വശമുണ്ട്. അത് നാം മനസ്സിലാക്കി എല്ലാ ദിവസവും ജപമാല ഭക്തിപൂര്‍വ്വം ജപിക്കണം. തിരുസഭ പല പ്രതിസന്ധിഘട്ടങ്ങളെയും ജപമാല ഭക്തിയിലൂടെ വിജയപൂര്‍വ്വം തരണം ചെയ്തു. ആധുനിക ലോകത്തിന്‍റെ ഭാവി ഭാഗധേയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ദൈവജനനിക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട് എന്നുള്ള വസ്തുത മനസ്സിലാക്കി ജപമാല ഭക്തിപൂര്‍വ്വം ജപിക്കുക. ലൂര്‍ദ്ദിലും ഫാത്തിമായിലും എല്ലാം കന്യകാ മറിയം ലോകത്തിനു നല്‍കിയ ആഹ്വാനം ജപമാലയുടേതാണ്. #{red->n->n->സംഭവം}# വി.ഗ്രിഞ്ഞോണ്‍ ദെ മോണ്‍ഫോര്‍ട്ട്‌ ഒരു സംഭവം അദ്ദേഹത്തിന്‍റെ ജപമാലയെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഒരിക്കല്‍ ഒരു ജപമാലഭക്തന്‍ കൊള്ളകാരുടെ സംഘത്തിന്‍റെ കരങ്ങളില്‍പ്പെട്ടു. ഈ സംഘം അദ്ദേഹത്തിന്‍റെ പണം തട്ടിയെടുത്തതിനു ശേഷം അദ്ദേഹത്തെ വധിക്കുവാന്‍ ഒരുങ്ങി. മരിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ടു സമയം പ്രാര്‍ത്ഥിക്കുവാന്‍ അവസരം കൊടുക്കണമെന്നദ്ദേഹം അഭ്യര്‍ത്ഥിച്ചു. അവര്‍ അതിനനുവദിച്ചു. ജപമാലഭക്തന്‍ ഉടന്‍തന്നെ കൊന്ത എടുത്തു ജപമാല ആരംഭിച്ചു. അയാള്‍ ജപമാല‍ ജപിച്ചുകൊണ്ടിരുന്നപ്പോള്‍ സുന്ദരിയായ ഒരു സ്ത്രീ അയാളുടെ പക്കല്‍ വന്ന് ഒരു റോസാ പുഷ്പം അയാളെ ധരിപ്പിക്കുന്നതായി തസ്ക്കരസംഘ നേതാവ് കണ്ടു. അത് പ.അമ്മയായിരുന്നു. തല്‍ഫലമായി അവര്‍ ആ യാത്രക്കാരനെ നിരുപാധികം വിട്ടയച്ചു. അയാളില്‍ നിന്ന് അപഹരിച്ച പണവും തിരിച്ചുകൊടുത്തു. ഇതുപോലെ നാം എല്ലാ ദിവസവും ജപമാല ഭക്തിപൂര്‍വ്വം ജപിക്കുമെങ്കില്‍ ദിവ്യജനനിയുടെ പരിലാളന നമുക്കു ലഭിക്കുമെന്നുള്ളത് നിസ്തര്‍ക്കമാണ്. പ്രത്യേകിച്ചും നാരകീയ ശത്രുവിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും മറിയം നമ്മെ രക്ഷിക്കും. #{red->n->n->പ്രാര്‍ത്ഥന}# പ.കന്യകാമറിയമേ, അങ്ങ് ഞങ്ങളുടെ സങ്കേതമാണ്. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമേ. അമലോത്ഭവ കന്യകയെ, ഞങ്ങള്‍ ഈശോമിശിഹായ്ക്കും നിനക്കും ഉള്ളവരാകുവാന്‍ മനസ്സായിരിക്കുന്നു. എനിക്ക് നിന്‍റെ നേരെയുള്ള സ്നേഹത്തിന്‍റെ ലക്ഷ്യമായി എന്‍റെ ആത്മാവിനെയും ശരീരത്തെയും ഓര്‍മ, ബുദ്ധി, മനസ്സ്, ശരീരം എന്നിവയേയും അങ്ങേയ്ക്കു കാഴ്ച വയ്ക്കുന്നു. നീ എന്നെ അനുഗ്രഹിച്ച് എന്‍റെ രക്ഷയായിരിക്കേണമേ. എന്നെ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിച്ച് ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ സഹായിക്കണമേ. പിതാവായ ദൈവത്തിന്‍റെ പുത്രിയും പുത്രനായ ദൈവത്തിന്‍റെ മാതാവും പരിശുദ്ധാത്മാവിന്‍റെ പ്രിയമുള്ള മണവാട്ടിയുമായ പ.കന്യകയെ, ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന് നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. *  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ,   കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,   ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,   ആത്മജ്ഞാന പൂരിത പാത്രമേ,   ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,   ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.   പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.      #{red->n->n->വിമലഹൃദയ പ്രതിഷ്ഠ}# പരിശുദ്ധ കന്യകയായ ദൈവമാതാവേ! ഞങ്ങള്‍ക്കു മാതാവായി നിയമിക്കപ്പെട്ടിരിക്കുന്ന പരലോക ഭൂലോകങ്ങളുടെയും രാജ്ഞി! സര്‍വ്വ വല്ലഭനായിരിക്കുന്ന കര്‍ത്താവിന്‍റെ അമ്മേ! സകല സൃഷ്ടികളിലും ഉത്തമസൃഷ്ടിയായ നാഥേ!സകല ആരാധനയ്ക്കും യോഗ്യമായ ഏകത്രീത്വത്തിന് ഏറ്റവും പ്രസാദിച്ച കന്യകയെ, അങ്ങേയ്ക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ മാസത്തിന്‍റെ അന്ത്യത്തില്‍ അങ്ങേപ്പക്കല്‍ നന്ദിയുള്ള മനസ്സോടുകൂടി ഞങ്ങളെ മുഴുവനും കാഴ്ച്ചവയ്ക്കുന്നതിനു ഞങ്ങള്‍ വരുന്നു. ഞങ്ങളാല്‍ കഴിയുംവണ്ണം എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളെ അങ്ങേയ്ക്ക് കാഴ്ചവയ്ക്കുന്നതിനും മോക്ഷവാസികളെല്ലാവരും ചെയ്തുവരുന്ന സ്തോത്രങ്ങള്‍ എല്ലാം കാണിക്കയായി അങ്ങേയ്ക്കു സമര്‍പ്പിക്കുന്നതിനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങേ സിംഹാസനത്തിന്‍‍ പക്കല്‍ സാഷ്ടാംഗം വീണ് ഞങ്ങളെ കാക്കുന്ന ദൈവദൂതന്‍മാരുടെയും എല്ലാ മോക്ഷവാസികളുടെയും സമക്ഷത്തില്‍ ഏറ്റവും വണക്കത്തോടും തീക്ഷ്ണമായ സ്നേഹത്തോടും കൂടി അങ്ങയെ ഞങ്ങള്‍ രാജ്ഞിയായും നാഥയായും സങ്കേതമായും മാതാവായും കരുതിക്കൊണ്ടു സ്ഥിരമായ മനസ്സോടും കറയറ്റ സ്നേഹത്തോടും കൂടെ ഞങ്ങളുടെ ശരീരത്തെയും ആത്മാവിനെയും അവയവങ്ങളെയും ശക്തികളെയും മറ്റു ഞങ്ങള്‍ക്കുള്ള സകലത്തെയും അങ്ങേയ്ക്കു ഞങ്ങള്‍ കാഴ്ച വയ്ക്കുന്നു. അങ്ങേയ്ക്കു യോഗ്യമായ വണക്കത്തെ പ്രസിദ്ധപ്പെടുത്തിയും അങ്ങേ ശത്രുക്കളോടെതിര്‍ത്തും ശേഷം പേരെ അങ്ങേപ്പക്കല്‍ ചേര്‍ത്തുകൊണ്ട് എല്ലാ ദിവസവും അങ്ങേ ഞങ്ങള്‍ സ്തുതിക്കുന്നതാണ്. ഇടവിടാതെ ഞങ്ങളെ നിരൂപിച്ചുകൊണ്ട് ഞങ്ങള്‍ക്കു വേണ്ട ഉപകാരങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുന്ന അങ്ങയെ മറക്കുന്നതെങ്ങനെ? പരിശുദ്ധ മറിയമേ! ഇന്നു തുടങ്ങി ഞങ്ങളുടെ മരണപര്യന്തം അങ്ങേ മക്കളായിട്ടും ശുശ്രൂഷകരായിട്ടും ദാസരായിട്ടും ഞങ്ങള്‍ ജീവിക്കുന്നുണ്ട്. അങ്ങേ ഭരണത്തിന്‍ കീഴില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്രയോ ഭാഗ്യം. കണ്ണുനീരിന്‍റെ ഉറവയായ ഈ സ്ഥലത്തില്‍ നിന്ന്‍ അങ്ങയെ നോക്കി പ്രലപിച്ചു കൊണ്ട് അങ്ങേ സഹായം പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന ആപത്തുകളെയും ഞങ്ങളുടെ ശത്രുക്കളുടെ ക്രൂരതയും തൃക്കണ്‍പാര്‍ക്കണമേ. ഞങ്ങളുടെ മേല്‍ അലിവായി ഞങ്ങള്‍ക്കുവേണ്ടി സര്‍വേശ്വരന്‍റെ പക്കല്‍ പ്രാര്‍ത്ഥിച്ച് ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ. സകല‍ നന്മകളും കൃപയും നിറഞ്ഞ മാതാവേ! അങ്ങേയ്ക്കു കാഴ്ചവയ്ക്കപ്പെട്ട ഞങ്ങളെ സഹായിച്ചു കാത്തുകൊള്ളണമേ. ഞങ്ങള്‍ക്കു വരാനിരിക്കുന്ന തിനമകളെ നീക്കി ഞങ്ങളുടെ ആത്മീയ ശത്രുക്കളെ പരാജയപ്പെടുത്തണമേ. ഞങ്ങളുടെ ബലഹീനത നീക്കി സ്ഥിരപ്പെടുത്തണമേ.ഈ ലോകത്തില്‍ ഞങ്ങള്‍ ജീവിച്ചിരിക്കും വരെയും ഞങ്ങളെ കൈവിടാതെ കൊടുങ്കാറ്റിന്‍റെ ആധിക്യത്തില്‍ ക്ഷോഭിച്ച സമുദ്രത്തെപ്പോലെയുള്ള ഈ ലോകത്തില്‍ ഞങ്ങളെ നാശം കൂടാതെ നടത്തി അങ്ങയോടുകൂടെ സകല ഭാഗ്യങ്ങളും പ്രാപിക്കുംവരെയും അമ്മേ! ഞങ്ങളെ കൈ വിടരുതേ. ആമ്മേനീശോ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-05-31 07:10:00
Keywords ദൈവമാതാവിന്റെ വണക്കമാസം
Created Date2016-05-29 14:22:49