category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കൊങ്കിണി കത്തോലിക്ക വിഭാഗത്തിന് ഒബിസി സര്‍ട്ടിഫിക്കറ്റിനായി നടപടി വേണമെന്ന് നിയമസഭയില്‍ ആവശ്യം
Contentകാസര്‍ഗോഡ്: ജില്ലയിലെ കൊങ്കിണി ഭാഷ സംസാരിക്കുന്ന കാത്തലിക് ക്രിസ്ത്യന്‍ വിഭാഗത്തിന് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ കൊങ്കിണി ലത്തീന്‍ കത്തോലിക്ക എന്ന പേരില്‍ ഒരു പ്രത്യേക സമുദായത്തെ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഭാഷയുടെയോ രൂപതയുടെയോ പേരില്‍ ഒരു വിഭാഗത്തിനും ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ പാടില്ലെന്നും അപേക്ഷകര്‍ ഹാജരാക്കുന്ന രേഖകളുടെയും വില്ലേജ് ഓഫീസര്‍മാര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ അവര്‍ ലത്തീന്‍ കത്തോലിക്ക വിശ്വാസികളാണെന്ന് റവന്യൂ അധികൃതര്‍ക്ക് ബോധ്യപ്പെടുന്നപക്ഷം ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും പിന്നോക്കക്ഷേമ മന്ത്രിക്കു വേണ്ടി മറുപടി നല്‍കിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിലെ കൊങ്കിണി സംസാരിക്കുന്ന ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് റവന്യൂ അധികാരികള്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന വിഷയത്തില്‍ രാജു സ്റ്റീഫന്‍ ഡിസൂസ, വിനോദ് ക്രാസ്റ്റ, ഷിനി ഡിസൂസ എന്നിവര്‍ 2018 ല്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മേല്‍പറഞ്ഞ നിലപാട് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കമ്മീഷന്‍ അന്തിമതീരുമാനം കൈക്കൊള്ളുന്ന മുറയ്ക്ക് സര്‍ക്കാര്‍ മേല്‍നടപടികള്‍ സ്വീകരിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ പ്രകാരം 1947 നു മുന്പ് ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍ ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമാണ് സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളത്. ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന വ്യക്തിയും അയാളുടെ പിതാവും ലത്തീന്‍ കത്തോലിക്ക സമുദായാംഗങ്ങളാണെന്ന് ബന്ധപ്പെട്ട ബിഷപ്പുമാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ അതുംകൂടി റവന്യൂ അധികാരികള്‍ പരിഗണിക്കേണ്ടതാണെന്ന് 2012 ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്പ് ഇന്നത്തെ കര്‍ണാടകയിലെയും ഗോവയിലെയും പ്രദേശങ്ങളില്‍ നിന്ന് ഇവിടെയെത്തിയവരുടെ പിന്മുറക്കാരാണ് കാസര്‍ഗോഡ് മഞ്ചേശ്വരം താലൂക്കുകളിലെ കൊങ്കിണി ലത്തീന്‍ കത്തോലിക്ക വിശ്വാസികളെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഭാഷയുടെയും ഉപജാതിയുടെയും സാങ്കേതികത്വങ്ങളുടെ പേരില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഇവരെ മാറ്റിനിര്‍ത്തുന്ന സമീപനമാണ് റവന്യൂ അധികാരികള്‍ കൈക്കൊള്ളുന്നത്. ഒബിസി വിഭാഗത്തിനുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. മംഗളൂരു രൂപത രൂപീകൃതമാകുന്നതിനു മുന്പ് ഇന്നത്തെ കേരളത്തിലെ വരാപ്പുഴ അതിരൂപതയുമായി നേരിട്ടു ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് കാസര്‍ഗോഡ് മേഖലയിലെ കൊങ്കിണി കത്തോലിക്ക വിശ്വാസികളെന്ന് സംവരണാനുകൂല്യം നിഷേധിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത രാജു സ്റ്റീഫന്‍ പറഞ്ഞു. ലത്തീന്‍ കത്തോലിക്കരെന്ന ആനുകൂല്യം തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്‌പോള്‍ സംവരണാനുകൂല്യം കൈപ്പറ്റി ഈ മേഖലയിലെ അധ്യാപക തസ്തികകളിലുള്‍പ്പെടെ ഭാഷയറിയാത്ത മറ്റു ജില്ലക്കാര്‍ കടന്നുകയറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-23 06:58:00
Keywordsകൊങ്കിണി
Created Date2021-01-23 06:58:39