Content | ലണ്ടന്‍: സമാധാനവും സ്വസ്ഥതയും ഉണ്ടാകാന്‍ ഇസ്രയേൽ പലസ്തീൻ അധികാരികൾ നേരിട്ട് പോംവഴികൾ ആരായണമെന്ന ആവർത്തിച്ച് ക്രിസ്ത്യന്‍ നേതൃത്വം. ഇംഗ്ലണ്ടിലേയും വെയിൽസിലേയും മെത്രാന്മാർ ചേർന്ന് രൂപപ്പെടുത്തിയ ഹോളിലാൻഡ് കോർഡിനേഷൻ ഗ്രൂപ്പാണ് പ്രസ്തുത ആവശ്യം ആവര്‍ത്തിച്ചത്. യൂറോപ്പിലേയും അമേരിക്കയിലേയും മെത്രാന്മാർ ഉൾപ്പെടുന്ന സംഘത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു മെത്രാനുമുണ്ട്. കോവിഡ് 19 വാക്സിൻ ഇസ്രായേല്‍, പലസ്തീനികൾക്കും ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മേഖലയിൽ പ്രാർത്ഥനയ്ക്കും ബോധവത്ക്കരണത്തിനും സമാധാന പ്രവർത്തനങ്ങൾക്കുമായി 2000 മുതൽ എല്ലാ വർഷവും സമിതി വിശുദ്ധ നാട്ടിലേക്ക് യാത്ര നടത്താറുണ്ട്.
മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 ജനുവരിയിലെ കൂടിക്കാഴ്ച ഓൺലൈനായിട്ടായിരുന്നു സംഘടിപ്പിച്ചത്. ചെറിയ സമൂഹമാണെങ്കിലും ക്രൈസ്തവർ സാമൂഹിക ഐക്യം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും നല്ല ഭാവിയെക്കുറിച്ചുള്ള പ്രത്യാശ പങ്കുവയ്ക്കുവാന്‍ അവർക്കു കഴിയുന്നുവെന്നും ജനുവരി 22നു പ്രതിനിധി സംഘം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ആഗോള ക്രൈസ്തവര്‍ക്ക് വീണ്ടും വിശുദ്ധ നാട്ടിലേക്ക് തീർത്ഥയാത്ര നടത്തുവാനും ഇക്കാര്യങ്ങൾ നേരിട്ട് കാണുവാനും, വേണ്ട പിന്തുണ നൽകുവാനും എത്രയും വേഗം കഴിയട്ടെ. അതുവരെ സാധിക്കുന്ന സഹായങ്ങൾ ചെയ്യുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും സമൂഹങ്ങളോട് തങ്ങൾ ആഹ്വാനം ചെയ്യുന്നുവെന്നും ഹോളിലാൻഡ് കോർഡിനേഷൻ ഗ്രൂപ്പ് പ്രസ്താവിച്ചു.
തീർത്ഥാടകരുടെ അഭാവം വിശുദ്ധ നാട്ടിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമാക്കിയെന്നു കമ്മിറ്റി വിലയിരുത്തി. അവസാനിക്കാത്ത രാഷ്ട്രീയ സംഘട്ടനങ്ങളും അടുത്ത കാലത്തൊന്നുമുണ്ടാകാത്ത വിധം കാര്യങ്ങൾ വഷളാക്കിയിരിക്കുകയാണെന്നും സംഘം നിരീക്ഷിച്ചു. അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ അന്താരാഷ്ട്ര സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് ഡേവിഡ് മല്ലോയ് അടക്കമുള്ള പ്രമുഖരും പ്രതിനിധി സംഘത്തിൽ അംഗങ്ങളാണ്. 2020 ജനുവരിയിൽ നടത്തിയ തീര്‍ത്ഥാടനത്തില്‍ മെത്രാന്മാർ ഗാസയിലും, കിഴക്കൻ ജുസലേമിലും റാമള്ളയിലുമുള്ള ക്രൈസ്തവരെ സന്ദർശിച്ചിരുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |