Content | അബൂജ: നൈജീരിയയിലെ അബൂജയിലുള്ള അനാഥാലയത്തിൽ നിന്നും എട്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ പൗരൻമാർക്ക് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് അബൂജ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. ഇസ്ലാമിക തീവ്രവാദികൾ എന്ന് കരുതപ്പെടുന്ന ആളുകളാണ് അനാഥാലയത്തിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് കരുതപ്പെടുന്നു. കുട്ടികളെ കൂടാതെ അനാഥാലയത്തിലെ ഏതാനം ജീവനക്കാരെയും തട്ടിക്കൊണ്ടുപോയതായി ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. പണം തന്നാൽ ബന്ധികളെ വെറുതെ വിടാമെന്ന് തട്ടിക്കൊണ്ടു പോയവർ വാഗ്ദാനം നൽകിയതായി പ്രാദേശിക നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യതലസ്ഥാനത്ത് പോലും ആരും സുരക്ഷിതരല്ല എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്ന് വത്തിക്കാൻ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഇഗ്നേഷ്യസ് കൈഗാമ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെയും, വൈദികരെയും, സന്യസ്തർ ഉൾപ്പെടെയുള്ളവരെയും തട്ടിക്കൊണ്ടു പോകുന്നത് രാജ്യത്ത് പതിവായിരിക്കുകയാണ്. ഒരു വൈദികൻ അടുത്തിടെ തട്ടിക്കൊണ്ടുപോയവരുടെ കൈയിൽ നിന്നും മോചിതനായെന്നും, എന്നാൽ എല്ലാ വൈദികരും മോചിതനായ വൈദികനെ പോലെ ഭാഗ്യമുളളവർ അല്ലെന്നും ഇഗ്നേഷ്യസ് കൈഗാമ അഭിപ്രായപ്പെട്ടു.
രാജ്യത്ത് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദി സംഘടനകളും പണത്തിനു വേണ്ടി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘടനകളും സജീവമാകുന്നുണ്ട്. തങ്ങൾ നിസ്സഹായർ ആണെന്നും, നേതാക്കന്മാർ അവരുടെ കർത്തവ്യം നിർവഹിക്കണമെന്നും, എന്നാൽ ഇപ്പോള്‍ അങ്ങനെയല്ല കാണുന്നതെന്നും ആർച്ച് ബിഷപ്പ് കൈഗാമ കൂട്ടിച്ചേർത്തു. രാജ്യത്തെ അക്രമസംഭവങ്ങൾ ഉടനെ തന്നെ അവസാനിക്കട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഇഗ്നേഷ്യസ് കൈഗാമ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|