Content | അസാധ്യ കാര്യങ്ങൾ ഈശോയിൽ നിന്നു വാങ്ങിത്തരാൻ പ്രത്യേക അവകാശമുള്ള മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. അസാധ്യ കാര്യങ്ങൾ ജീവിത വിശുദ്ധികൊണ്ടും ദൈവഹിതനുസരണ ജീവിതം കൊണ്ടും സാധ്യമാക്കിയ ജീവിതമായിരുന്നു യൗസേപ്പിതാവിൻ്റേത്. അസാധ്യ കാര്യങ്ങൾ ചെയ്യുന്നതിലും അവയെ വിജയത്തിലെത്തിക്കുന്നതിനും അവനു സവിശേഷമായ നൈപുണ്യമുണ്ടായിരുന്നു. സ്വർഗ്ഗം യൗസേപ്പിതാവിൻ്റെ സ്വന്തം തട്ടകമായതിനാൽ ഭൂമിയിലെ അസാധ്യതകളെ സാധ്യതകളാക്കാൻ ഈ പിതാവിനു ഏളുപ്പമാണ്. അതിനാലാണ് തിരുസഭയിലോ കുടുംബങ്ങളിലോ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ യൗസേപ്പിതാവിൻ്റെ മധ്യസ്ഥം തേടി ഓടിയണയുന്നത്. തിരുസഭയുടെയും കുടുംബങ്ങളുടെയും പ്രത്യേക മധ്യസ്ഥനായി യൗസേപ്പിതാവിനെ വണങ്ങുന്നതിൻ്റെയും ഒരു കാരണമിതാണ്.
അസാധ്യം എന്നു പറഞ്ഞ് നമ്മളും മറ്റുള്ളവരും എഴുതി തള്ളിയ നമ്മുടെ പല സ്വപ്നങ്ങൾക്കു പോലും യൗസേപ്പിതാവിൻ്റെ പക്കൽ എത്തുമ്പോൾ ചിറകുമുളയ്ക്കും. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ഈശോയുടെ വളർത്തു പിതാവിൻ്റെ പക്കൽ നമ്മളെ അലട്ടുന്ന ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്. "യൗസേപ്പിതാവിൻ്റെ പക്കൽ അത്യധികം ആത്മവിശ്വാസത്തോടെ പോയ് കൊള്ളുക, കാരണം ഞാൻ അപേക്ഷിച്ച എന്തെങ്കിലും അവൻ ഉടൻ തന്നെ സാധിച്ചു തരാത്തതായി എനിക്ക് ഓർമ്മയില്ല" എന്ന വിശുദ്ധ പാദ്രേ പിയോയുടെ വാക്കുകൾ മറക്കാതെ സൂക്ഷിക്കാം.
|