Content | യൗസേപ്പിതാവും, മാതാവും ഉണ്ണി യേശുവിനെ ദൈവാലയത്തിൽ സമർപ്പിച്ച ഈശോയുടെ സമർപ്പണ തിരുനാൾ ദിനത്തിലാണ് (ഫെബ്രുവരി 2) സഭ സമർപ്പിതർക്കു വേണ്ടി പ്രാർത്ഥിക്കാൻ പ്രത്യേകം മാറ്റി വച്ചിരിക്കുന്ന ദിവസം. യേശുവിനെ തിരിച്ചറിയാനുള്ള കഴിവും, ജീവിതത്തില്‍ പ്രധാനപ്പെട്ടതെന്തെന്ന് കാണാനുള്ള കഴിവുമാണ് സമര്‍പ്പിത ജീവിതത്തിന്‍റെ ഹൃദയമെന്നാണ് ഫ്രാൻസീസ് പാപ്പയുടെ പ്രബോധനം. ദൈവപുത്രനെയും അവൻ്റെ ആഗ്രഹങ്ങളെയും തിരിച്ചറിയുകയും ജീവിതത്തിൽ പ്രധാനപ്പെട്ടതെന്താണന്ന് സദാ മനസ്സിലാക്കുകയും ചെയ്ത വിശുദ്ധ യൗസേപ്പല്ലാതെ ആരാണ് സമർപ്പിത ജീവിതത്തിൻ്റെ മദ്ധ്യസ്ഥനാകാൻ യോഗ്യതയുള്ളത്.
ഈശോയെ സവിശേഷമായി അനുഗമിക്കാനുള്ള വിളിയാണല്ലോ സമർപ്പണ ജീവിതത്തിലേക്കുള്ള വിളി. ഈശോയെ അനുഗമിക്കുക എന്നാൽ ഈശോ പോയിടത്തു പോകുകയും അവിടുന്നു ചെയ്തതെല്ലാം ചെയ്യുകയും എന്നതാണ്. ഈ ഭൂമിയിൽ ദൈവപുത്രൻ്റെ കാൽച്ചുവടുകളെ ആദ്യം അനുഗമിച്ച യൗസേപ്പല്ലേ ഈശോയെ അനുഗമിക്കുമ്പോൾ സമർപ്പിതർക്ക് ശക്തി പകരേണ്ടത്.
ദൈവത്തോടു അടുത്തു നിൽക്കുമ്പോഴാണ് സമർപ്പണ ജീവിതം ഫലം ചൂടുന്നത്. ദൈവത്തിൽ നിന്നു സമർപ്പിതർ അകലുമ്പോൾ, മനുഷ്യർ സമർപ്പിതരിൽ നിന്ന് ഓടിയൊളിക്കും. അവിടെ സമര്‍പ്പണജീവിതം ഫലം പുറപ്പെടുവിക്കുകയില്ല. ദൈവഹിതത്തിനു സ്വയം സമർപ്പിക്കപ്പെടുകയും ആ സമർപ്പണത്തിലൂടെ തിരുകുടുംബത്തിൻ്റെ സംരക്ഷകനാവുകയും ചെയ്ത യൗസേപ്പിതാവ് സമർപ്പണ ജീവിതത്തെ സംരക്ഷിക്കുന്ന ഏറ്റവും ശക്തനായ മദ്ധ്യസ്ഥനുമാണന്ന സത്യം ജോസഫ് വർഷത്തിൽ നിരന്തരം നിലനിർത്തണം. |