Content | ഹൃദയം സ്നേഹത്തിൻ്റെ ഏറ്റവും വലിയ പ്രതീകവും ഇരിപ്പിടവുമാണ്. അജ്ഞാതമായതു പലതും അവിടെ പ്രവേശിക്കും എന്നു ഭയമുള്ളതിനാൽ ഹൃദയം തുറന്നുകാട്ടാൻ നമ്മളിൽ പലരും ഭയപ്പെടുന്നു. എന്നിരുന്നാലും പ്രയോജനകരമെന്ന് നമുക്കറിയാവുന്ന കാര്യങ്ങളിലേക്ക് നാം ഹൃദയം തുറക്കാൻ നാം എന്തിനാണ് ഭയക്കുന്നത്.? തൻ്റെ ഹൃദയത്തിലേക്കുള്ള വാതിലുകൾ ദൈവത്തിനായും അതുവഴി സഹജീവികൾക്കായും വിശാലമായി തുറന്നു കൊടുത്ത സ്വതന്ത്രമായ വ്യക്തിത്വത്തിൻ്റെ ഉടമയാണ് ജോസഫ്.
ഹൃദയം തുറക്കാനായി ഒന്നാമതായി വേണ്ടത് ദൈവഹിതത്തിനു കീഴ്പെടാനുള്ള കൃപയാണ്. രണ്ടാമതായി ദൈവം തൻ്റെ അനന്ത കരുണയിൽ നമുക്കു നൽകിയ കൃപകളുടെ ഫലങ്ങളെ തിരിച്ചറിയുക, അതിനു നന്ദിയുള്ളവരായിക്കുക എന്നതാണ്. ഇപ്രകാരം ചെയ്തതിനാൽ യൗസേപ്പിതാവ് സർവ്വശക്തനു തൻ്റെ ഹൃദയത്തെ ജ്വലിപ്പിക്കാൻ അനുവാദം നൽകി, അതുവഴി സ്വർഗ്ഗത്തിനും ഭൂമിക്കും വിലപ്പെട്ട എല്ലാ കൃപകളും കാരുണ്യങ്ങളും ആ ഹൃദയത്തിൻ നിറഞ്ഞു തുളുമ്പി. ഈശോയുടെ തിരുഹൃദയത്തിൻ്റെയും മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെയും ഏറ്റവും നല്ല പങ്കാളിയായി സ്നേഹം നിറഞ്ഞ യൗസേപ്പിൻ്റെ ഹൃദയം മാറി.
"ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയുംചെയ്യും." (വെളിപാട് 3 : 19- 20) യൗസേപ്പ് ഹൃദയ വാതിൽ ദൈവത്തിനായി തുറന്നപ്പോൾ ഈശോയെയും മറിയത്തിനെയും അവനു ലഭിച്ചു. ദൈവഹിതത്തിലേക്ക് ഹൃദയം തുറക്കാൻ വിസമ്മതിക്കുമ്പോൾ ദൈവത്തിൻ്റെ ഈ ഭൂമിയിലെ ഏറ്റവും വലിയ നിധികളായ യേശുവിനെയും മറിയത്തെയും സ്വന്തമാക്കാനുള്ള സുവർണാവസരമാണ് നാം നഷ്ടമാക്കുന്നത്.
|